Latest Videos

കഴിഞ്ഞത് സാംപിള്‍, വരാനിരിക്കുന്നത് ശരിയായ പൂരം; ദൗത്യം പൂര്‍ത്തിയാക്കാന്‍ പെപ് ഗാർഡിയോള

By Web TeamFirst Published May 13, 2021, 10:55 AM IST
Highlights

കഴിഞ്ഞ ദിവസം ലെസ്റ്റർ സിറ്റിക്ക് മുന്നിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വീണപ്പോൾ ആഘോഷം തുടങ്ങിയത് ഇത്തിഹാദിലായിരുന്നു. 

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീട നേട്ടം ഒരു സാംപിൾ വെടിക്കെട്ടായിട്ടാണ് മാഞ്ചസ്റ്റർ സിറ്റി ആരാധകർ കാണുന്നത്. നീലപ്പട ചാമ്പ്യൻസ് ലീഗ് കിരീടം സമ്മാനിച്ചാലേ പെപ് ഗാർഡിയോളയുടെ ദൗത്യം പൂർണമാവുകയുള്ളൂ.

കഴിഞ്ഞ ദിവസം ലെസ്റ്റർ സിറ്റിക്ക് മുന്നിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വീണപ്പോൾ ആഘോഷം തുടങ്ങിയത് ഇത്തിഹാദിലായിരുന്നു. ചിരവൈരികളായ യുണൈറ്റഡിന്റെ തോൽവിയും സിറ്റിയുടെ കിരീടധാരണവും ഒരേനിമിഷം വന്നത് യാദൃശ്ചികം. മൂന്ന് കളി ബാക്കിനിൽക്കെ 10 പോയിന്റ് ലീഡോടെയാണ് പ്രീമിയര്‍ ലീഗില്‍ സിറ്റി കിരീടം ചൂടിയത്.

ലിവർപൂളും യുണൈറ്റഡും ചെൽസിയും ആഴ്‌സണലും ഒക്കെ അടക്കിവാണിരുന്ന പ്രീമിയർ ലീഗ് കുറച്ച് കാലമായി സിറ്റിയുടെ വഴിയിലാണ്. അവസാന പത്ത് സീസണിൽ അഞ്ചിലും കിരീടം ഇത്തിഹാദിലെത്തി. 

2016ൽ പെപ് ഗാർഡിയോള പരിശീലകനായി എത്തിയപ്പോൾ ആരാധകർ പ്രതീക്ഷയുടെ കൊടുമുടിയിലെത്തി. ബാഴ്‌സയിലും ബയേണിലും പഠിപ്പിച്ച തന്ത്രങ്ങളേക്കാൾ കടുപ്പമാണ് ഇംഗ്ലണ്ടിലെന്ന് ആദ്യ രണ്ട് സീസണിൽ ഗാർ‍ഡിയോളയ്‌ക്ക് മനസിലായി. പ്രീമിയർ ലീഗിന്റെ വേഗത്തിനൊപ്പം തന്ത്രങ്ങൾ പുതുക്കിയപ്പോൾ 2018ലും 2019ലും കിരീടം ഗാർഡിയോളയുടെ സിറ്റിക്ക് സ്വന്തം. 100 പോയിന്റ് എന്ന ചരിത്ര നേട്ടവും സമ്മാനിച്ചു. കൈയ്യിലുള്ള വിഭവങ്ങളെ തുന്നിക്കൂട്ടി നെയ്‌തെടുത്ത വിജയങ്ങൾ.

ഇത്തവണത്തെ വിജയത്തിന് മധുരം അല്‍പം കൂടും. പരാജയത്തിന്റെ പടുകുഴിയിൽ നിന്ന് ഉയിർത്തെണീറ്റ വിജയം. 2008ന് ശേഷമുള്ള ഏറ്റവും മോശം തുടക്കമായിരുന്നു ഈ സീസണിൽ. 12 കളി കഴിയുമ്പോൾ ആദ്യ നാലിൽ പോലുമില്ല. കിരീട സാധ്യത പട്ടികയിൽ നിന്ന് പലരും എഴുതിത്തള്ളി. പക്ഷേ പിന്നെ കണ്ടതാണ് കളി. 4-3-3 എന്ന അറ്റാക്കിങ് ശൈലിയിലേക്ക് സിറ്റി തിരിച്ചെത്തി. റൂബൻ ഡിയാസ്, ജോണ്‍ സ്റ്റോണ്‍സ് സഖ്യത്തിന്റെ പ്രതിരോധ കോട്ട എതിരാളികൾക്ക് പേടിസ്വപ്‌നമായി. 

അഗ്യൂറോയുടെ പരിക്ക് പലപ്പോഴും തലവേദന ആയെങ്കിലും ഡി ബ്രുയിൻ, ജെസ്യുസ്, റിയാദ് മെഹ്രസ്, ബെർണാഡോ സിൽവ, റഹിം സ്റ്റെർലിങ്, ഫിൽ ഫോഡൻ എന്നിങ്ങനെ ആവനാഴിയിലെ അസ്‌ത്രങ്ങൾ ഒന്നൊന്നായി ഗാർഗിയോള ഉപയോഗിച്ചു. ഇതോടെ അടുത്ത 15 കളികളിലും ജയം സിറ്റിക്കൊപ്പം നിന്നു. സീസൺ പൂർത്തിയാവും മുൻപ് എട്ടാം കിരീടവും സിറ്റിയുടെ ഷോക്കേസിലെത്തി.  

ഈ മാസം 29ന് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ചെൽസിയാണ് സിറ്റിയുടെ എതിരാളികൾ. ആദ്യ ഫൈനലിന് ഇറങ്ങുമ്പോൾ പ്രതീക്ഷകളും ആശങ്കകളും ഏറെ. എങ്കിലും യൂറോപ്യൻ ഫുട്ബോളിന്റെ സിംഹാസനം സ്വപ്‌‌നം കാണുന്നു സിറ്റി ആരാധകർ. 

'റൊണാൾഡോയ്‌ക്കൊപ്പം കളിക്കണം'; നെയ്‌മര്‍ നല്‍കുന്നത് സൂചനയോ?

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!