
ഇസ്താംബൂള്‍: ടര്‍ക്കിഷ് സൂപ്പര്‍ ലീഗിനിടെ റഫറിക്ക് മര്‍ദനം. ക്ലബ് പ്രസിഡന്റാണ് ഗ്രൗണ്ടിലേക്ക് ഓടിയെത്തി റഫറിയുടെ മുഖമിടിച്ച് പൊളിച്ചത്. പിന്നാലെ ലീഗ് ഒന്നടങ്കം നിര്‍ത്തിവയ്ക്കാന്‍ ടര്‍ക്കിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ ഉത്തരവിട്ടു. ടര്‍ക്കിഷ് സൂപ്പര്‍ ലീഗിലെ അങ്കാറഗുച്ചു - റിസെസ്‌പോര്‍ മത്സരത്തിനിടെയാണ് അങ്ങേയറ്റം നാടകീയമായ രംഗങ്ങള്‍.
ഫൈനല്‍ വിസില്‍ മുഴക്കിയതിന് പിന്നാലെ ഗ്രൗണ്ടിലേക്ക് ഓടിയേത്തിയ അങ്കാറാഗുച്ചു ക്ലബ് പ്രസിഡന്റ് ഫാറുക്ക് കോക്ക, റഫറി ഹലീല് ഉമുത് മെലോറിന്റെ മുഖത്ത് ഇടിക്കുകയായിരുന്നു. നിലത്ത് വീണ റഫറിയെ തൊഴിച്ചു. ഗ്യാലറിയില്‍ ഓടിയെത്തിയ ആരാധകരും റഫറിയെ ആക്രമിച്ചു.
97ആം മിനിറ്റില്‍ അന്‍കരാഗുച്ചുവിനെതിരെ ഗോള്‍ മടങ്ങി റിസെസ്‌പോര്‍ സമനില പിടിച്ചിരുന്നു. ഇഞ്ച്വറി ടൈമില്‍ അധികം സമയം അനുവദിച്ചതാണ് ക്ലബ് പ്രസിഡന്റിനെ പ്രകോപിപ്പിച്ചത്. റഫറി മെലോര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വീഡിയോ കാണാം...
സംഭവത്തിന് പിന്നാലെ ടര്‍ക്കിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ ലീഗ് നിര്‍ത്തിവച്ചു. അന്‍ക്കരാഗുച്ചു ക്ലബിനും പ്രസിഡന്റിനും, ആരാധകര്‍ക്കുമെതിരെ സാധ്യതമായ ഏറ്റവും വലിയ ശിക്ഷ നല്‍കുമെന്നും ഫെഡറേഷന്‍ പ്രസിഡന്റ് പറയുന്നു.
ലീഗില്‍ അങ്കാറാഗുച്ചു പതിനൊന്നാം സ്ഥാനത്താണ്. റിസെസ്‌പോര്‍ എട്ടാമതും. 15 മത്സരങ്ങളില്‍ 40 പോയിന്റുള്ള ഫെനര്‍ബാഷെയാണ് ലീഗില്‍ ഒന്നാമത്. ഇത്രയും തന്നെ പോയിന്റ് സ്വന്തമാക്കിയ ഗലത്സരെ രണ്ടാമത്.