'മേക്ക് ഇൻ ഇന്ത്യ'ക്ക് 12 വർഷം; ഇനി ലക്ഷ്യം സ്മാർട്ട്ഫോണിന്റെ ഉള്ളിലെ ഘടകങ്ങൾ, വമ്പൻ പദ്ധതിയുമായി കേന്ദ്രം

Published : Sep 26, 2026, 10:40 AM IST
Mobile Phone

Synopsis

മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ മൊബൈൽ ഫോൺ നിർമാണ മേഖല വലിയ കുതിച്ചുചാട്ടമാണ് നടത്തുന്നത്. ഫോണുകൾ അസംബിൾ ചെയ്യുന്നതിന് പകരം ബാറ്ററി, ക്യാമറ ഉൾപ്പെടെയുള്ള പ്രധാന ഘടകങ്ങൾ ഇന്ത്യയിൽ തന്നെ ഉൽപ്പാദിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ആഗോള കമ്പനികളെ ആകർഷിച്ച് സമ്പൂർണ വിതരണ ശൃംഖല വികസിപ്പിക്കാനാണ് ഈ നീക്കം.

രാജ്യത്തെ മൊബൈൽ ഫോൺ നിർമാണ മേഖലയിൽ കൂടുതൽ സ്വയംപര്യാപ്‍തത ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ. മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് 12 വർഷം പൂർത്തിയാകുന്ന ഘട്ടത്തിലാണ് സ്‍മാർട്ട്ഫോൺ നിർമാണത്തിന്റെ അടുത്ത ഘട്ടം സംബന്ധിച്ച് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്‍ണവ് വിശദീകരണം നൽകിയത്.സ്‍മാർട്ട്ഫോണുകൾ രാജ്യത്ത് അസംബിൾ ചെയ്യുന്നതിൽ മാത്രം ഒതുങ്ങാതെ, അവയ്ക്കുള്ളിലെ വിവിധ ഘടകങ്ങളും ഉപഘടകങ്ങളും നിർമാണ സാമഗ്രികളും രാജ്യത്ത് തന്നെ ഉൽപ്പാദിപ്പിക്കുന്നതിലേക്ക് ഇന്ത്യ കടന്നുവെന്നാണ് മന്ത്രിയുടെ വിശദീകരണം.

മൊബൈൽ നിർമാണം 28 മടങ്ങ് വർധിച്ചു

2014ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് തുടക്കമിട്ടത്. ആഭ്യന്തര ഉൽപ്പാദനശേഷി വർധിപ്പിക്കുക, രാജ്യത്ത് കൂടുതൽ നിക്ഷേപം എത്തിക്കുക, ആഗോള കമ്പനികളെ ഇന്ത്യയിൽ നിർമാണം നടത്താൻ പ്രോത്സാഹിപ്പിക്കുക എന്നിവയായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. സർക്കാർ കണക്കുകൾ പ്രകാരം 2014–15ൽ 18,000 കോടി രൂപ ആയിരുന്ന രാജ്യത്തെ മൊബൈൽ ഫോൺ ഉൽപ്പാദനം 2024–25ൽ 5.45 ലക്ഷം കോടിയായി ഉയർന്നു. അതായത് 28 മടങ്ങിന്റെ വർധന. പ്രതിവർഷം 330 ദശലക്ഷത്തിലധികം മൊബൈൽ ഫോണുകൾ നിർമിക്കുന്ന നിലയിലേക്ക് ഇന്ത്യ എത്തിക്കൊണ്ടിരിക്കുകയാണെന്നും കേന്ദ്രം വ്യക്തമാക്കി.

ഇനി ഫോൺ നിർമാണത്തിനുള്ളിലെ ഘടകങ്ങളിലേക്ക്

സ്‍മാർട്ട്ഫോണിൽ നൂറുകണക്കിന് ഘടകങ്ങളാണ് ഉപയോഗിക്കുന്നത്. ഇതിൽ കൂടുതൽ ഘടകങ്ങളും ഉപഘടകങ്ങളും നിർമാണ സാമഗ്രികളും ഇപ്പോൾ ഇന്ത്യയിൽ തന്നെ ഉൽപ്പാദിപ്പിക്കുന്നുണ്ടെന്ന് അശ്വിനി വൈഷ്‍ണവ് പറഞ്ഞു. ഇതോടെ മൊബൈൽ ഫോണുകൾ കൂട്ടിച്ചേർക്കുന്ന പ്രധാന കേന്ദ്രം എന്ന നിലയിൽ നിന്ന് സ്‍മാർട്ട്ഫോൺ ഘടകങ്ങളുടെ സമ്പൂർണ വിതരണ ശൃംഖല വികസിപ്പിക്കുന്ന രാജ്യമായി മാറുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

ബാറ്ററി നിർമാണത്തിലും മുന്നേറ്റം

മൊബൈൽ ഫോണുകൾക്കാവശ്യമായ ബാറ്ററി സെല്ലുകളുടെ നിർമാണവും ഇന്ത്യയിൽ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ബാറ്ററി സെൽ നിർമാണത്തിൽ മാത്രം ഒതുങ്ങാതെ സെല്ലുകൾ നിർമിക്കാൻ ആവശ്യമായ വിവിധ വസ്തുക്കളുടെ ഉൽപ്പാദനത്തിലേക്കും രാജ്യം കടക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. ലിഥിയം- അയൺ ബാറ്ററി സെല്ലുകളിൽ ഉപയോഗിക്കുന്ന വിവിധ പാളികളും വസ്തുക്കളും രാജ്യത്ത് തന്നെ നിർമിക്കുന്നതിലേക്കാണ് നീക്കം.

സിന്തറ്റിക് ഗ്രാഫൈറ്റും ഇലക്ട്രോലൈറ്റും ഇന്ത്യയിൽ

ലിഥിയം-അയൺ ബാറ്ററിയുടെ ആനോഡിൽ ഉപയോഗിക്കുന്ന പ്രധാന വസ്തുവായ സിന്തറ്റിക് ഗ്രാഫൈറ്റും രാജ്യത്ത് നിർമിക്കാനുള്ള ശേഷി വികസിപ്പിക്കുകയാണെന്ന് വൈഷ്ണവ് അറിയിച്ചു. ബാറ്ററി സെല്ലുകളിൽ ഉപയോഗിക്കുന്ന ദ്രാവക ഇലക്ട്രോലൈറ്റും ഇന്ത്യയിലെ നിർമാണ ശൃംഖലയുടെ ഭാഗമാകുകയാണ്. ബാറ്ററിയിൽ വൈദ്യുത ചാലകമായി ഉപയോഗിക്കുന്ന അസറ്റിലീൻ ബ്ലാക്കും രാജ്യത്ത് തന്നെ നിർമിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ക്യാമറ മുതൽ സർക്യൂട്ട് ബോർഡ് വരെ

സ്‍മാർട്ട്ഫോണിന്റെ പ്രധാന ഘടകങ്ങളായ ക്യാമറ, ക്യാമറ മൊഡ്യൂൾ, ഡിസ്പ്ലേ, സ്പീക്കർ, കോയിൽ, പ്രിന്റഡ് സർക്യൂട്ട് ബോർഡ്, കണക്ടർ തുടങ്ങിയവയും ഇന്ത്യയിൽ നിർമിക്കുന്നുണ്ടെന്ന് കേന്ദ്രം അറിയിച്ചു. ഇതോടെ സ്മാർട്ട്ഫോൺ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലേക്കും ആഭ്യന്തര ഉൽപ്പാദനം വ്യാപിക്കുകയാണ്.

ആഗോള സാങ്കേതിക കമ്പനികളും ഇന്ത്യയിലേക്ക്

മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി കഴിഞ്ഞ വർഷങ്ങളിൽ നിരവധി ആഗോള സാങ്കേതിക കമ്പനികൾ ഇന്ത്യയിൽ സ്വന്തം നിർമാണ യൂണിറ്റുകൾ ആരംഭിക്കുകയോ ഇന്ത്യൻ കമ്പനികളുമായി സംയുക്ത സംരംഭങ്ങളിൽ ഏർപ്പെടുകയോ ചെയ്തിട്ടുണ്ട്. മൊബൈൽ ഫോൺ നിർമാണത്തിൽ കൈവരിച്ച വളർച്ചയുടെ അടുത്ത ഘട്ടമായി ഘടക നിർമാണത്തിലും ബാറ്ററി വിതരണ ശൃംഖലയിലും കൂടുതൽ ആഭ്യന്തര ശേഷി വികസിപ്പിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ഇതുവഴി മൊബൈൽ ഫോൺ നിർമാണ മേഖലയിൽ ഇന്ത്യയുടെ ആഭ്യന്തര മൂല്യവർധന കൂടുതൽ ഉയർത്താനാണ് സർക്കാർ നീക്കം.

PREV
Read more Articles on
click me!

Recommended Stories

ഞെട്ടിക്കാൻ ഒപ്പോ കെ14 പ്ലസ് വരുന്നു; ഫീച്ചറുകൾ അറിയാമോ?
ഓപ്പൺഎഐയുടെ പുതിയ ജിപിടി-6 മോഡലുകളിൽ ഒളിപ്പിച്ചതെന്ത്?