ചൈനയെ മറികടന്നു, യുഎസിലേക്ക് ഏറ്റവും കൂടുതൽ ഐഫോൺ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ

Published : Jun 02, 2025, 01:38 PM ISTUpdated : Jun 02, 2025, 01:41 PM IST
ചൈനയെ മറികടന്നു, യുഎസിലേക്ക് ഏറ്റവും കൂടുതൽ ഐഫോൺ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ

Synopsis

കുറച്ചുകാലം മുമ്പുവരെ അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ ഐഫോണുകള്‍ കയറ്റുമതി ചെയ്തിരുന്നത് ചൈനയായിരുന്നു

ദില്ലി: കുറച്ചു വർഷങ്ങൾക്ക് മുമ്പ് വരെ, ലോകത്ത് ഏറ്റവും കൂടുതൽ ഐഫോണുകൾ എവിടെയാണ് നിർമ്മിക്കുന്നതെന്ന് ആരെങ്കിലും ചോദിച്ചാൽ ഉത്തരം ചൈന എന്നായിരിക്കും. എന്നാൽ ഇപ്പോൾ കഥ അടിമുടി മാറുകയാണ്. ഇന്ത്യ ഐഫോണ്‍ നിര്‍മാണ രംഗത്തെ ഗതി മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. ആപ്പിൾ ഇപ്പോൾ ഇന്ത്യയെ ഐഫോൺ നിർമ്മാണത്തിന്‍റെ പുതിയ കേന്ദ്രമാക്കി മാറ്റുകയാണ്. അതിന്‍റെ കണക്കുകൾ ഏതൊരു ഇന്ത്യക്കാരനും അഭിമാനം തോന്നിപ്പിക്കും.

പ്രതിമാസം ചൈനയെ മറികടന്ന് അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ ഐഫോണുകൾ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയെന്നാണ് മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ഓംഡിയയുടെ റിപ്പോർട്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2025 ഏപ്രിലിൽ ഇന്ത്യയിൽ നിർമ്മിച്ച ഏകദേശം മൂന്ന് ദശലക്ഷം ഐഫോണുകൾ യുഎസിലേക്ക് കയറ്റുമതി ചെയ്തു. താരതമ്യപ്പെടുത്തുമ്പോൾ, ചൈനയിൽ നിന്നുള്ള ഐഫോൺ കയറ്റുമതി 76% വൻതോതിൽ ഇടിഞ്ഞ് വെറും 900,000 യൂണിറ്റായി. കഴിഞ്ഞ വർഷം ഇത് 37 ലക്ഷമായിരുന്നു.

ഇറക്കുമതി ചെയ്യുന്ന ഐഫോണുകൾ രാജ്യത്ത് നിർമ്മിക്കുന്നില്ലെങ്കിൽ 25% താരിഫ് ചുമത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് ആപ്പിൾ ഒരു പ്രധാന വെല്ലുവിളി നേരിടുന്ന സമയത്താണ് ഈ സംഭവവികാസങ്ങൾ. ഇന്ത്യയെയും വിയറ്റ്നാമിനെയും തങ്ങളുടെ നിർമ്മാണ കേന്ദ്രങ്ങളായി പരിഗണിക്കുന്നതായി ആപ്പിൾ സിഇഒ ടിം കുക്ക് ഇതിനകം സൂചിപ്പിച്ചിട്ടുണ്ട്. ഭാവിയിൽ ഇന്ത്യയിൽ ഐഫോണുകൾ നിർമ്മിക്കാനും മാക്, ആപ്പിൾ വാച്ച്, ഐപോഡ് തുടങ്ങിയ ഉൽപ്പന്നങ്ങൾ വിയറ്റ്നാമിൽ നിർമ്മിക്കാനും ആപ്പിൾ പദ്ധതിയിടുന്നു. ഭാവിയിൽ അമേരിക്കയിൽ വിൽക്കുന്ന മിക്ക ഐഫോണുകളും ഇന്ത്യയിൽ നിർമ്മിക്കപ്പെടാനും സാധ്യതയുണ്ട്.

അമേരിക്കയ്ക്ക് വേണ്ടി ഐഫോണുകൾ നിർമ്മിക്കുന്നതിനായി ഇന്ത്യയിൽ പ്ലാന്‍റുകൾ നിർമ്മിക്കുന്നത് നിർത്താൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആപ്പിളിന്‍റെ ടിം കുക്കിനോട് ആവശ്യപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ റിപ്പോർട്ട് വരുന്നത്. ചൈനയിൽ നിന്ന് അകന്നു മാറുന്നതിനനുസരിച്ച് ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കാൻ ആപ്പിളിനെ പ്രേരിപ്പിച്ചു.

ആപ്പിൾ പ്രതിവർഷം 220 ദശലക്ഷത്തിലധികം ഐഫോണുകൾ വിൽക്കുന്നുണ്ടെന്നും യുഎസ്, ചൈന, യൂറോപ്പ് എന്നിവിടങ്ങളിലാണ് അവരുടെ ഏറ്റവും വലിയ വിപണികളെന്നും റോയിട്ടേഴ്‌സിനെ ഉദ്ദരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് പൂർണ്ണമായും സംയോജിതമായ ഒരു വിതരണ ശൃംഖലയുടെ അഭാവത്തിൽ 'മെയ്ഡ് ഇൻ യുഎസ്' ആപ്പിൾ ഐഫോണിന് 3,500 ഡോളർ (2,98,000 രൂപയിൽ കൂടുതൽ) വില വരുമെന്ന് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ രാജ്യത്ത് ഫോണിനുള്ള ഡിമാൻഡ് ഒരു പാദത്തിൽ ഏകദേശം 20 ദശലക്ഷമാണ്.

ആപ്പിളിന്റെ ആഗോള വിതരണ ശൃംഖലയുടെ ഒരു പ്രധാന കേന്ദ്രമായി ഇന്ത്യ സമീപ വർഷങ്ങളിൽ മാറിയിരിക്കുന്നു. തായ്‌വാനീസ് കമ്പനിയായ ഫോക്‌സ്‌കോണിന്റെ തമിഴ്‌നാട്ടിലെ ഫാക്ടറിയിലാണ് ഇന്ത്യയിൽ നിർമ്മിച്ച ഐഫോണുകൾ അസംബിൾ ചെയ്യുന്നത്. പെഗാട്രോൺ കോർപ്പിന്‍റെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ നടത്തുന്ന ടാറ്റ ഇലക്ട്രോണിക്‌സാണ് ഇന്ത്യയിലെ മറ്റൊരു പ്രധാന ഐഫോൺ നിർമ്മാതാക്കൾ. ഐഫോൺ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി ടാറ്റയും ഫോക്‌സ്‌കോണും പുതിയ പ്ലാന്‍റുകൾ നിർമ്മിക്കുകയും ഉൽപ്പാദന ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.

എങ്കിലും, യുഎസിന്‍റെ ആവശ്യങ്ങൾ നിറവേറ്റാൻ ഇന്ത്യയ്ക്ക് കുറച്ച് സമയമെടുക്കുമെന്ന് വിദഗ്ദ്ധർ വിശ്വസിക്കുന്നു. ഇന്ത്യയിലെ ഉൽപാദനം വർധിപ്പിക്കുന്നത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കും. ജൂൺ പാദത്തിൽ യുഎസിൽ വിൽക്കുന്ന ഐഫോണുകളിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്ന് ആപ്പിൾ വാങ്ങുമെന്നും, യുഎസ് നികുതി താരിഫുകളെച്ചൊല്ലിയുള്ള അനിശ്ചിതത്വം കാരണം മറ്റ് വിപണികൾക്കായി ചൈന ഭൂരിഭാഗം ഉപകരണങ്ങളും നിർമ്മിക്കുമെന്നും ഈ മാസം ആദ്യം ടിം കുക്ക് പറഞ്ഞിരുന്നു. ചൈനീസ് നിർമ്മിത ഐഫോണുകൾക്ക് ഇപ്പോഴും 30 ശതമാനം താരിഫ് ഏർപ്പെടുത്തിയിട്ടുണ്ട്.  അതേസമയം ഇന്ത്യൻ ഐഫോണുകൾക്ക് ട്രംപ് ഭരണകൂടം 10 ശതമാനം മാത്രം നികുതി ചുമത്തുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഗാലക്‌സി ടാബ് S10+ ന് അവിശ്വസനീയ ഓഫറുകൾ!
ആപ്പിളിന്‍റെ മടക്കും വിസ്‍മയം: ഡ്യൂവോയിൽ ഇത്രയും പ്രത്യേകതകളോ? ഐഫോൺ ഡ്യൂവോയുടെ രഹസ്യങ്ങൾ