
മാഡ്രിഡ്:ലിയോണൽ മെസ്സിയുടെ അഭാവം ബാഴ്സലോണ മറികടക്കുമെന്ന് കോച്ച് റൊണാൾഡ് കൂമാൻ. മെസ്സി ടീമിൽ തുടരണമെന്നാണ് താൻ ആഗ്രഹിച്ചിരുന്നതെന്നും മെസ്സി ടീം വിട്ടത് വേദനാജനകമാണെന്നും കൂമാൻ പറഞ്ഞു.
ലിയോണൽ മെസ്സി ഇല്ലാതെയൊരു ബാഴ്സലോണ ടീമിനെക്കുറിച്ച് ചിന്തിക്കാൻപോലും പ്രയാസമായിരുന്നു. എന്നാലിപ്പോൾ അത് യാഥാർഥ്യമാണ്. ഫ്രഞ്ച് ക്ലബ് പി എസ് ജിയുടെ താരമാണിപ്പോൾ മെസ്സി. എല്ലാമെല്ലാമായിരുന്ന മെസ്സിയുടെ അഭാവത്തിൽ ലാലീഗയിൽ ആദ്യമത്സരത്തിനിറങ്ങിയ ബാഴ്സലോണ നാല് ഗോളടിച്ചാണ് തുടങ്ങിയത്.
റയൽ സോസിഡാഡിനെ രണ്ടിനെതിരെ നാല് ഗോളിന് തോൽപിച്ചതോടെ കോച്ച് റൊണാൾഡ് കൂമാനും ആത്മവിശ്വാസമായി. മെസ്സി ടീമിൽ തുടരണമെന്നായിരുന്നു ആഗ്രഹം. അത് ഇനി സാധ്യമായ കാര്യമല്ല. ബാഴ്സയെ സംബന്ധിച്ചിടത്തോളം മെസ്സി ചരിത്രമാണ്. പക്ഷെ നമുക്കൊരിക്കലും ചരിത്രത്തിൽ തുടരാനാവില്ലെന്നും കൂമാൻ പറഞ്ഞു.
മെസ്സിയുടെ അഭാവത്തിൽ ബാഴ്സലോണ ഈ സീസണിൽ കൂടുതൽ സംഘടിതമായി കളിക്കണമെന്നും കൂമാൻ പറയുന്നു. ഈ സീസണിൽ ടീമിലെത്തിയ ഡച്ച് താരം മെംഫിസ് ഡീപ്പേ അവസരത്തിനൊത്ത് ഉയരുമെന്നാണ് കൂമാന്റെ പ്രതീക്ഷ. ഫോമിലേക്കുയർന്നാൽ ഡീപേയെ പിടിച്ചുകെട്ടുക എതിരാളികൾക്ക് പ്രയാസമായിരിക്കുമെന്നും മാർട്ടിൻ ബ്രാത്ത്‍വെയ്റ്റിന്റെ സ്കോറിംഗ് മികവ് ബാഴ്സലോണയ്ക്ക് മുതൽക്കൂട്ടാവുമെന്നും കൂമാൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!