
ദോഹ: ഖത്തറില്‍ ലോക ഫുട്ബോളിന്‍റെ മാമാങ്കത്തിന് പന്തുരുളുമ്പോള്‍ കാല്‍പന്ത് പ്രേമികളുടെ മനസ് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ക്ക് അകലെ സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റൈൻ ആശുപത്രിയിലാണ്. ജൊഗോ ബൊണീറ്റോ എന്ന സുന്ദര കാവ്യം മൈതാനത്ത് എഴുതിയ ഫുട്ബോള്‍ ദൈവം പെലെ അർബുദത്തോട് പോരാടി ചികില്‍സയിലാണ്. കാനറികള്‍ ക്വാർട്ടറിലെത്തിയിരിക്കുന്ന ഖത്തർ ലോകകപ്പില്‍ പെലെയ്ക്കായി കപ്പുയർത്തണം എന്നാണ് ബ്രസീലിയന്‍ ആരാധകർ സ്വന്തം ടീമിനോട് ആവശ്യപ്പെടുന്നത്.
ഖത്തറിലെ ഓരോ ഗോളും വിജയവും പെലെയ്ക്കുള്ള പ്രാർഥനയാണ് എന്ന് ബ്രസീലിയന്‍ ആരാധകർ ഉറച്ചുവിശ്വസിക്കുന്നു. 'ഞങ്ങളെ സംബന്ധിച്ച് പെലെ രാജാവാണ്. ഞങ്ങള്‍ അദേഹത്തെ സ്നേഹിക്കുന്നു. മാതൃകയായി കണക്കാക്കുന്നു. അദേഹം ദീർഘകാലം ആരോഗ്യത്തോടെയിരിക്കുകയും ബ്രസീല്‍ കിരീടമുയർത്തുന്നത് കാണുകയും വേണം'- റിയോ ഡി ജനീറോയില്‍ നിന്നുള്ള ബ്രസീല്‍ ആരാധികയായ അർലേം പറഞ്ഞതായി അല്‍ ജസീറ റിപ്പോർട്ട് ചെയ്തു. പെലെ എക്കാലത്തെയും മികച്ച താരമാണ് എന്ന് കൊളംബിയയില്‍ നിന്നുള്ള ഫ്ലെമങ്കോ പറയുന്നു. 1970 ലോകകപ്പില്‍ മെക്സിക്കോ സിറ്റിയില്‍ വച്ച് ഇറ്റലിയെ കീഴ്പ്പെടുത്തി പെലെയുടെ ബ്രസീല്‍ കപ്പുയർത്തിയത് ഫ്ലെമങ്കോ നേരില്‍ക്കണ്ടിരുന്നു. 'ഡീഗോ മറഡോണ മികച്ച താരമാണ്, ലിയോണല്‍ മെസിയും. പക്ഷേ പെലെയെ പോലെ ആർക്കാണ് മൂന്ന് ലോകകപ്പ് കിരീടങ്ങള്‍ നേടാനായിട്ടുള്ളത്' എന്നും ഫ്ലെമങ്കോ ചോദിക്കുന്നു.
എക്കാലത്തെയും മികച്ച ഫുട്ബോളറായി വിശേഷിപ്പിക്കപ്പെടുന്ന 82 വയസുകാരനായ പെലെ സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റൈൻ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇതിഹാസ താരം കീമോതെറാപ്പിയും മരുന്നുകളുമായി പ്രതികരിക്കുന്നില്ല എന്നും പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയതായും ബ്രസീലിയന്‍ മാധ്യമമായ ഫോള്‍ഹ റിപ്പോർട്ട് ചെയ്തെങ്കിലും പെലെയുടെ മകള്‍ ഫ്ലാവിയ നാസിമെന്‍റോ ഇക്കാര്യം തള്ളിയിരുന്നു. വന്‍കുടലിലെ ക്യാന്‍സറിന് ചികിത്സ തേടുന്ന 82കാരനായ പെലെ ദീര്‍ഘനാളായി ചികിത്സയിലാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വന്‍കുടലിലെ മുഴ നീക്കം ചെയ്തതിനെത്തുടര്‍ന്ന് പെലെ ഏറെനാള്‍ ആശുപത്രിയില്‍ തുടര്‍ന്നിരുന്നു.
ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായ പെലെ അവരുടെ മൂന്ന് ലോകകപ്പ് വിജയങ്ങളില്‍(1958, 1962, 1970) നിര്‍ണായക സംഭാവന നല്‍കി. 92 മത്സരങ്ങളില്‍ 77 ഗോളാണ് ബ്രസീല്‍ കുപ്പായത്തില്‍ പെലെ നേടിയത്. ഫുട്ബോള്‍ ചരിത്രത്തില്‍ രാജാവ് എന്ന വിശേഷണമാണ് പെലെയ്ക്കുള്ളത്.
പെലെ പാലിയേറ്റിവ് കെയർ പരിചരണത്തിലെന്ന വാർത്തകൾ തള്ളി മകൾ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!