
കാലിഫോര്‍ണിയ: ആപ്പിളിന്‍റെ ഐഫോണ്‍ 18 പ്രോ സീരീസ് സെപ്റ്റംബര്‍ മാസത്തില്‍ വിപണിയിലെത്താനിരിക്കുകയാണ്. ഐഫോണ്‍ 18 പ്രോ മോഡലുകളുടെ സവിശേഷതകളെ കുറിച്ച് നിരവധി ലീക്കുകളാണ് ഇതിനകം പുറത്തുവന്നത്. ഇതിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ ഐഫോണ്‍ പ്രേമികള്‍ക്ക് ആവേശം പകരുന്നതാണ്. ചെറിയ രീതിയില്‍ ഡിസൈന്‍ മാറ്റങ്ങള്‍, പെര്‍ഫോമന്‍സ് അപ്‌ഗ്രേഡുകള്‍, ക്യാമറ പുതുമകള്‍ എന്നിവ സഹിതമാണ് ഐഫോണ്‍ 18 പ്രോ വിപണിയിലെത്തുക. ഐഫോണ്‍ 18 പ്രോയില്‍ പ്രതീക്ഷിക്കുന്ന ആറ് മാറ്റങ്ങള്‍ ഇവയാണ്.
ചെറിയ ഡൈനാമിക് ഐലന്‍ഡായിരിക്കും ഐഫോണ്‍ 18 പ്രോയില്‍ വരാനിക്കുന്ന പ്രധാന ഡിസൈന്‍ മാറ്റം. ഫേസ് ഐഡി ഭാഗങ്ങള്‍ ഡിസ്‌പ്ലെയ്‌ക്ക് താഴെയായി സ്ഥാപിക്കപ്പെട്ടേക്കാമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. റിയര്‍ പാനലിന് കൂടുതല്‍ മികച്ച ഫിനിഷും പ്രതീക്ഷിക്കാം.
ആപ്പിളിന്റെ അടുത്ത തലമുറ എ20 പ്രോ ചിപ്പാണ് ഐഫോണ്‍ 18 പ്രോയില്‍ പ്രതീക്ഷിക്കുന്നത്. ഇത് മുന്‍ മോഡലുകളെ അപേക്ഷിച്ച് കൂടുതല്‍ മികച്ച പ്രകടനവും മികവും കൊണ്ടുവരും. കൂടുതല്‍ നവീനമായ പാക്കിംഗും ഐഫോണ്‍ 18 പ്രോയില്‍ പ്രതീക്ഷിക്കുന്നു. ഫോണുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്ന രീതിയിലായിരിക്കും ഇത്.
ഐഫോണ്‍ 18 പ്രോയുടെ പ്രധാന ക്യാമറയില്‍ വേരിയബിള്‍ അപേര്‍ച്വര്‍ ഫീച്ചര്‍ ഉള്‍പ്പെടും എന്നാണ് സൂചന. ചിത്രങ്ങളെടുക്കുമ്പോള്‍ ഡെപ്‌ത് ഓഫ് ഫീല്‍ഡ് കൂടുതല്‍ നിയന്ത്രിക്കാന്‍ ഇത് സഹായിക്കും. ഇത് ഫോട്ടോഗ്രഫിയിലും വീഡിയോഗ്രഫിയിലും സഹായകമാകുന്ന ഫീച്ചറായിരിക്കും.
പ്രധാന ക്യാമറ സെന്‍സറിലെ അപ്‌ഗ്രേഡിന് പുറമെ ആപ്പിള്‍ കൂടുതല്‍ വിശാലമായ അപേര്‍ച്വറുമായി ടെലിഫോട്ടോ ലെന്‍സ് മെച്ചപ്പെടുത്താനും സാധ്യതയുണ്ട്. ഇത് കൂടുതല്‍ ലോ-ലൈറ്റ് പെര്‍ഫോമന്‍സ് സൂം ഷോട്ടുകളും മെച്ചപ്പെടുത്തും.
ഐഫോണ്‍ 18 പ്രോ മോഡലുകളില്‍ കൂടുതല്‍ ശേഷിയുള്ള ബാറ്ററി ആപ്പിള്‍ ഉള്‍പ്പെടുത്തിയേക്കും എന്നാണ് റിപ്പോര്‍ട്ട്. ഇത് ഫോണിന്‍റെ കട്ടി അല്‍പമൊന്ന് കൂട്ടിയേക്കാം. പുതിയ ചിപ്പും ചേരുന്നതോടെ ബാറ്ററി എഫിഷ്യന്‍സി വര്‍ധിച്ചേക്കും.
ആപ്പിള്‍ അവരുടെ ക്യാമറ കണ്‍ട്രോള്‍ ഫീച്ചര്‍ കൂടുതല്‍ ലളിതവും ഉപയോഗപ്രദവുമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. ഇതിന് പുറമെ, ആപ്പിളിന്‍റെ സ്വന്തം സി2 മോഡവും ഐഫോണ്‍ 18 പ്രോയില്‍ പ്രത്യക്ഷപ്പെട്ടേക്കും. ഈ വിവരങ്ങളെല്ലാം സത്യമെങ്കില്‍ ഐഫോണ്‍ 18 പ്രോ പ്രകടനത്തിലും ക്യാമറ, ബാറ്ററി തുടങ്ങിയ ഫീച്ചറുകളും പുത്തന്‍ അനുഭവമാകും.