വിധിയെഴുതി പെനാൽട്ടി ഷൂട്ടൗട്ട്; യുണൈറ്റഡിനെ വീഴ്‌ത്തി വിയ്യാറയലിന് യൂറോപ്പ

By Web TeamFirst Published May 27, 2021, 7:42 AM IST
Highlights

വിയ്യാ റയൽ യൂറോപ്പ ലീഗ് ചാമ്പ്യന്മാർ. മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഷൂട്ടൗട്ടിൽ തോൽപിച്ചു. വിയ്യാറയലിന്‍റെ ആദ്യ പ്രധാന കിരീടം. 

ഗ്ദാൻസ്ക്: ആവേശപ്പോരാട്ടത്തിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് വിയ്യാറയലിന് യൂറോപ്പ ലീഗ് കിരീടം. പത്തിനെതിരെ 11 ഗോളിനായിരുന്നു വിയ്യാറയലിന്റെ ജയം. നിശ്ചിതസമയത്തും അധികസമയത്തും ഇരു ടീമും ഓരോ ഗോൾ വീതം നേടിയപ്പോഴാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. 

കോച്ച് ഒലേ സോൾഷെയറിന് കീഴിൽ സീസണിലെ അവസാന അവസരം കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന് കിരീട വരൾച്ച അവസാനിപ്പിക്കാനായില്ല. പ്രീമിയർ ലീഗിന് പിന്നാലെ യൂറോപ്പാ ലീഗിലും റണ്ണേഴ്സ് അപ്പ് എന്ന നിലയിൽ യുണൈറ്റഡ് മുട്ടുമുടക്കി. കപ്പിനും യുണൈറ്റഡിനും ഇടയിൽ വീണ്ടും വഴിമുടക്കിയായി ഒരു സ്‌പാനിഷ് ക്ലബ്ബ്. 

തന്ത്രങ്ങളുടെ ആശാനായ ആഴ്സണൽ മുൻ കോച്ച് ഉനായ് എംറിയുടെ കീഴിലിറങ്ങിയ വിയ്യാറയല്‍ സ്വന്തമാക്കിയത് ആവേശ ജയം. എംറിക്ക് നാലാം യൂറോപ്പ കിരീടമാണിത്. 29-ാം മിനുറ്റിൽ ലാ ലീഗയിലെ ഗോൾവേട്ടക്കാരിൽ രണ്ടാമനായ ജെറാർഡ് മൊറേനോയിലൂടെ മുന്നിലെത്തിയ വിയ്യാറയൽ പുറത്തെടുത്തത് മികച്ച കളി.

രണ്ടാംപകുതിയിൽ കവാനിയിലൂടെ ഗോൾ മടക്കിയപ്പോൾ യുണൈറ്റഡിന്റെ ആരാധകരും ആവേശത്തിലായി. പിന്നീട് കളിക്കളത്തിൽ കണ്ടത് മികച്ച മുന്നേറ്റങ്ങൾ. നിശ്ചിത സമയത്ത് ഇരു കൂട്ടരും ഒപ്പത്തിനൊപ്പമവസാനിപ്പിച്ചപ്പോൾ ഇഞ്ചുറിടൈമും കടന്ന് കളി പെനാൽട്ടി ഷൂട്ടൗട്ടിലേക്ക്. വാശിയേറിയ പോരാട്ടത്തിൽ അവസാന കിക്കെടുത്ത യുണൈറ്റഡ് ഗോളി ഡേവിഡ് ഡീ ഹിയക്ക് പിഴച്ചു.

ചരിത്രത്തിലെ ആദ്യ പ്രധാന കിരീട നേട്ടവുമായി എംറിയുടെ കുട്ടികൾ തുള്ളിച്ചാടുമ്പോൾ തലകുനിച്ചു യുണൈറ്റഡ് മടങ്ങി. കിരീടത്തിനായുള്ള അവരുടെ കാത്തിരിപ്പ് ഇനിയും നീളും. 

കോപ അമേരിക്ക അര്‍ജന്റീനയിലും നടന്നേക്കില്ല; പുതിയ വേദിയെ കുറിച്ച് കൊളംബിയന്‍ റേഡിയോ പറയുന്നതിങ്ങനെ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!