
കാസർകോട്: കാസർകോട് പയർപ്പള്ളത്ത് നിന്ന് വേട്ടസംഘത്തെ വനംവകുപ്പ് പിടികൂടി. നായാട്ടിന് പോകുന്നതിനിടെയാണ് സംഘം പിടിയിലാകുന്നത്. തോക്കുകളും വെടിയുണ്ടകളും പ്രതികളിൽ നിന്ന് കണ്ടെടുത്തു.
കാറടുക്ക വനമേഖലയിലെ പയർപ്പള്ളത്ത് വച്ചാണ് നായാട്ടുസംഘം വനംവകുപ്പിന്‍റെ പിടിയിലാകുന്നത്. വനംമേഖലയിലേക്ക് നായാട്ടിനായി ഒരുസംഘം കടന്നിട്ടുണ്ടെന്ന രഹസ്യവിവരം ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. തുടർന്ന് വനംവകുപ്പിന്‍റെ ഫ്ലൈയിങ് സക്വാഡ് മേഖലയിൽ നിലയുറപ്പിച്ചു. പുലർച്ചെ രണ്ട് വാഹനങ്ങളിലായി നായാട്ടുസംഘമെത്തി.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ച് തെറിപ്പിച്ച് ഇവർ കടന്നുപോയി. പിന്നാലെ പോയ ഫ്ലൈയിംങ് സക്വാഡിന് ഒരു വാഹനം മാത്രമാണ് പിടികൂടാനായത്. കാറിലുണ്ടായിരുന്ന അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. കരിവേടകം സ്വദേശികളായ ശ്രീജിത്ത്, നാരായണൻ, മഹേഷ്, മണികണ്ഠൻ, സുകുമാരൻ എന്നിവരാണ് പിടിയിലായത്. ഏഴ് തോക്കുകളും 13 വെടിയുണ്ടകളും വെടിമരുന്നും പ്രതികളിൽ നിന്ന് കണ്ടെടുത്തു.
പ്രതികളെ ചോദ്യം ചെയ്തതിലൂടെ രക്ഷപ്പെട്ട സംഘത്തെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ ഉടൻ പിടികൂടാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. കസ്റ്റഡിയിലുള്ളവർക്കെതിരെ വന്യജീവിസംരക്ഷണനിയമ പ്രകാരം കേസെടുക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam