അമ്പരപ്പിക്കുന്ന മൈലേജിലും മോഹവിലയിലും വാഗണ്‍ ആര്‍ സിഎന്‍ജി

By Web TeamFirst Published Mar 2, 2019, 12:29 PM IST
Highlights

ഈ ജനുവരിയിലാണ് മാരുതി സുസുക്കി പുതുതലമുറ വാഗണ്‍ ആര്‍ അടുത്തിടെ പുറത്തിറക്കിയത്. ഇപ്പോഴിതാ വാഹനത്തിന്‍റെ പുതിയ സിഎന്‍ജി വകഭേദവും വിപണിയിലെത്തിച്ചിരിക്കുകയാണ് മാരുതി. 

ഈ ജനുവരിയിലാണ് മാരുതി സുസുക്കി പുതുതലമുറ വാഗണ്‍ ആര്‍ അടുത്തിടെ പുറത്തിറക്കിയത്. ഇപ്പോഴിതാ വാഹനത്തിന്‍റെ പുതിയ സിഎന്‍ജി വകഭേദവും വിപണിയിലെത്തിച്ചിരിക്കുകയാണ് മാരുതി.  LXi, LXi ഓപ്ഷണല്‍ എന്നീ രണ്ട് വകഭേദങ്ങളിലെത്തുന്ന വാഹനത്തിന് യഥാക്രമം 4.84 ലക്ഷം, 4.89 ലക്ഷം എന്നിങ്ങനെയാണ് ദില്ലി എക്‌സ്‌ഷോറൂം വില. 

1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പമാണ് സിഎന്‍ജി വകഭേദം. 68 പിഎസ് പവറും 90 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 5 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും വാഗണ്‍ ആര്‍ വിപണിയിലുണ്ട്. 

33.54 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സിഎന്‍ജി പതിപ്പിന് സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. പെട്രോള്‍ പതിപ്പില്‍ ഇത് 22.5 കിലോമീറ്ററാണ്. 

വാഗണ്‍ ആര്‍ നിരയിലെ എന്‍ട്രി ലെവല്‍ വേരിയന്റാണ് LXi. ഫ്രണ്ട് പവര്‍ വിന്‍ഡോ, 13 ഇഞ്ച് സ്റ്റീല്‍ വീല്‍, മാനുവല്‍ എസി യൂണിറ്റ്, 12V ചാര്‍ജിങ് സോക്കറ്റ്, എബിഎസ്, ഇബിഡി, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സെന്‍ട്രല്‍ ലോക്കിങ് തുടങ്ങിയ നിരവധി സംവിധാനങ്ങള്‍ ബേസ് വേരിയന്റ് സിഎന്‍ജി വാഗണ്‍ ആറിലുണ്ട്.  ഹ്യുണ്ടായ് സാന്‍ട്രോ സിഎന്‍ജിയാണ് വാഗണ്‍ ആര്‍ സിഎന്‍ജിയുടെ പ്രധാന എതിരാളി. 

ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്ഫോമില്‍ ടോള്‍-ബോയ് ബോഡിയില്‍ ബോക്സ് ടൈപ്പ് ഡിസൈനാണ് പുതിയ വാഗണ്‍ആറില്‍ നല്‍കിയിരിക്കുന്നത്. ഇതുവഴി കൂടുതല്‍ സുരക്ഷിതത്വം വാഹനത്തില്‍ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മുന്‍തലമുറ മോഡലില്‍ നിന്ന് ഏറെ മാറ്റത്തോടെയാണ് 2019 വാഗണ്‍ ആര്‍ എത്തുന്നത്. വോള്‍വോ കാറുകളിലേതിന് സമാനമാണ് പുത്തന്‍ വാഗണ്‍ ആറിലെ ടെയില്‍ ലാമ്പ്.  ക്രോമിയം സ്ട്രിപ്പ് നല്‍കിയിട്ടുള്ള വലിയ ഗ്രില്‍ വാഹനത്തിന്‍റെ പഴയ മുഖഛായ തന്നെ മാറ്റുന്നു.

സിഎന്‍ജിക്ക് പിന്നാലെ ഇലക്ട്രിക് വാഗണ്‍ ആറും ഉടനെത്തും. ഈ വാഹനത്തിന്‍റെ പരീക്ഷണ ഓട്ടങ്ങള്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
 

click me!