പ്രതിരോധ നിരയിലെ കരുത്തന്മാർക്കും പനി; ഫ്രാൻസ് ടീം വലിയ പ്രതിസന്ധിയിൽ, ആശങ്കയോടെ ആരാധകർ

By Web TeamFirst Published Dec 16, 2022, 8:19 PM IST
Highlights

സ്റ്റേഡിയങ്ങൾ, ഹോട്ടലുകൾ, പരിശീലന സൗകര്യങ്ങൾ എന്നിവയിലെ എയർ കണ്ടീഷനിംഗ് ആണ് വൈറസ് പടരാനുള്ള കാരണമായി ചിലർ പറയുന്നത്. നേരത്തെ, തൊണ്ട വേദനയും ചുമയും ബാധിച്ചതായി ബ്രസീൽ ഉൾപ്പെടെയുള്ള ടീമുകൾ പരാതിപ്പെട്ടിരുന്നു

ദോഹ: ലോകകപ്പ് ഫൈനൽ പോരാട്ടത്തിന് തയാറെടുക്കുന്നതിനിടെ ഫ്രാൻസ് ടീമിൽ കൂടുതൽ പേർക്ക് പനി ബാധിച്ചതായി റിപ്പോർട്ട്. ഏറ്റുവുമൊടുവിൽ പ്രതിരോധ നിര താരങ്ങളായ റാഫേൽ വരാനെയ്ക്കും ഇബ്രാഹിമ കൊനാറ്റയ്ക്കുമാണ് പനി ബാധിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തെ മധ്യനിരതാരം അഡ്രിയൻ റാബിയോട്ട്, പ്രതിരോധനിര താരം ഡാലോട്ട് ഉപമെക്കാനോ, മുന്നേറ്റ നിര താരം കിം​ഗ്‍സലി കോമാൻ എന്നിവർക്കും വൈറസ് ബാധിച്ചിരുന്നു.

ഇവർക്ക് മൂന്ന് പേർക്കും മൊറോക്കോയ്ക്കെതിരെയുള്ള സെമി ഫൈനൽ നഷ്ടമായിരുന്നു. ഉപമെക്കാനോയുടെ അഭാവത്തിലാണ് കൊനാറ്റ വരാനെയ്ക്കൊപ്പം പ്രതിരോധത്തിൽ ഇറങ്ങിയത്. ഇരുവരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പ്രതിരോധ നിരയിലെ പ്രധാന മൂന്ന് താരങ്ങൾക്കും പനി ബാധിച്ചത് ഫ്രാൻസ് സംഘത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. വൈറസിന്റെ വ്യാപനം തടയാൻ സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള നടപടികൾ ഫ്രാൻസ് ക്യാമ്പിൽ നടപ്പിലാക്കിയിട്ടുണ്ട്.

സ്റ്റേഡിയങ്ങൾ, ഹോട്ടലുകൾ, പരിശീലന സൗകര്യങ്ങൾ എന്നിവയിലെ എയർ കണ്ടീഷനിംഗ് ആണ് വൈറസ് പടരാനുള്ള കാരണമായി ചിലർ പറയുന്നത്. നേരത്തെ, തൊണ്ട വേദനയും ചുമയും ബാധിച്ചതായി ബ്രസീൽ ഉൾപ്പെടെയുള്ള ടീമുകൾ പരാതിപ്പെട്ടിരുന്നു. പനി ബാധിച്ച താരങ്ങളെ നിലവിൽ ഐസോലേറ്റ് ചെയ്തിരിക്കുകയാണ്. മറ്റ് ടീം അം​ഗങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെടാൻ അനുവദിച്ചിട്ടില്ല. പക്ഷേ, അഞ്ച് താരങ്ങൾക്ക് ഇതിനകം ബാധിച്ചത് ടീമിലെ ആശങ്കപ്പെടുത്തുന്നുണ്ട്.

അതേസമയം, ലിയോണൽ മെസിക്ക് പരിക്കേറ്റതായുള്ള വാർത്തകൾ അർജന്റീന ആരാധകരെയും ആശങ്കപ്പെടുത്തിയിരുന്നു. ക്രൊയേഷ്യക്കെതിരായ സെമിയില്‍ മെസിക്ക് ഹാംസ്‌ട്രിങ് പരിക്കേറ്റെന്നും വ്യാഴാഴ്‌ച ടീമിനൊപ്പം പരിശീലനം നടത്തിയില്ലെന്നും ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതായി ഇന്‍സൈഡ് സ്പോര്‍ടിന്‍റെ വാര്‍ത്തയില്‍ പറയുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ അര്‍ജന്‍റീനന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല. അതേസമയം മെസിയുടെ പരിക്ക് സാരമുള്ളതല്ലെന്നും ഫൈനലിന് ഇറങ്ങുമെന്നും അര്‍ജന്‍റീനന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളുണ്ട്. ചില താരങ്ങള്‍ക്ക് വിശ്രമം നല്‍കിയതാണ് എന്നാണ് വിശദീകരണം. ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ മെസി തുടയിലെ പേശികളില്‍ അമര്‍ത്തിപ്പിടിക്കുന്നത് പല തവണ കാണാമായിരുന്നു. 

click me!