Motorola Edge 30 : ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്‌ഫോണ്‍; മോട്ടോ എഡ്ജ് 30 വിലയും പ്രത്യേകതയും

By Web TeamFirst Published May 16, 2022, 11:55 AM IST
Highlights

ആദ്യ വില്‍പ്പനയില്‍ ഫോണ്‍ വാങ്ങുന്നവര്‍ക്ക് 2,000 രൂപ വിലക്കുറവ് ഉണ്ട്. മെയ് 19 മുതല്‍ ഫ്ലിപ്പ്കാര്‍ട്ട് വഴിയും റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോര്‍ വഴിയുമാണ് വില്‍പ്പന നടക്കുന്നത്. 

ദില്ലി: വിപണിയിലെ ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്‌ഫോണ്‍ എന്ന് അവകാശപ്പെട്ടാണ് മോട്ടോറോള എഡ്ജ് 30 ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഈ ഫോണ്‍ പുറത്തിറക്കിയത്. സ്‌നാപ്ഡ്രാഗണ്‍ 778+ 5ജി പ്രൊസസര്‍, ഒഎല്‍ഇഡി ഡിസ്‌പ്ലേ, 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 50 എംപി ക്വാഡ് ക്യാമറ, 4020 എംഎഎച്ച് ബാറ്ററി, 33 വാട്ട് അതിവേഗ ചാര്‍ജിംഗ് സംവിധാനത്തോടെയാണ് ഈ ഫോണ്‍ എത്തുന്നത്. 

രണ്ട് പതിപ്പുകളാണ് ഈ ഫോണിന് ഉള്ളത്. ആറ് ജിബി റാം + 128 ജിബി പതിപ്പും, എട്ട് ജിബി റാം + 256 ജിബി പതിപ്പും ഇവയ്ക്ക് യഥാക്രമം 27,999 രൂപയും, 29,999 രൂപയുമാണ് വില. എന്നാല്‍ ആദ്യ വില്‍പ്പനയില്‍ ഫോണ്‍ വാങ്ങുന്നവര്‍ക്ക് 2,000 രൂപ വിലക്കുറവ് ഉണ്ട്. മെയ് 19 മുതല്‍ ഫ്ലിപ്പ്കാര്‍ട്ട് വഴിയും റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോര്‍ വഴിയുമാണ് വില്‍പ്പന നടക്കുന്നത്. 

മറ്റ് സവിശേഷതകള്‍ പരിശോധിച്ചാല്‍ 6.7 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഫോണിന് ഉള്ളത്. ഇതിന് 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട് . എച്ച്ഡിആര്‍ 10 പ്ലസ്, ഡിസി ഡിമ്മിങ്, ഫിംഗര്‍പ്രിന്റ് റീഡര്‍ തുടങ്ങിയ സൗകര്യങ്ങളും ഈ ഡിസ്പ്ലേയില്‍ ലഭിക്കും.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 778+ 5ജി പ്രൊസസര്‍ ചിപ്പാണ് ഈ ഫോണിന്‍റെ കരുത്ത്. ക്വാഡ് ഫങ്ഷന്‍ ക്യാമറ സെറ്റപ്പാണ് ഈ ഫോണിന്.50 എംപി പ്രൈമറി ക്യാമറ, അള്‍ട്രാ വൈഡ്, മാക്രോ സൗകര്യങ്ങളുള്ള 50 എംപി ക്യാമറ, ഒരു ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍ക്കൊള്ളുന്നു 32 എംപിയാണ് സെല്‍ഫി ക്യാമറ.

ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള സ്‌റ്റോക്ക് ആന്‍ഡ്രോയിഡ് അനുഭവമാണ് മോട്ടോറോള എഡ്ജ് 30 നല്‍കുക. ആന്‍ഡ്രോയിഡ് 13, 14 അപ്‌ഡേറ്റുകള്‍ ഇതില്‍ ലഭിക്കും.

click me!