
സോള്‍: ആപ്പിളിന്‍റെ മിഡ്-റേഞ്ച് സ്‌മാര്‍ട്ട്ഫോണായ ഐഫോണ്‍ എസ്ഇ 4ന് 48 മെഗാപിക്‌സലിന്‍റെ സിംഗിള്‍ റീയര്‍ ക്യാമറയായിരിക്കും ഉണ്ടാവുക എന്ന് വീണ്ടും സൂചന. ഈ ക്യാമറ ഏതാണ്ട് ഐഫോണ്‍ 16ലേതിനാണ് സമാനമാകാനാണ് സാധ്യത.
അടുത്ത തലമുറ എസ്ഇ സ്‌മാര്‍ട്ട്ഫോണിനെ കുറിച്ച് ആപ്പിള്‍ ഇതുവരെ മനസ് തുറന്നിട്ടില്ലെങ്കിലും അഭ്യൂഹങ്ങള്‍ നിറയുകയാണ്. 48 എംപി റീയര്‍ ക്യാമറയായിരിക്കും ഐഫോണ്‍ എസ്ഇ 4ല്‍ വരിക എന്ന വിവരം വീണ്ടും പുറത്തുവന്നു. ദക്ഷിണ കൊറിയയില്‍ നിന്നാണ് പുതിയ സൂചന വന്നിരിക്കുന്നത്. ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡായ എല്‍ജിയാണ് ഐഫോണ്‍ എസ്ഇ 4ന്‍റെ ഫ്രണ്ട് ക്യാമറ, റീയര്‍ ക്യാമറ എന്നിവയുടെ മൊഡ്യൂളുകള്‍ പ്രധാനമായും നിര്‍മിക്കുന്നത് എന്ന് ദക്ഷിണ കൊറിയന്‍ മാധ്യമമായ ഇ.ടി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എസ്ഇ 4 മോഡലില്‍ 12 മെഗാപിക്‌സലിന്‍റെ സെല്‍ഫി ക്യാമറയായിരിക്കും ഉണ്ടാവുക എന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. 2022ല്‍ പുറത്തിറങ്ങിയ എസ്ഇ3യില്‍ 12 എംപിയുടെ റീയര്‍ ക്യാമറയും 7 എംപിയുടെ സെല്‍ഫി ക്യാമറയുമായിരുന്നു ഉണ്ടായിരുന്നത്.
ഐഫോണ്‍ എസ്ഇ 4ല്‍ ഐഫോണ്‍ 16ലെ അള്‍ട്രാ-വൈഡ് റീയര്‍ സെന്‍സര്‍ ഉണ്ടായിരിക്കില്ല എന്നാണ് സൂചന. 400 ഡോളര്‍ (ഏതാണ് 35,000 ഇന്ത്യന്‍ രൂപ) വിലയിലാവും ഐഫോണ്‍ എസ്ഇ 4 വേരിയന്‍റുകള്‍ ആരംഭിക്കാന്‍ സാധ്യത. എല്‍ജിക്ക് പുറമെ ഫോക്‌സ്കോണും കോവെല്‍ ഇലക്ട്രോണിക്സും വരും ഐഫോണിന് ക്യാമറ ഭാഗങ്ങള്‍ നിര്‍മിച്ച് നല്‍കും എന്നും ഇ.ടി ന്യൂസ് പറയുന്നു.
2025ന്‍റെ ആദ്യ പാദത്തിലാവും ഐഫോണ്‍ എസ്ഇ 4 അവതരിപ്പിക്കപ്പെടുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആപ്പിളിന്‍റെ എ18 ചിപ്പിലും 8 ജിബി റാമിലുമായിരിക്കും എസ്ഇ 4 വരിക എന്ന വിവരവും ഐഫോണ്‍ പ്രേമികളെ ആവേശം കൊള്ളിക്കുന്നതാണ്. ഫേസ് ഐഡി, 6.06 ഇഞ്ച് എല്‍ടിപിഎസ് ഒഎല്‍ഇഡി ഡിസ്പ്ലെ, 3,279 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഐഫോണ്‍ എസ്ഇ 4ന് വരുമെന്ന് പറയപ്പെടുന്ന മറ്റ് ചില ഫീച്ചറുകള്‍.
Read more: ഐഫോണ്‍ എസ്ഇ 4 പ്രതീക്ഷിച്ചതിലും നേരത്തെ എത്തും; ആപ്പിള്‍ പ്രേമികള്‍ക്ക് സന്തോഷിക്കാനേറെ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം