
മുംബൈ: മുംബൈയിലും ബെംഗളൂരുവിലും ദില്ലിയിലും ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ പുലര്‍ച്ച ഒരു മണിക്കാരംഭിച്ച നീണ്ട ക്യൂ. ഉറക്കമളച്ചിരുന്ന ഇന്ത്യക്കാരുടെ കൈകളിലേക്ക് ആദ്യ നിര ഐഫോണ്‍ 17 സീരീസ് സ്‌മാര്‍ട്ട്‌ഫോണുകള്‍ എത്തിയിരിക്കുകയാണ്. എങ്ങനെയുണ്ട് പുത്തന്‍ ഐഫോണ്‍ 17 ശ്രേണി? പ്രതീക്ഷ കാത്തോ? ഇന്ത്യയില്‍ ഐഫോണ്‍ 17 മോഡലുകള്‍ സ്വന്തമാക്കിയവരുടെ ആദ്യ പ്രതികരണങ്ങള്‍ വന്നുകഴിഞ്ഞു.
മുംബൈയിലെ ബികെസിയിലുള്ള ആപ്പിള്‍ സ്റ്റോറില്‍ നിന്ന് ഏറ്റവും പ്രീമിയം ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണായ ഐഫോണ്‍ 17 പ്രോ മാക്‌സ് വാങ്ങിയ അമാന്‍ ചൗഹാന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞതിങ്ങനെ. 'ഞാന്‍ ഐഫോണ്‍ 17 പ്രോ മാക‌്‌സിന്‍റെ രണ്ട് മോഡലുകളാണ് വാങ്ങിയത്. 256 ജിബി മോഡലും 1ടിബി സ്റ്റോറേജ് മോഡലും. സെപ്റ്റംബര്‍ 12ന് അര്‍ധരാത്രി മുതല്‍ ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ പുത്തന്‍ ഐഫോണുകള്‍ ലഭിച്ചിരിക്കുന്നു. ഇതില്‍ പുത്തന്‍ ഫീച്ചറുകളുണ്ട്. ഓറഞ്ച് നിറത്തിലുള്ള വേരിയിന്‍റ് പുത്തനാണ്'- എന്നുമാണ് അമാന്‍ ചൗഹാന്‍റെ പ്രതികരണം. അതേസമയം, ബെംഗളൂരുവിലെ ഫിനിക്‌സ് മാളില്‍ നിന്ന് ഐഫോണ്‍ 17 മോഡല്‍ വാങ്ങിയ ഗൗരി ശങ്കറിന്‍റെ പ്രതികരണവും എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്. 'കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഞാന്‍ ഐഫോണുകള്‍ വാങ്ങുന്നു. എന്നാല്‍ വാങ്ങാനായി ഇതാദ്യമായാണ് നേരിട്ട് ആപ്പിള്‍ സ്റ്റോറില്‍ എത്തുന്നത്. ഞാന്‍ വളരെ ആവേശഭരിതനാണ്. അടുത്ത ഐഫോണ്‍ 18 സീരീസിനായി കാത്തിരിക്കുന്നു'- എന്നുമാണ് ഗൗതി ശങ്കറുടെ പ്രതികരണം.
ഇന്ത്യയില്‍ മുംബൈയിലും ബെംഗളൂരുവിലും ദില്ലിയിലുമുള്ള ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ വന്‍ ക്യൂവാണ് ദൃശ്യമായത്. മുംബൈയിലെ ബികെസി ആപ്പിള്‍ സ്റ്റോറിലാണ് ഏറ്റവും വലിയ ക്യൂകളിലൊന്ന് ദൃശ്യമായത്. നൂറുകണക്കിനാളുകള്‍ ബികെസി സ്റ്റോറില്‍ ക്യൂവിലുണ്ടായിരുന്നു എന്നാണ് ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുത്തന്‍ ഐഫോണ്‍ 17 ശ്രേണി സ്‌മാര്‍ട്ട്‌ഫോണുകള്‍ സ്വന്തമാക്കാന്‍ കരഘോഷങ്ങളോടെയാണ് ഉപഭോക്താക്കളെ ആപ്പിള്‍ സ്റ്റോറിലേക്ക് ജീവനക്കാര്‍ സ്വാഗതം ചെയ്‌തത്. ഇന്ത്യയില്‍ ഐഫോണ്‍ 17 സീരീസ് വില്‍പനയുടെ വിവരങ്ങള്‍ വരും ദിവസങ്ങളിലറിയാം.