എഐ വന്നതോടെ പണി പോയി, 30,000 തൊഴിലാളികളെ ആമസോൺ പിരിച്ചുവിട്ടു; കോടിക്കണക്കിന് ഡോളറുകൾ എഐക്ക് ഒഴുക്കുന്നു

Published : Jun 05, 2026, 01:40 PM IST
amazon layoffs ai investment seling partner services job cuts andy jassy restructuring tech industry trend

Synopsis

ആമസോൺ, എഐ മേഖലയിൽ വൻതോതിൽ നിക്ഷേപം നടത്തുന്നതിനൊപ്പം കഴിഞ്ഞ എട്ട് മാസത്തിനിടെ 30,000 ജീവനക്കാരെ പിരിച്ചുവിട്ടു. വലിയ ഡാറ്റാ സെന്ററുകൾ, ക്ലൗഡ് കമ്പ്യൂട്ടിംഗ് ശേഷി, എഐ മോഡലുകൾ പ്രവർത്തിപ്പിക്കുന്ന ഉയർന്ന ശേഷിയുള്ള സെർവർ സംവിധാനങ്ങൾ എന്നിവയ്ക്കായി അമസോൺ ബില്യൺ ഡോളറുകളുടെ നിക്ഷേപം നടത്തുന്നുണ്ട്.

വാഷിങ്ടൺ: അമേരിക്കൻ ടെക് ഭീമനായ ആമസോൺ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) മേഖലയിലേക്കുള്ള വൻ നിക്ഷേപങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം കഴിഞ്ഞ എട്ട് മാസത്തിനിടെ ഏകദേശം 30,000 കോർപ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. സിഇഓ ആൻഡി ജാസിയുടെ നേതൃത്വത്തിൽ കമ്പനിയെ കൂടുതൽ കാര്യക്ഷമമാക്കാനും ഭരണതലത്തിലെ അഴിച്ചുപണി കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള നടപടികളാണ് ഇതിന് പിന്നിലെന്ന് കമ്പനി വ്യക്തമാക്കുന്നു. അതേസമയം, എഐ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാൻ കമ്പനി ഭീമമായ തുക അതിവേഗം ചെലവിടുകയാണ്. 

വലിയ ഡാറ്റാ സെന്ററുകൾ, ക്ലൗഡ് കമ്പ്യൂട്ടിംഗ് ശേഷി, എഐ മോഡലുകൾ പ്രവർത്തിപ്പിക്കുന്ന ഉയർന്ന ശേഷിയുള്ള സെർവർ സംവിധാനങ്ങൾ എന്നിവയ്ക്കായി അമസോൺ ബില്യൺ ഡോളറുകളുടെ നിക്ഷേപം നടത്തുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഈ വിപുലീകരണം മുഖ്യമായും അമസോണിന്റെ ക്ലൗഡ് വിഭാഗമായ ആമസോൺ വെബ് സർവ്വീസ് (AWS) വഴിയാണ് നടക്കുന്നത്. ഈ രണ്ട് നീക്കങ്ങളും ഒരേസമയം നടക്കുന്നത് ജീവനക്കാരിൽ ആശങ്കയും വിമർശനവും ഉയർത്തുന്നുണ്ട്. സിയാറ്റിലിലെ ഒരു സിറ്റി കൗൺസിൽ ഹിയറിംഗിൽ പങ്കെടുത്ത അമസോണിലെ ചില എൻജിനീയർമാർ ഡാറ്റാ സെന്ററുകളുടെ നിയന്ത്രണമില്ലാത്ത വളർച്ചയ്ക്ക് നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ടു. 

ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിൽ കമ്പനി എഐ ശേഷി വർധിപ്പിക്കാൻ അതിവേഗം ശ്രമിക്കുന്നത് നീതി അല്ലെന്നും അവർ അഭിപ്രായപ്പെട്ടു. ഒരു ആമസോൺ വെബ് സർവ്വീസ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ പാട്രിക് ഷ്ലോസർ, കമ്പനിയിലെ വലിയ തോതിലുള്ള പിരിച്ചുവിടൽ “വലിയ ടെക് കമ്പനികൾ എത്ര വേഗത്തിൽ എഐ ശേഷി വികസിപ്പിക്കാൻ ശ്രമിക്കുന്നു എന്നതിന്റെ സൂചനയാണ് എന്ന് വ്യക്തമാക്കി. അതേസമയം ജീവനക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നുവെന്നും, അവരുടെ ആശങ്കകൾ കേൾക്കുമെന്നും ആമസോൺ അറിയിച്ചു. എഐ നിക്ഷേപത്തിൽ ആമസോൺ ഒറ്റയക്കല്ല എന്നതും ശ്രദ്ധേയമാണ്. 

മൈക്രോസോഫ്റ്റ്, ആൽഫബെറ്റ് (ഗൂഗിൾ മാതൃകമ്പനി), മെറ്റാ തുടങ്ങിയ പ്രമുഖ ടെക് കമ്പനികളും എഐ അടിസ്ഥാനസൗകര്യങ്ങളിൽ വൻതോതിൽ നിക്ഷേപം വർധിപ്പിക്കുന്നുണ്ട്. ഈ വർഷം മാത്രം ആഗോളതലത്തിൽ ഏകദേശം 700 ബില്യൺ ഡോളർ വരെ ഈ മേഖലയിലേക്ക് ചെലവാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ അതിവേഗ വികസനത്തിന് പരിസ്ഥിതി പ്രത്യാഘാതങ്ങളും ഉയരുന്നുണ്ട്. ഡാറ്റാ സെന്ററുകൾക്ക് വലിയ തോതിൽ വൈദ്യുതിയും വെള്ളവും ആവശ്യമാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ചില പ്രദേശങ്ങളിൽ ജനങ്ങൾ പ്രതിഷേധം ഉയർത്തുന്നുണ്ട്. അമേരിക്കയിലെ 14 സംസ്ഥാനങ്ങളിൽ പുതിയ ഡാറ്റാ സെന്റർ പദ്ധതികൾക്ക് നിയന്ത്രണമോ താത്കാലിക വിലക്കോ ഏർപ്പെടുത്തുന്ന നിയമങ്ങൾ പരിഗണനയിലാണ്. തൊഴിലവസരങ്ങൾ, സാങ്കേതിക വികസനം, പരിസ്ഥിതി സംരക്ഷണം എന്നിവ തമ്മിലുള്ള സംഘർഷമായി എഐ വിപ്ലവം മാറുന്നു എന്നതാണ് ഈ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

ഷവോമി 17T ഇന്ത്യയിൽ; ഫ്ലാഗ്ഷിപ്പ് വിപണിയിൽ പുതിയ യുദ്ധം
ഐഫോൺ 18 പ്രോ മാക്സ്: കനം കുറയില്ല, കരുത്ത് കൂടുമോ? കൂടുതൽ വിവരങ്ങൾ ചോ‍ർന്നു