
കാലിഫോര്‍ണിയ: ബിൽറ്റ്-ഇൻ ഡിസ്‌പ്ലേയുള്ള ആദ്യത്തെ കൺസ്യൂമർ-റെഡി സ്‌മാർട്ട് ഗ്ലാസുകൾ പുറത്തിറക്കി ഫേസ്‍ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റ. കമ്പനിയുടെ വാർഷിക ഡെവലപ്പർമാരുടെ സമ്മേളനത്തിൽ മെറ്റ റേ-ബാൻ ഡിസ്പ്ലേയും പുതിയ റിസ്റ്റ്ബാൻഡ് കൺട്രോളറും സിഇഒ മാർക്ക് സക്കർബർഗ് അവതരിപ്പിച്ചു. സ്‌മാർട്ട്‌ഫോൺ സ്‌ക്രീനിൽ നോക്കുന്നതുപോലെ സന്ദേശങ്ങൾ, ഫോട്ടോകൾ എന്നിവയും മറ്റും കാണാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ബിൽറ്റ്-ഇൻ സ്‌ക്രീനാണ് മെറ്റ റേ-ബാൻ ഡിസ്‌പ്ലേ സ്‌മാർട്ട് ഗ്ലാസുകളുടെ ഏറ്റവും വലിയ പ്രത്യേകത. മെറ്റയുടെ ഏറ്റവും നൂതനമായ AI ഗ്ലാസുകളായി കണക്കാക്കപ്പെടുന്ന റേ-ബാൻ ഡിസ്പ്ലേ, സൂക്ഷ്‌മമായ വിരൽ ചലനങ്ങൾ ഉപയോഗിച്ച് കണ്ണട നിയന്ത്രിക്കാൻ ആളുകളെ അനുവദിക്കുന്ന ന്യൂറൽ ബാൻഡുകൾ എന്നറിയപ്പെടുന്ന സെൻസർ-പാക്ക്ഡ് ബ്രേസ്‌ലെറ്റുകളുമായാണ് മെറ്റയുടെ പുത്തന്‍ സ്‌മാര്‍ട്ട് ഗ്ലാസ് വരുന്നത്. 799 ഡോളർ ആണ് മെറ്റ റേ-ബാൻ ഡിസ്‌പ്ലേ സ്‌മാർട്ട് ഗ്ലാസുകളുടെ വില.
"യഥാർഥ ഹോളോഗ്രാമുകൾ ഉപയോഗിച്ച് വ്യക്തിഗത സൂപ്പർ ഇന്‍റലിജൻസും സാന്നിധ്യത്തിന്‍റെ ഒരു അനുഭവവും നൽകുന്ന മനോഹരമായ ഗ്ലാസുകൾ നിർമ്മിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം," മെറ്റ തലവന്‍ മാർക്ക് സക്കർബർഗ് പുതിയ എഐ ഗ്ലാസുകൾ പ്രദർശിപ്പിച്ചുകൊണ്ട് പറഞ്ഞു. സ്‌മാർട്ട്‌ഫോണിന് പകരമായി, എഐ ഇൻഫ്യൂസ്‌സ് സ്‌മാർട്ട് ഗ്ലാസുകൾ "അടുത്ത പ്രധാന കമ്പ്യൂട്ടിംഗ് പ്ലാറ്റ്‌ഫോം" ആയിരിക്കുമെന്ന് സക്കർബർഗ് പ്രവചിച്ചു.
ഉയർന്ന റെസല്യൂഷനുള്ള, പൂർണ്ണ വർണ്ണ മോണോക്യുലാർ ഡിസ്‌പ്ലേ ലെൻസിൽ തന്നെ ഉൾപ്പെടുത്തിയിരിക്കുന്ന ഈ ഗ്ലാസുകൾ ശ്രേണിയിലെ ആദ്യത്തേതാണ്. മെറ്റയുടെ അഭിപ്രായത്തിൽ, ഉപയോഗത്തിലില്ലാത്തപ്പോൾ അപ്രത്യക്ഷമാകുന്ന ഡിസ്‌പ്ലേയ്ക്ക് 42 ഡിഗ്രി ആംഗിള്‍ പിക്‌സൽ റെസല്യൂഷനാണ് നല്‍കിയിരിക്കുന്നത്. മെറ്റയുടെ ഏതൊരു കൺസ്യൂമർ വിആർ ഹെഡ്‌സെറ്റിനേക്കാളും ഉയർന്ന 5,000 നിറ്റ്‌സുകൾ വരെ തെളിച്ചവുമുണ്ട്. സൂക്ഷ്‌മമായ കൈകളുടെയും വിരലുകളുടെയും ചലനങ്ങൾ വ്യാഖ്യാനിക്കാൻ സർഫസ് ഇലക്‌ട്രോമിയോഗ്രാഫി (sEMG) ഉപയോഗിക്കുന്ന കൈത്തണ്ടയിൽ ധരിക്കുന്ന ഉപകരണമായ പുതിയ മെറ്റ ന്യൂറൽ ബാൻഡ് ഉപയോഗിച്ചാണ് ഗ്ലാസുകൾ നിയന്ത്രിക്കുന്നത്. ഈ സംവിധാനം ഉപയോക്താക്കൾക്ക് ഫോൺ പുറത്തെടുക്കാതെ തന്നെ സന്ദേശങ്ങൾ കാണാനും വീഡിയോ കോളുകൾ എടുക്കാനും കാൽനട നാവിഗേഷൻ ഉപയോഗിക്കാനും തത്സമയ അടിക്കുറിപ്പുകൾ കാണാനും അനുവദിക്കുന്നു. ന്യൂറൽ ബാൻഡ് ഉൾപ്പെടുന്ന മെറ്റ റേ-ബാൻ ഡിസ്പ്ലേ സെപ്റ്റംബർ 30 മുതല്‍ $799ന് വാങ്ങാൻ ലഭ്യമാകും.