മെസ്സിയോ റൊണാള്‍ഡോയോ, ആരാണ് ശരിക്കും 'ഗോട്ട്'; തുറന്നുപറഞ്ഞ് കക്ക

By Web TeamFirst Published Apr 4, 2020, 4:02 PM IST
Highlights

മാനസികമായും കരുത്തനാണ് റൊണാള്‍ഡോ. ജയിക്കാനായി മാത്രം കളിക്കുന്നവന്‍. എല്ലായ്പ്പോഴും ഏറ്റവും മികച്ചവന്‍ ആവാന്‍ ശ്രമിക്കുന്നവന്‍. ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും മികച്ച ആദ്യ അഞ്ചുപേരില്‍ ഇവര്‍ രണ്ടുപേരുമുണ്ടാകും

മാഡ്രിഡ്: ഫുട്ബോളിലെ എക്കാലത്തെയും മികച്ച രണ്ട് താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലിയോണല്‍ മെസ്സിയും. അതുകൊണ്ടുതന്നെ ആരാണ് ഗോട്ട്(Greatest of All Time) എന്ന ചോദ്യം ഫുട്ബോള്‍ ആരാധകര്‍ക്കിടയില്‍ എന്നും ചര്‍ച്ചാവിഷയമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം തുറന്നുപറയുകയാണ് ബ്രസീല്‍ ഫുട്ബോള്‍ താരവും റയലില്‍ റൊണാള്‍ഡോയുടെ സഹതാരവുമായിരുന്ന കക്ക.

റൊണാള്‍ഡോയേക്കാള്‍ മികച്ചവന്‍ മെസ്സി തന്നെയാണെന്നാണ് കക്ക പറയുന്നത്. ഞാന്‍ റൊണാള്‍ഡോയ്ക്കൊപ്പം കളിച്ചിട്ടുണ്ട്. അസാമാന്യ പ്രതിഭയാണ് അദ്ദേഹം. പക്ഷെ എന്റെ അഭിപ്രായത്തില്‍ മെസ്സിയാണ് ഏറ്റവും മികച്ചവന്‍. കാരണം ഒരു പ്രതിഭാസമാണ് മെസ്സി. സ്വാഭാവിക പ്രതിഭ. അയാളുടെ കളി അവിശ്വസനീയമാണ്.  റൊണാള്‍ഡോ ഒരു യന്ത്രം പോലെയാണ്. ശക്തിയും വേഗതയുമുള്ള കരുത്തുറ്റൊരു യന്ത്രം‍.

മാനസികമായും കരുത്തനാണ് റൊണാള്‍ഡോ. ജയിക്കാനായി മാത്രം കളിക്കുന്നവന്‍. എല്ലായ്പ്പോഴും ഏറ്റവും മികച്ചവന്‍ ആവാന്‍ ശ്രമിക്കുന്നവന്‍. ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ആദ്യ അഞ്ചുപേരില്‍ ഇവര്‍ രണ്ടുപേരുമുണ്ടാകും. രണ്ടുപേരും കളിക്കുന്നത് ഒരുമിച്ച് കാണാനാകുന്നു എന്നത് തന്നെ നമ്മുടെയൊക്കെ ഭാഗ്യമാണ്-കക്ക പറഞ്ഞു.

ഏറ്റവും മികച്ച ഫുട്ബോളര്‍ക്കുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരം മെസ്സി ആറ് തവണ നേടിയപ്പോള്‍ അഞ്ച് തവണ ഈ പുരസ്കാരം റൊണാള്‍ഡോ സ്വന്തമാക്കി. കഴിഞ്ഞ ഒരു ദശകത്തിനിടെ ഒരു തവണ മാത്രമെ ഇരുവരുമല്ലാത്ത ഒരു താരം ഫിഫ ദ് ബെസ്റ്റ് പുരക്സാരം സ്വന്തമാക്കിയിട്ടുള്ളു. ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലില്‍ എത്തിച്ച ലൂക്ക മോഡ്രിച്ച് മാത്രം.

click me!