'അമേരിക്ക വിമുക്ത' ഗാഡ്ജറ്റ്: അമേരിക്കയ്ക്ക് വാവെ തിരിച്ച് പണികൊടുക്കുന്നു.!

By Web TeamFirst Published Dec 7, 2019, 11:08 AM IST
Highlights

എന്നാല്‍ ഈ വെല്ലുവിളിയെ വാവെ വിജയകരമായി മറികടന്നു എന്നാണ്  വാള്‍സ്ട്രീറ്റ് ജേര്‍ണലിന്‍റെ പുതിയ റിപ്പോര്‍ട്ട് പറയുന്നത്. വാള്‍സ്ട്രീറ്റ് ജേര്‍ണലിന് നല്‍കിയ അഭിമുഖത്തില്‍ വാവെയുടെ മേധാവി റെന്‍ ഷീന്‍ഫി ഈ കാര്യം പറഞ്ഞു. 

ബിയജിംങ്: ചൈനീസ് ടെക് ഭീമന്മാരായ വാവെയ്ക്ക് ലഭിച്ച വലിയ അടിയായിരുന്നു അമേരിക്കന്‍ ഉപരോധം. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നേരിട്ട് നടപ്പിലാക്കിയ ഉപരോധം ചെറിയതോതില്‍ മാറിയെങ്കിലും ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പന നടത്തുന്ന കമ്പനിയുടെ ഈ രംഗത്തെ ആധിപത്യം ഈ ഉപരോധം തകര്‍ക്കും എന്നാണ് ടെക് ലോകം പൊതുവേ കരുതിയത്. അമേരിക്കന്‍ ടെക് കമ്പനികളുടെ സഹായവും അനുബന്ധ ഉപകരണങ്ങളും ഇല്ലാതെ വാവെയ്ക്ക് എങ്ങനെ പുതിയ ഫോണ്‍ ഇറക്കാന്‍ സാധിക്കും എന്നതായിരുന്നു പ്രധാന ചോദ്യം. 

എന്നാല്‍ ഈ വെല്ലുവിളിയെ വാവെ വിജയകരമായി മറികടന്നു എന്നാണ്  വാള്‍സ്ട്രീറ്റ് ജേര്‍ണലിന്‍റെ പുതിയ റിപ്പോര്‍ട്ട് പറയുന്നത്. വാള്‍സ്ട്രീറ്റ് ജേര്‍ണലിന് നല്‍കിയ അഭിമുഖത്തില്‍ വാവെയുടെ മേധാവി റെന്‍ ഷീന്‍ഫി ഈ കാര്യം പറഞ്ഞു. ഞങ്ങള്‍ക്ക് അമേരിക്കന്‍ സഹായം ഇല്ലാതെ അതിജീവിക്കാന്‍ സാധിക്കും. ഇതിനുള്ള പദ്ധതികള്‍ എല്ലാം തയ്യാറാണ് എന്നാണ് അമേരിക്ക-ചൈന വ്യാപര യുദ്ധത്തില്‍ അടക്കം അഭിപ്രായം പറഞ്ഞ അഭിമുഖത്തില്‍ റെന്‍ വ്യക്തമാക്കുന്നത്.

അതേസമയം വാവെയുടെ പുതിയ മൈറ്റ് 30 ഫോണ്‍ വിലയിരുത്തിയ ടെക് സ്ഥാപനങ്ങളായ യുബിഎസ്, ഫോമല്‍ഹാള്‍ട്ട് ടെക്നോ സൊല്യൂഷന്‍ എന്നിവര്‍ പറയുന്നത്. മൈറ്റ് 30യില്‍ ഒരു അമേരിക്കന്‍ ഉത്പന്നം പോലും നിര്‍മ്മാണത്തിന് ഉപയോഗിച്ചില്ല എന്നാണ്.  ഇന്‍റല്‍, ബ്രോഡ്കോം, ക്വാൽകോം, കോർവോ, സ്കൈവർക്ക്സ്, സൈറസ് ലോജിക് തുടങ്ങി യുഎസിൽ നിന്നുള്ള വാവെയുടെ സ്ഥിരം സപ്ലയർമാരുടെ ഒന്നും ഉൽപന്നങ്ങൾ ഇല്ലാതെയാണ് പുതിയ മേറ്റ് 30 എന്ന സ്മാർട്ഫോൺ പൂർണമായും അമേരിക്കയില്ല നയത്തില്‍ പുറത്തിറക്കിയത്. ഒരു ഉദാഹരണമായി നോക്കിയാല്‍ ബ്രോഡ്കോമിന്റെ ചിപ്പുകൾക്കു പകരം വാവെയുടെ സ്വന്തം സംരംഭമായ ഹൈസിലിക്കൺ കമ്പനിയുടെ ചിപ്പാണ് മേറ്റ് 30ലുള്ളത്. ഡച്ച് കമ്പനിയായ എൻഎക്സ്പിയുടേതാണ് ഓഡിയോ ആംപ്ലിഫയർ. ഇത്തരത്തില്‍ അമേരിക്കയെ ഒഴിവാക്കിയാണ് വാവെയുടെ നീക്കം.

എന്നാല്‍ ഈ വാര്‍ത്ത വന്നതിന് പിന്നാലെ വാള്‍സ്ട്രീറ്റ് ജേര്‍ണലിനോട് പ്രതികരിച്ച വാവെ പ്രതിനിധി പറഞ്ഞത് ഇതാണ്. 'അമേരിക്കയില്‍ നിന്നും ഉത്പന്നങ്ങള്‍ വാങ്ങണം എന്നത് തന്നെയാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം, അതേ സമയം അമേരിക്കന്‍ ഉത്പന്നങ്ങള്‍ ഇല്ലെങ്കിലും ഞങ്ങളുടെ പ്രോഡക്ടുകള്‍ ഇറക്കാന്‍ കഴിയണം, അതിനുള്ള വഴികള്‍ കൂടി തുറന്നിടുകയാണ് ഞങ്ങള്‍ ചെയ്യുന്നത്'.
 

click me!