സാംസങ് തങ്ങളുടെ പുതിയ എഐ സ്മാർട്ട്ഫോണായ ഗാലക്‌സി എസ്26 സീരീസിനായി ഇന്ത്യയിൽ പ്രീ-റിസർവേഷൻ ആരംഭിച്ചു. ഫെബ്രുവരി 25-ന് ഗാലക്‌സി അൺപാക്‌ഡ് ഇവന്‍റില്‍ അവതരിപ്പിക്കുന്ന ഈ ഫോൺ 999 രൂപ അടച്ച് പ്രീ-ബുക്ക് ചെയ്യുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും.

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഉപഭോക്തൃ ഇലക്‌ട്രോണിക്‌സ് ബ്രാൻഡായ സാംസങ് ഇന്ത്യ, ഫെബ്രുവരി 25-ന് അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ നടക്കുന്ന ഗാലക്‌സി അൺപാക്‌ഡ് പരിപാടിയിൽ അവതരിപ്പിക്കാൻ പോകുന്ന പുതിയ എഐ സ്‌മാർട്ട്ഫോണിനായി ഇന്ത്യയിൽ പ്രീ-റിസർവേഷൻ ആരംഭിച്ചതായി അറിയിച്ചു. സാംസങ് ഗാലക്‌സി എസ്26 സീരീസ് ഫോണുകളാണ് ഫെബ്രുവരി 25-ന് പുറത്തിറങ്ങുന്നത്.

സാംസങ് ഗാലക്‌സി എസ്26 പ്രീ-റിസര്‍വ് ചെയ്യാം

ഉപഭോക്താക്കൾക്ക് 999 രൂപയുടെ റീഫണ്ടബിൾ ടോക്കൺ തുക അടച്ച് പുതിയ ഗാലക്‌സി എസ് സീരീസ് ഉപകരണങ്ങൾ പ്രീ-റിസർവ് ചെയ്യാം. സാംസങ് ഡോട്ട് കോം, സാംസങ് എക്‌സ്‌ക്ലൂസീവ് സ്റ്റോറുകൾ, ആമസോൺ, ഫ്ലിപ്‌കാർട്ട്, രാജ്യത്തെ പ്രമുഖ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴി പ്രീ-റിസർവ് സൗകര്യം ലഭ്യമാണ്. പ്രീ-റിസർവ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് പുതിയ ഗാലക്‌സി എസ് സീരീസ് വാങ്ങുമ്പോൾ 2,699 രൂപയുടെ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. പുതിയ ഗാലക്‌സി എസ് സീരീസ്, ദൈനംദിന ഉപയോഗം കൂടുതൽ ലളിതമാക്കാനും ആത്മവിശ്വാസത്തോടെ ഉപയോഗിക്കാൻ സാധിക്കാനും രൂപകൽപ്പന ചെയ്‌തതാണ്. ഉപയോഗിച്ച് തുടങ്ങുമ്പോൾ മുതൽ തന്നെ ഒരു തടസങ്ങളും തോന്നാതെ സ്വാഭാവികമായി ഉൾച്ചേർക്കപ്പെട്ട അനുഭവം നൽകുന്ന വിധത്തിലാണ് ഗാലക്‌സി എഐ ഫീച്ചറുകൾ ഈ സീരീസിൽ വികസിപ്പിച്ചിരിക്കുന്നത്.

ഫെബ്രുവരി 25-ന് യുഎസിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ഇന്ത്യന്‍ സമയം രാത്രി 11:30നാണ് സാംസങ് ഗാലക്‌സി അണ്‍പാക്‌ഡ് ഇവന്‍റ് ആരംഭിക്കുക. സ്‌മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ കാത്തിരിക്കുന്ന ഗാലക്‌സി എസ്26 സീരീസ് അന്നേദിനം പുറത്തിറങ്ങും. ആകാംക്ഷ നിറഞ്ഞ ലോഞ്ചിന് മുമ്പ് സാംസങ് ഗാലക്സി എസ്26, ഗാലക്സി എസ്26 പ്ലസ്, ഗാലക്സി എസ്26 അള്‍ട്ര എന്നീ മൂന്ന് മൊബൈല്‍ മോഡലുകളുടെ ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. ഗാലക്‌സി എസ്26 സീരീസിന് എന്തൊക്കെ നിറങ്ങളായിരിക്കും ഉണ്ടാവുകയെന്ന് സൂചിപ്പിക്കുന്നതാണ് ഈ ദൃശ്യങ്ങള്‍. സാംസങ് ഗാലക്‌സി എസ്26 സീരീസ് ഫോണുകള്‍ കറുപ്പ്, വെളുപ്പ്, ആകാശനീല, കൊബാള്‍ട്ട് വയലറ്റ് എന്നീ നിറങ്ങളില്‍ വിപണിയിലെത്തും എന്നാണ് അഭ്യൂഹം.

സാംസങ് ഗാലക്‌സി എസ്26 അള്‍ട്ര: പ്രതീക്ഷിക്കുന്ന ഫീച്ചറുകള്‍

ട്രിപ്പിള്‍ ക്യാമറ സംവിധാനമാണ് സാംസങ് ഗാലക്‌സി എസ്26 ശ്രേണി ഹാന്‍ഡ്‌സെറ്റുകളിലുണ്ടാവുക എന്നാണ് സൂചന. ക്വാല്‍കോം സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്‌സെറ്റായിരിക്കും ഏറ്റവും പ്രീമിയം ഹാന്‍ഡ്‌സെറ്റ് മോഡലായ ഗാലക്‌സി എസ്26 അള്‍ട്രയുടെ തലച്ചോര്‍ എന്നാണ് പ്രതീക്ഷ. 200എംപി പ്രധാന ക്യാമറ, 50എംപി അള്‍ട്രാ-വൈഡ്, 50എംപി ടെലിഫോട്ടോ ക്യാമറ എന്നിവയും കുറഞ്ഞത് 5,000 എംഎഎച്ച് ബാറ്ററിയും സാംസങ് ഗാലക്‌സി എസ്26 അള്‍ട്രയില്‍ പ്രതീക്ഷിക്കുന്നു. ഗാലക്‌സി എസ്26, ഗാലക്‌സി എസ്26 പ്ലസ് എന്നീ സ്‌മാര്‍ട്ട്‌ഫോണുകള്‍ക്കുണ്ടാവുക ക്വാല്‍കോം സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 അല്ലെങ്കില്‍ സാംസങ് എക്‌സിനോട് 2600 ചിപ്‌സെറ്റായിരിക്കും.