ഫോണ്‍ നനഞ്ഞാലുടൻ അരിപ്പാത്രത്തിനടുത്തേക്ക് ഓടാറുണ്ടോ? ആ പരിപാടി നിർത്തിക്കോ, അത്ര നല്ലതല്ല

By Web TeamFirst Published Feb 22, 2024, 12:04 PM IST
Highlights

നനഞ്ഞ ഫോണ്‍ ഉണക്കേണ്ടതെങ്ങനെ- നിർദേശങ്ങളുമായി ആപ്പിൾ

ഫോണെങ്ങാനും അബദ്ധത്തിൽ വെള്ളത്തിൽ വീണാലോ നനഞ്ഞാലോ നേരെ അരിക്കലത്തിന്റെ അടുത്തേക്ക് ഓടുന്നവരാണ് പലരും. ഇനി അങ്ങനെ ഓടണ്ട. ഈർപ്പം പെട്ടെന്ന് വലിച്ചെടുക്കുമെന്ന് കരുതി ഇനി ഇത്തരം പരിപാടികൾ കാണിക്കരുതെന്നാണ് ആപ്പിൾ പറയുന്നത്. ഐഫോൺ ഉപയോക്താക്കൾക്കാണ് കമ്പനി ഇത്തരമൊരു മാർഗനിർദേശം നൽകിയിരിക്കുന്നത്. ഫോണിന് ഇത് കൂടുതൽ പ്രശ്നമായേക്കുമെന്നാണ് കമ്പനി പറയുന്നത്. 

ഫോണ്‍ അരിപ്പാത്രത്തില്‍ ഇടുമ്പോള്‍ ചെറുതരികള്‍ ഉള്ളിൽക്കടന്ന് ഐഫോണിന് കേടുവരുത്തിയേക്കാം. കൂടാതെ ഫോണ്‍ ഉണക്കാൻ ഹെയർ ഡ്രയറുകൾ, കംപ്രസ്ഡ് എയർ ബ്ലോവറുകൾ പോലുള്ളവ ഉപയോഗിക്കരുത് എന്നും ആപ്പിൾ നിർദേശത്തിൽ പറയുന്നുണ്ട്. കണക്ടറിലേക്ക് പേപ്പർ ടവലോ കോട്ടണ്‍ ബഡോ തിരുകി കയറ്റരുത്. നനവുള്ളപ്പോൾ കേബിൾ കണക്ട് ചെയ്താൽ ഫോണിൽ മുന്നറിയിപ്പ് കാണിക്കും. ഇത്തരം സാഹചര്യങ്ങളിൽ കേബിൾ വേർപെടുത്താനും ഉണങ്ങുന്നത് വരെ കാത്തിരിക്കാനുമാണ് കമ്പനി പറയുന്നത്. 

ഫോൺ നനഞ്ഞിരിക്കുമ്പോൾ ചാർജ് ചെയ്യരുത്. ഐഫോൺ നനഞ്ഞാൽ അതിലെ പവർ അഡാപ്ടറിൽ നിന്നും കേബിൾ വേർപെടുത്താൻ ശ്രദ്ധിക്കണം. കണക്ടർ താഴേക്ക് വരും വിധം ഫോൺ പിടിച്ച് കയ്യിൽ പതിയേ തട്ടിയാൽ ബാക്കിയുള്ള വെള്ളം പുറത്തുവരും. വായു സഞ്ചാരമുള്ള ഇടത്ത് ഫോൺ ഉണങ്ങാൻ വെച്ച് 30 മിനിറ്റിന് ശേഷം ചാർജ് ചെയ്യാൻ ശ്രമിക്കാവുന്നതാണ്.  ലിക്വിഡ് ഡിറ്റക്ഷൻ മുന്നറിയിപ്പ് അപ്പോഴും കാണുന്നുവെങ്കിൽ വെള്ളം മുഴുവനായി പോയിട്ടില്ലെന്നാണ് അർത്ഥം. മുഴുവനായി വെള്ളം ഉണങ്ങാൻ 24 മണിക്കൂറെങ്കിലും വേണ്ടിവന്നേക്കാം. 

ഫോൺ ഉണങ്ങിയിട്ടും ചാർജ് ആവുന്നില്ലെങ്കിൽ, ചാർജർ അഡാപ്ടറിലേയും കേബിളിലേയും നനവ് പോയിട്ടുണ്ടോയെന്ന് ഉറപ്പു വരുത്തണം. ചാർജർ കേബിളും അഡാപ്ടറും ഫോണും ഉണങ്ങിയിട്ടും ചാർജ് ആവുന്നില്ലെങ്കിൽ ആപ്പിൾ സപ്പോർട്ടിനെ ബന്ധപ്പെടുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!