വരുന്നു ഐ ഫോണ്‍ 13; സ്റ്റോറേജിനെക്കുറിച്ച് കേള്‍ക്കുന്നത് 'ചെറിയ കഥയല്ല'.!

By Web TeamFirst Published Apr 20, 2021, 4:44 PM IST
Highlights

ഐഫോണ്‍ ഉപയോക്താക്കള്‍ ഉയര്‍ന്ന സ്റ്റോറേജ് ശേഷി തിരഞ്ഞെടുക്കുന്നതായി റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. അതിനാല്‍ ഇത്തവണ ആപ്പിള്‍ 1 ടിബി ഐഫോണ്‍ 13 വേരിയന്റ് അവതരിപ്പിക്കുന്നത് പരിഗണിച്ചേക്കാം. 

കൊവിഡായാലും ഇത്തവണ ഐഫോണ്‍ 13 കൃത്യസമയത്ത് തന്നെ വരുമെന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. അതു കൊണ്ടു തന്നെ അതിലെ സ്‌പെസിഫേക്കഷനുകളിലാണ് അവരുടെ ശ്രദ്ധ മുഴുവന്‍. ഇത്തവണ ഐഫോണ്‍ 13 സീരീസ് വലിയ സംഭരണ കോണ്‍ഫിഗറേഷനുകളുമായി വരാം. 

ഐഫോണ്‍ ഉപയോക്താക്കള്‍ ഉയര്‍ന്ന സ്റ്റോറേജ് ശേഷി തിരഞ്ഞെടുക്കുന്നതായി റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. അതിനാല്‍ ഇത്തവണ ആപ്പിള്‍ 1 ടിബി ഐഫോണ്‍ 13 വേരിയന്റ് അവതരിപ്പിക്കുന്നത് പരിഗണിച്ചേക്കാം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഐഫോണ്‍ ഉപയോക്താക്കള്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കളേക്കാള്‍ ഉയര്‍ന്ന സ്‌റ്റോറേജ് വേരിയന്റുകള്‍ ആവശ്യപ്പെടുന്നു, ഇതിനൊരു പ്രധാന കാരണമുണ്ട്. പിന്നീടൊരു വിപുലീകരണത്തിന് സാധ്യതയില്ല എന്നതു തന്നെ.

കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് അനുസരിച്ച്, ഉയര്‍ന്ന സ്റ്റോറേജ് ഓപ്ഷനുകള്‍ ആവശ്യപ്പെടുന്ന വാവേയ്ക്ക് ശേഷമുള്ള രണ്ടാമത്തെ കമ്പനിയാണ് ആപ്പിള്‍. ശരാശരി സ്‌റ്റോറേജ് ശേഷിക്ക് സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായം 100 ജിബി മറികടന്നതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
128 ജിബി സ്‌റ്റോറേജ് വേരിയന്റുകളുള്ള പഴയ ഐഫോണ്‍ മോഡലുകളുടെ കയറ്റുമതിയില്‍ വര്‍ധനവുണ്ടായപ്പോള്‍ 64 ജിബി ഐഫോണ്‍ മോഡലുകള്‍ ഇതേ കാലയളവില്‍ കുറഞ്ഞു. നിലവില്‍, ഐഫോണ്‍ 12 പ്രോ മോഡലുകളില്‍ 512 ജിബിയാണ് ആപ്പിള്‍ വില്‍ക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌റ്റോറേജ് ഓപ്ഷന്‍. ഐഫോണ്‍ 13 നൊപ്പം 1 ടിബി സ്‌റ്റോറേജ് ഓപ്ഷന്‍ ഈ വര്‍ഷം അവതരിപ്പിച്ചേക്കുമെന്ന് മാക് റിപ്പോര്‍ട്ട് പറയുന്നു.

മാക് നടത്തിയ ഒരു ചെറിയ സര്‍വേയില്‍ 70 ശതമാനം ഉപയോക്താക്കളും 1 ടിബി ഐഫോണ്‍ ഉള്ള ഐഫോണ്‍ 13 ലേക്കു പോയേക്കാമെന്നും 12 ശതമാനം ഉപയോക്താക്കള്‍ ആപ്പിള്‍ ലോഞ്ച് ചെയ്യുമ്പോള്‍ തീര്‍ച്ചയായും ഒരെണ്ണം വാങ്ങുമെന്നും അഭിപ്രായപ്പെട്ടു. ശേഷിക്കുന്ന 11 ശതമാനം ഉപയോക്താക്കള്‍ വാങ്ങുന്നതിനുമുമ്പ് കാത്തിരിക്കുമെന്നും അത് എത്രത്തോളം ആവശ്യമാണെന്ന് ആദ്യം പരിശോധിക്കുമെന്നും പറഞ്ഞു. എന്തായാലും, വരാനിരിക്കുന്ന ഐഫോണ്‍ 13 നെക്കുറിച്ച് വ്യാപകമായി തന്നെ ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. 

ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഐഫോണ്‍ 13 മുന്‍വശത്ത് ഒരു ചെറിയ നോട്ടുമായി വരുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ചിലര്‍ ഐഫോണ്‍ 13 വലിയ ഡിസ്‌പ്ലേകള്‍ അവതരിപ്പിക്കുമെന്ന് അവകാശപ്പെടുന്നു. ഐഫോണ്‍ 13 പ്രോ മാക്‌സിന് 6.7 ഇഞ്ച് ഡിസ്‌പ്ലേയുണ്ടാകാമെന്നും അടിസ്ഥാന മോഡല്‍ ഐഫോണ്‍ 13 ന് 6.1 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടെന്നും കരുതുന്നു. 5.4 ഇഞ്ച് സ്‌ക്രീന്‍ വലുപ്പം ആപ്പിള്‍ ഇത്തവണ ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ രൂപകല്‍പ്പനയിലൂടെ ആപ്പിള്‍ ഐഫോണ്‍ 13 നൊപ്പം എ 15 ബയോണിക് ചിപ്‌സെറ്റും അവതരിപ്പിക്കും. എക്കാലത്തെയും പോലെ ഇത്തവണയും സെപ്റ്റംബറില്‍ കമ്പനി പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതിനുമുമ്പ് നിരവധി കാര്യങ്ങള്‍ മാറി മറിഞ്ഞേക്കാം.

click me!