World Cup Qualifiers| നോർവെയെ വീഴ്‌ത്തി നെതർലൻഡ്‌സ് ലോകകപ്പിന്

By Web TeamFirst Published Nov 17, 2021, 9:59 AM IST
Highlights

ഗ്രൂപ്പ് ഡിയിൽ ഫ്രാൻസിനോട് തോറ്റതോടെ ഫിൻലൻഡ് ലോകകപ്പ് യോഗ്യത നേടാതെ പുറത്തായി

റോട്ടർഡാം: നോർവെയെ നിർണായക മത്സരത്തിൽ പരാജയപ്പെടുത്തി ലോകകപ്പ് ഫുട്ബോള്‍(FIFA World Cup 2022) യോഗ്യത ഉറപ്പാക്കി നെതർലൻഡ്‌സ്(Netherlands vs Norway). എതിരില്ലാത്ത രണ്ട് ഗോളിനാണ് നെതർലൻഡ്സിന്‍റെ ജയം. 84-ാം മിനുറ്റിൽ സ്റ്റീഫൻ ബെർഗ്‍വിനും(Steven Bergwijn) ഇഞ്ചുറിടൈമിൽ മെംഫിസ് ഡിപായുമാണ്(Memphis Depay) ഗോൾ നേടിയത്. തോൽവിയോടെ പ്ലേ ഓഫ് കളിക്കാതെ നോർവെ പുറത്തായി. ഗ്രൂപ്പിൽ നിന്ന് തുർക്കി പ്ലേ ഓഫ് കളിക്കും.

ഗ്രൂപ്പ് ഡിയിൽ ഫ്രാൻസിനോട് തോറ്റതോടെ ഫിൻലൻഡ് ലോകകപ്പ് യോഗ്യത നേടാതെ പുറത്തായി. എതിരില്ലാത്ത രണ്ട് ഗോളിനാണ് ഫ്രാൻസിന്‍റെ ജയം. കരിം ബെൻസേമ, കിലിയൻ എംബാപ്പെ എന്നിവരാണ് ഫ്രാൻസിനായി ഗോൾ നേടിയത്. ഫ്രാൻസ് നേരത്തെ യോഗ്യത ഉറപ്പാക്കിയിരുന്നു. ഗ്രൂപ്പ് ഇയിൽ ബെൽജിയത്തെ സമനിലയിൽ തളച്ചതോടെ വെയിൽസ് ഗ്രൂപ്പിൽ നിന്ന് പ്ലേ ഓഫ് കളിക്കും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ബെൽജിയം നേരത്തെ തന്നെ ഖത്തർ ടിക്കറ്റ് നേടിയിരുന്നു.

പ്ലേ ഓഫിന് 12 ടീമുകള്‍

യൂറോപ്പില്‍ നിന്ന് 12 ടീമുകള്‍ പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. ഇറ്റലി, പോര്‍ച്ചുഗൽ, സ്കോട്‍‍ലന്‍ഡ്, ഫിൻലന്‍റ്, റഷ്യ, സ്വീഡന്‍, പോളണ്ട്, വെയ്ൽസ്, നോര്‍ത്ത് മാസെഡോണിയ ഈ ടീമുകളെ നാല് ടീമുകള്‍ വീതമുള്ള മൂന്ന് ഗ്രൂപ്പുകളിലാക്കി തിരിക്കും. ഓരോ ഗ്രൂപ്പിലും സെമിഫൈനലും ഫൈനലുമുണ്ടാകും. ഇങ്ങനെ ഗ്രൂപ്പുകളില്‍ മുന്നിലെത്തുന്ന മൂന്ന് ടീമുകള്‍ക്കാകും ഒടുവില്‍ ഖത്തറിലേക്ക് യോഗ്യത. പ്ലേ ഓഫ് മത്സരക്രമം ഈ മാസം 26ന് നറുക്കെടുപ്പിലൂടെ തീരുമാനിക്കും. 

അതേസമയം ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ നിന്ന് അര്‍ജന്‍റീന ഖത്തര്‍ ടിക്കറ്റുറപ്പിച്ചു. ബ്രസീലിനോട് ഗോള്‍രഹിത സമനില വഴങ്ങിയെങ്കിലും അര്‍ജന്‍റീന യോഗ്യത നേടുകയായിരുന്നു. തുടര്‍ച്ചയായ 13-ാം ലോകകപ്പിനാണ് അര്‍ജന്‍റീന യോഗ്യരായത്. സൂപ്പര്‍താരം ലിയോണല്‍ മെസിക്ക് ഇത് അഞ്ചാം ലോകകപ്പാണിത്. ബ്രസീലിനെതിരായ സമനിലയോടെ തോൽവിയറിയാതെ 27 മത്സരങ്ങൾ അർജന്‍റീന പൂർത്തിയാക്കി.

World Cup Qualifier ‌‌| അർജന്‍റീന-ബ്രസീല്‍ സൂപ്പർ പോര് സമനിലയില്‍, മെസിപ്പടയ്‌ക്ക് ലോകകപ്പ് യോഗ്യത
 

click me!