യൂറോപ്യൻ സൂപ്പർ ലീഗിനെ പൂട്ടാന്‍ യുവേഫ; ചാമ്പ്യന്‍സ് ലീഗ് ഉടച്ചുവാര്‍ക്കുന്നു

By Web TeamFirst Published Feb 20, 2021, 11:22 AM IST
Highlights

വമ്പൻ ക്ലബുകളുടെ പിന്തുണയോടെ തുടങ്ങാനിക്കുന്ന യൂറോപ്യൻ സൂപ്പർ ലീഗ് ഉയർത്തുന്ന വെല്ലുവിളി മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവേഫ ചാമ്പ്യൻസ് ലീഗ് ഉടച്ചുവാർക്കുന്നത്. 

നിയോണ്‍: ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ അടിമുടി മാറ്റങ്ങൾക്കൊരുങ്ങി യുവേഫ. 2024 മുതൽ പുതിയ രീതിയിൽ ചാമ്പ്യൻസ് ലീഗ് നടത്താനാണ് യുവേഫയുടെ നീക്കം.

വമ്പൻ ക്ലബുകളുടെ പിന്തുണയോടെ തുടങ്ങാനിക്കുന്ന യൂറോപ്യൻ സൂപ്പർ ലീഗ് ഉയർത്തുന്ന വെല്ലുവിളി മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവേഫ ചാമ്പ്യൻസ് ലീഗ് ഉടച്ചുവാർക്കുന്നത്. നിലവിലെ 32 ടീമുകൾക്ക് പകരം 36 ടീമുകളാവും ചാമ്പ്യൻസ് ലീഗിൽ 2024 മുതൽ മാറ്റുരയ്ക്കുക. യുവേഫ റാങ്കിംഗിൽ ഉയർന്ന നിലയിലായിട്ടും മുൻനിരയിലെത്താത്ത രണ്ടു ടീമുകളും ഫ്രഞ്ച് ലീഗിലെ ഒരു ടീമും ചാമ്പ്യൻസ് ലീഗിൽ പ്രാതിനിധ്യമില്ലാത്ത ലീഗിലെ ഒരു ടീമും അധികമായി എത്തും. 

'താരങ്ങളെ വിലക്കും'; യൂറോപ്യൻ സൂപ്പർ ലീഗിന് താക്കീതുമായി ഫിഫ

സെപ്റ്റംബർ മുതൽ ജനുവരി വരെയാണ് ചാമ്പ്യൻസ് ലീഗിന്റെ ആദ്യ ഘട്ടം. ഇതിൽ ഓരോ ടീമും 10 വ്യത്യസ്‌ത എതിരാളികൾക്കെതിരെ കളിക്കും. ആദ്യ എട്ട് സ്ഥാനത്ത് എത്തുന്നവർ നേരിട്ട് പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടും. ബാക്കിയുള്ള എട്ട് ടീമുകളെ പ്ലേ ഓഫിലൂടെയാണ് കണ്ടെത്തുക. പോയിന്റ് പട്ടികയിൽ ഒൻപത് മുതൽ 24 വരെ സ്ഥാനങ്ങളിലുള്ളവരാണ് പ്ലേ ഓഫിൽ മത്സരിക്കുക. നിലവിലെപ്പോലെ ചൊവ്വ, ബുധൻ ദിവസങ്ങളിലാവും മത്സരങ്ങൾ. ഇതോടൊപ്പം നാല് വ്യാഴാഴ്ചകളിലും കളിയുണ്ടാവും.

മത്സരങ്ങളുടെ എണ്ണം ഇരട്ടിയാവുന്നതോടെ ക്ലബുകളുടെ വരുമാനത്തിലും വലിയ മാറ്റമുണ്ടാവുമെന്നാണ് യുവേഫയുടെ പ്രതീക്ഷ. ഇതിലൂടെ യൂറോപ്യൻ സൂപ്പർ ലീഗിനെ ചെറുക്കാമെന്നും യുവേഫ പ്രതീക്ഷിക്കുന്നു. യുവേഫയുടെ അംഗീകാരമില്ലാത്ത ടൂർണമെന്റിൽ കളിക്കുന്ന താരങ്ങളെ ലോകകപ്പ് ഉൾപ്പടെയുള്ള ടൂർണമെന്റിൽ നിന്ന് വിലക്കുമെന്ന് ഫിഫ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഐഎസ്എല്‍: ജംഷഡ്‌പൂരിന്‍റെ ഭാവി ഇന്നറിയാം; എതിരാളികള്‍ മുംബൈ സിറ്റി

click me!