
ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്‌സിയുടെ ഹോംഗ്രൗണ്ടായ കണ്ഠീരവ സ്‌റ്റേഡിയം മഞ്ഞക്കടലാക്കി കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍. മത്സരം ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടുവെങ്കിലും ആവേശത്തിന് കുറവൊന്നും ഉണ്ടായിരുന്നില്ല. സ്റ്റേഡിയം മുഴുവന്‍ മഞ്ഞജേഴ്‌സിയില്‍ നിറഞ്ഞു. ശരിക്കും ബാസ്റ്റേഴ്‌സിന്റെ ഹോംഗ്രൗണ്ടായ കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തില്‍ മത്സരം നടക്കുന്നത് പോലെ. ഈ സീസണില്‍ ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടില്‍ ഏറ്റവും കൂടുതല്‍ കാണികളെ കിട്ടിയ മത്സരം കൂടിയായിരുന്നു ഇന്നലത്തേത്. 28001 പേരാണ് തിങ്ങിനിറഞ്ഞിരുന്നത്.
ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ തിങ്ങിനിറഞ്ഞ കണ്ഠീരവ സ്‌റ്റേഡിയത്തില്‍ നിന്നുള്ള വീഡിയോ സോഷ്യല്‍ മീഡയയില്‍ വൈറലായിരുന്നു. ബംഗളൂരു എഫ്‌സി ആരാധകരേക്കാളും ബ്ലാസ്റ്റേഴ്‌സ് ഫാന്‍സാണ് സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തം. 70 ശതമാനം കാണികളും ബ്ലാസ്റ്റേഴ്‌സിന്റെതായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കണഠീരവ സ്റ്റേഡിയത്തില്‍ ഈ സീസണില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ആരാധകര്‍ വന്നത് ബംഗളൂരു- നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരത്തിനാണ്. 19,379 പേരാണ് മത്സരം കാണാനുണ്ടായിരുന്നത്. ഈസ്റ്റ് ബംഗാളിനെതിരായ മത്സരം കണ്ടത് 12,817 പേര്‍.
എന്നാല്‍ ബംഗളൂരുവിന്റെ ഹോംഗ്രൗണ്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന് ഇതുവരെ ജയിക്കാനായിട്ടില്ല. നിര്‍ണായക മത്സരത്തില്‍ 1-0ത്തിനായിരുന്നു മഞ്ഞപ്പടെയുടെ തോല്‍വി. ആദ്യപകുതിയില്‍ റോയ് കൃഷ്ണ നേടിയ ഗോളിലാണ് ബിഎഫ്സിയുടെ വിജയം. സീസണില്‍ ബംഗളൂരുവിന്റെ തുടര്‍ച്ചയായ ആറാം ജയമാണിത്. ജയിച്ചിരുന്നേല്‍ മഞ്ഞപ്പടയ്ക്ക് പ്ലേ ഓഫിലെത്താമായിരുന്നു. നിര്‍ണായക മത്സരത്തിന്റെ ആദ്യപകുതിയില്‍ 32-ാം മിനുറ്റില്‍ നേടിയ മുന്‍തൂക്കം നിലനിര്‍ത്തുകയായിരുന്നു സ്വന്തം തട്ടകത്തില്‍ ബംഗളൂരു എഫ്സി.
ഹാവി ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ റോയ് കൃഷ്ണ സ്‌കോര്‍ ചെയ്തതോടെ ആദ്യപകുതി ബംഗളൂരുവിന്റെ മുന്‍തൂക്കത്തോടെ അവസാനിച്ചു. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ വിടവിലൂടെയായിരുന്നു റോയ് കൃഷ്ണയുടെ വിജയ ഗോള്‍. മറുവശത്ത് സഹല്‍ അബ്ദുല്‍ സമദ് ഉള്‍പ്പടെയുള്ള താരങ്ങള്‍ ഇരുപകുതിയിലും വലചലിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 73-ാം മിനുറ്റില്‍ കെ പി രാഹുലിനെയും 82-ാം മിനുറ്റില്‍ സഹല്‍ അബ്ദുല്‍ സമദിനേയും പിന്‍വലിച്ച് പകരക്കാരന്‍ വന്നിട്ടും പ്രയോജനമുണ്ടായില്ല.