
ടെക്‌നോളജി അതിവേഗം വളരുന്ന ഈ ഡിജിറ്റൽ യുഗത്തിൽ സ്മാർട്ട്ഫോണുകൾ പോലുള്ള ഡിജിറ്റൽ ഉപകരണങ്ങൾ കാലക്രമേണ വിലകുറയും എന്നാണ് പലരുടെയും പ്രതീക്ഷ. എന്നാൽ യാഥാർത്ഥ്യത്തിൽ സംഭവിക്കുന്നത് അതിന്റെ വിപരീതമാണെന്നാണ് നത്തിങ് (Nothing) കമ്പനിയുടെ സിഇഒ കാൾ പേയ് മുന്നറിയിപ്പ് നൽകുന്നത്. മെമ്മറി ചിപ്പുകളുടെ വില കുത്തനെ ഉയരുന്നതിനെ തുടർന്ന് അടുത്ത മാസങ്ങളിലും വർഷങ്ങളിലും സ്‍മാർട്ട്ഫോണുകളുടെ വില ഗണ്യമായി വർധിക്കാനിടയുണ്ടെന്ന് അദ്ദേഹം പറയുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ (X) നടത്തിയ ഒരു പോസ്റ്റിലാണ് കാൾ പേയ് ഈ ആശങ്ക പങ്കുവെച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഒരു സ്മാർട്ട്ഫോണിലെ ഏറ്റവും ചെലവേറിയ ഘടകമായി ഇപ്പോൾ മെമ്മറി മാറിയിരിക്കുകയാണ്. പ്രോസസറിനെയും ഡിസ്‌പ്ലേയെയും മറികടന്ന്, ചില ഫോണുകളിൽ മൊത്തം ഹാർഡ്‌വെയർ ചെലവിന്റെ 50 ശതമാനത്തിലധികം മെമ്മറിയാണ് ഏറ്റെടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ വർഷത്തെ ഉത്സവകാല വിൽപ്പനകളിൽ ഉപഭോക്താക്കൾ വലിയ വിലക്കിഴിവുകൾ പ്രതീക്ഷിക്കേണ്ടതില്ലെന്നും കാൾ പേയ് മുന്നറിയിപ്പ് നൽകി. മെമ്മറി ക്ഷാമം തുടർന്നാൽ അടുത്ത വർഷവും വില ഉയർന്ന നിലയിൽ തുടരുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. ജനുവരിയിൽ തന്നെ അദ്ദേഹം ഇതുസംബന്ധിച്ച സൂചന നൽകിയിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ വൻ നിക്ഷേപങ്ങളും ഡാറ്റാ സെന്ററുകളുടെ വ്യാപനവും മെമ്മറി ചിപ്പുകൾക്ക് അഭൂതപൂർവമായ ആവശ്യകത സൃഷ്ടിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ നതിംഗ് ഫോൺ 4a-യുടെ വികസന ഘട്ടത്തിൽ നിന്ന് വിപണിയിൽ എത്തുന്നതുവരെ മെമ്മറി ചെലവ് ഇരട്ടിയായെന്നും പിന്നീട് വീണ്ടും ഇരട്ടിയായെന്നും അദ്ദേഹം വെളിപ്പെടുത്തി. സ്‍മാർട്ട്ഫോൺ കമ്പനികൾ ഇപ്പോൾ പരസ്‍പരം മാത്രമല്ല, എഐ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്ന വൻ ടെക് കമ്പനികളുമായും മെമ്മറി ലഭ്യതയ്ക്കായി മത്സരിക്കേണ്ട സാഹചര്യമാണുള്ളത്. പല എഐ കമ്പനികളും വർഷങ്ങൾക്കുമുമ്പേ മെമ്മറി വിതരണ കരാറുകൾ ഉറപ്പാക്കുന്നതിനാൽ സ്‍മാർട്ട്ഫോൺ നിർമ്മാതാക്കൾക്ക് ആവശ്യമായ ചിപ്പുകൾ ലഭ്യമാക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാകുകയാണ്.
ഫെബ്രുവരിക്ക് ശേഷം പുറത്തിറങ്ങിയ നിരവധി സ്‍മാർട്ട്ഫോണുകൾ മുൻ മോഡലുകളേക്കാൾ 100 ഡോളർ വരെ കൂടുതൽ വിലയോടെയാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ 30,000 രൂപയ്ക്ക് മുകളിലുള്ള ഫോണുകൾക്ക് 7,000 രൂപയിലധികം വിലവർധന ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇത്തരത്തിൽ മെമ്മറി ചെലവുകൾ ഉയരുന്നത് തുടരുകയാണെങ്കിൽ, കമ്പനികൾക്ക് വില ഉയർത്തുകയോ ഫോണുകളുടെ സവിശേഷതകൾ കുറയ്ക്കുകയോ ചെയ്യേണ്ട സാഹചര്യം ഉണ്ടാകാം. അതേസമയം, കൂടുതൽ റാം, സ്റ്റോറേജ് എന്നിവ നൽകുന്ന രീതി മന്ദഗതിയിലാകുകയും കമ്പനികൾ സോഫ്റ്റ്‌വെയർ, ഡിസൈൻ, ഉപയോക്തൃ അനുഭവം എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമെന്നാണ് കാൾ പേയുടെ വിലയിരുത്തൽ.