തിരുമ്പി വന്തിട്ടെന്ന് സൊല്ല്.!; മൈക്രോമാക്സിന്‍റെ വമ്പന്‍ തിരിച്ചുവരവ്

By Web TeamFirst Published Oct 17, 2020, 8:04 AM IST
Highlights

ഇന്ത്യന്‍ കമ്പനികള്‍ നിര്‍മ്മിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വലിയ ഡിമാന്‍ഡുണ്ടെന്നും അടുത്തിടെ നടന്ന ഇന്തോ-ചൈനീസ് പിരിമുറുക്കത്തിന് ശേഷം ഇത് കൂടുതല്‍ ഉപയോക്താക്കളെ നേടിയിട്ടുണ്ടെന്നും രാഹുല്‍ ശര്‍മ പറഞ്ഞു. 

ദില്ലി: ഇന്ത്യന്‍ വിപണിയില്‍ വന്‍ തിരിച്ചുവരവ് നടത്താനൊരുങ്ങി മൈക്രോ മാക്‌സ്. തദ്ദേശീയ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ മൈക്രോമാക്‌സ് പുതിയ സബ് ബ്രാന്‍ഡിനായി 500 കോടി രൂപയുടെ പുതിയ പദ്ധതിക്കും തുടക്കം കുറിക്കുകയാണ്. ബോളിവുഡ് നടിയും മലയാളിയുമായ അസിന്‍ തോട്ടുങ്കലിന്റെ ഭര്‍ത്താവ് കൂടിയായ മൈക്രോമാക്‌സ് സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മ അവരുടെ ഔദ്യോഗിക പേജില്‍ പങ്കിട്ട ഒരു വൈകാരിക വീഡിയോയിലാണ് ഈ വിവരങ്ങളുള്ളത്. 

'ഞാന്‍ ഒരു മധ്യവര്‍ഗ കുടുംബത്തിലാണ് ജനിച്ചത്. വലിയ എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചു. എന്റെ പിതാവില്‍ നിന്നുള്ള പിന്തുണയും എന്റെ മൂന്നു സുഹൃത്തുക്കളുമായി ചേര്‍ന്നു ഞാന്‍ മൈക്രോമാക്‌സ് ആരംഭിച്ചു. എന്നാല്‍ ഇടയ്ക്ക് കാലിടറി. വീണ്ടും ഞങ്ങള്‍ വരികയാണ്.'ചൈനീസ് ബ്രാന്‍ഡുകള്‍ രാജ്യത്ത് പ്രവേശിച്ചതിനുശേഷം അത്തരം ബ്രാന്‍ഡ് എങ്ങനെയാണ് വലുതായിത്തീര്‍ന്നതെന്നും ക്രമേണ തങ്ങളുടേത് തകര്‍ന്നതെങ്ങനെയെന്നും അദ്ദേഹം വിശദീകരിക്കുന്നു. പ്രധാനമന്ത്രി മോദിയുടെ 'ആത്മീര്‍ഭര്‍ ഭാരത്' സംരംഭത്തെ ഉദ്ധരിച്ച് ശര്‍മ പറഞ്ഞു, 'അതിര്‍ത്തിയില്‍ എന്താണ് സംഭവിച്ചത്, അത് ഒരിക്കലും ശരിയായിരുന്നില്ല. ഞാന്‍ ഒരുപാട് ചിന്തിച്ചു. ഇപ്പോള്‍ ഞാന്‍ ചെയ്യുന്നതെന്തും എന്റെ രാജ്യത്തിനു വേണ്ടിയാണ്. ഞാന്‍ ഇന്ത്യയ്ക്കായി അതു ചെയ്യും. ഇപ്പോള്‍ ജീവിതം എനിക്ക് മറ്റൊരു അവസരം നല്‍കി, മൈക്രോമാക്‌സ് തിരികെ വരുന്നു' അദ്ദേഹം പറഞ്ഞു.

We're with ! What about you? pic.twitter.com/eridOF5MdQ

— Micromax India (@Micromax__India)

ഇന്ത്യന്‍ കമ്പനികള്‍ നിര്‍മ്മിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വലിയ ഡിമാന്‍ഡുണ്ടെന്നും അടുത്തിടെ നടന്ന ഇന്തോ-ചൈനീസ് പിരിമുറുക്കത്തിന് ശേഷം ഇത് കൂടുതല്‍ ഉപയോക്താക്കളെ നേടിയിട്ടുണ്ടെന്നും രാഹുല്‍ ശര്‍മ പറഞ്ഞു. ഒരിക്കല്‍ മാര്‍ക്കറ്റ് ലീഡറായിരുന്ന മൈക്രോമാക്‌സിന് ഷവോമി, ഓപ്പോ, വിവോ തുടങ്ങിയവരുടെ വരവോടെയാണ് പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നത്. എന്നാല്‍, കോവിഡ് 19 മൂലമുള്ള സപ്ലൈ ചെയിന്‍ തകരാറും ചൈന വിരുദ്ധ വികാരവും കാരണം, ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളുടെ ഇന്ത്യയിലെ വിപണി വിഹിതം 2020 ജൂണ്‍ പാദത്തില്‍ 72 ശതമാനമായി കുറഞ്ഞിരുന്നു. (കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് പ്രകാരം). ഇതു മുതലാക്കാനാണ് മൈക്രോമാക്‌സിന്റെ ശ്രമം.

പ്രതിമാസം 2 ദശലക്ഷം യൂണിറ്റ് ശേഷിയുള്ള ഭിവടി, ഹൈദരാബാദ് എന്നിവിടങ്ങളിലെ കമ്പനിയുടെ രണ്ട് ഫാക്ടറികളില്‍ IN അഥവ ഇന്ത്യ എന്ന് സൂചിപ്പിക്കുന്ന പേരില്‍ ബ്രാന്‍ഡഡ് ഫോണുകള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്. റീട്ടെയില്‍, വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനായും മൈക്രോമാക്‌സ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ഇന്ത്യയിലുടനീളം പതിനായിരത്തിലധികം ഔട്ട്‌ലെറ്റുകളുടെയും ആയിരത്തിലധികം സേവന കേന്ദ്രങ്ങളുടെയും ചില്ലറ സാന്നിധ്യം കമ്പനിക്കുണ്ട്.

അവതരിപ്പിക്കുന്ന ഉപകരണങ്ങളുടെ എണ്ണം സംബന്ധിച്ച് ശര്‍മ്മ അഭിപ്രായമൊന്നും പറയുന്നില്ലെങ്കിലും ഉത്സവ സീസണില്‍ ബ്രാന്‍ഡ് ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. 'വിട്ടുവീഴ്ചയില്ലാത്ത പ്രകടനവും സുരക്ഷിതമായ ഉപയോക്തൃ അനുഭവവുമുള്ള ഫോണുകള്‍ വാഗ്ദാനം ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, അവര്‍ക്ക് മോശപ്പെട്ട ഒരു ഫോണ്‍ നല്‍കരുത് എന്നത് ഞങ്ങളുടെ ആഗ്രഹമാണ്,' അദ്ദേഹം പറഞ്ഞു. പുതിയ ബ്രാന്‍ഡ് കൊണ്ടുവരാനുള്ള ഈ തീരുമാനത്തില്‍ മൂന്ന് ഘടകങ്ങള്‍ക്ക് പങ്കുണ്ടെന്ന് ശര്‍മ്മ വിശദീകരിച്ചു.

'സര്‍ക്കാര്‍ പിന്തുണയോടെ ഞങ്ങള്‍ക്ക് കൂടുതല്‍ ആക്രമണാത്മകമായി പോരാടാന്‍ കഴിയും. രണ്ടാമത്തേത് ചൈന വിരുദ്ധ സാഹചര്യമാണ്, ഇന്ത്യക്കാരില്‍ നിന്ന് ഫോണുകള്‍ക്ക് ആവശ്യമുണ്ടെന്ന് അനലിസ്റ്റുകളില്‍ നിന്നും ഡീലര്‍മാരില്‍ നിന്നും ഞങ്ങള്‍ കേട്ടു. അത് ദീര്‍ഘകാലത്തേക്കും ആയിരിക്കും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിപണി വികസിച്ചുവരികയാണ്. ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന ഉപകരണങ്ങള്‍ കൊണ്ടുവരുന്നതിനാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
 

click me!