
മിഡ്‌സൈസ് സെഡാൻ വിപണിയിൽ കൂടുതൽ കരുത്തോടെ തിരിച്ചുവരാൻ ഒരുങ്ങുകയാണ് സ്കോഡ. 2026 ഓഗസ്റ്റിൽ പുതിയ സ്കോഡ സ്ലാവിയ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അടുത്ത മാസം വാഹനത്തിന്റെ മുഴുവൻ വിവരങ്ങളും കമ്പനി പുറത്തുവിടുമെന്നാണ് പ്രതീക്ഷ. ചെറിയ ഡിസൈൻ മാറ്റങ്ങൾ, പുതിയ സാങ്കേതിക സവിശേഷതകൾ, 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് എന്നിവയാണ് പുതിയ മോഡലിന്റെ പ്രധാന ആകർഷണങ്ങൾ. ഇതിനകം പുറത്തുവന്ന സ്പൈ ചിത്രങ്ങളും വീഡിയോകളും അടിസ്ഥാനമാക്കി വാഹനത്തിന്റെ രൂപകൽപ്പനയിലും ഫീച്ചറുകളിലും ശ്രദ്ധേയമായ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നാണ് റിപ്പോർട്ടുകൾ.
പുതിയ സ്ലാവിയയുടെ ഇന്റീരിയറിൽ 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ ഉൾപ്പെടുത്തുമെന്നാണ് സൂചന. ഇത് നിലവിൽ കുഷാക്കിൽ ലഭ്യമായ യൂണിറ്റിന് സമാനമായിരിക്കും. നിലവിലെ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനവും സിൽവർ സ്ക്രോൾ വീലുകളുള്ള രണ്ട് സ്പോക്ക് സ്റ്റിയറിംഗ് വീലും തുടരുമെന്നാണ് റിപ്പോർട്ട്. പുതിയ ക്യാബിൻ തീം, പുതുക്കിയ സീറ്റ് അപ്ഹോൾസ്റ്ററി, മുൻവശ പാർക്കിങ് സെൻസറുകൾ എന്നിവയും ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ ഇടംപിടിച്ചേക്കും.
കുഷാക്കിന് സമാനമായി, പുതിയ സ്ലാവിയയിലും പിൻസീറ്റ് മസാജ് ഫംഗ്ഷൻ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഇതിനൊപ്പം എട്ട് സ്പീക്കറുകളുള്ള സൗണ്ട് സിസ്റ്റം, സിംഗിൾ-പെയിൻ സൺറൂഫ്, പിൻവശ എയർ വെന്റുകളോടുകൂടിയ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജർ, ടയർ പ്രഷർ മോണിറ്ററിങ് സംവിധാനം, ആറ് എയർബാഗുകൾ തുടങ്ങിയ സവിശേഷതകളും ലഭിക്കും.
പുറംകാഴ്ചയിൽ വലിയ മാറ്റങ്ങളില്ലെങ്കിലും മുൻവശ ഗ്രില്ലിന് പുതിയ രൂപം നൽകും. കുഷാക്കിന് സമാനമായ സംയോജിത ലൈറ്റിങ് ഘടകത്തോടെയായിരിക്കും പുതിയ ഗ്രിൽ. ഹെഡ്‌ലാമ്പുകളിൽ പുതിയ എൽഇഡി ലൈറ്റിങ് സിഗ്നേച്ചർ, പുതുക്കിയ മുൻ-പിൻ ബമ്പറുകൾ, പുതിയ അലോയ് വീലുകൾ എന്നിവയും വാഹനത്തിന്റെ പുതുമ വർധിപ്പിക്കും.
പവർട്രെയിനിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ല. നിലവിലുള്ള 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിൻ 115 കുതിരശക്തിയും 1.5 ലിറ്റർ ടർബോ പെട്രോൾ എൻജിൻ 150 കുതിരശക്തിയും തുടർന്നും ലഭ്യമാകും. 1.0 ലിറ്റർ എൻജിനിൽ ആറ്-സ്പീഡ് മാനുവൽ, ആറ്-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾ തുടരും. എന്നാൽ 1.5 ലിറ്റർ ടർബോ പെട്രോൾ എൻജിനിൽ കുഷാക്കിൽ അവതരിപ്പിച്ച പുതിയ എട്ട്-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ ഏഴ്-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനും തുടർന്നേക്കും. പുതിയ സാങ്കേതിക സവിശേഷതകളും കൂടുതൽ പ്രീമിയം സൗകര്യങ്ങളുമായി എത്തുന്ന 2026 സ്കോഡ സ്ലാവിയ ഫെയ്‌സ്‌ലിഫ്റ്റ്, മിഡ്‌സൈസ് സെഡാൻ വിഭാഗത്തിലെ മത്സരം കൂടുതൽ ശക്തമാക്കുമെന്നാണ് വിലയിരുത്തൽ.