ഐഫോണ്‍ എയർ ആപ്പിളിന്‍റെ സ്ലിം ബ്യൂട്ടി! പക്ഷേ ഇന്ത്യക്കാരെ സന്തോഷിപ്പിച്ചേക്കില്ല, വിലയും ഹിമാലയം കയറി

Published : Sep 10, 2025, 07:09 AM IST
iPhone Air

Synopsis

ഐഫോണ്‍ എയറില്‍ സിം-ട്രേ ആപ്പിള്‍ ഒഴിവാക്കി. പൂർണമായും ഇ-സിം സാങ്കേതികവിദ്യയിലുള്ളതാണ് ഐഫോണ്‍ എയർ.

കാലിഫോർണിയ: ഐഫോണുകളിലെ സ്ലിം ബ്യൂട്ടി! വെറും 5.6 എംഎം മാത്രം കനം, ആപ്പിളിന്‍റെ ഡിസൈനിംഗ് പാടവം എടുത്തുകാണിക്കുന്ന സ്ലീക്ക് സ്റ്റൈല്‍ സ്‍മാർട്ട്‍ഫോണ്‍... ആപ്പിളിന്‍റെ ഏറ്റവും പുതിയ ഐഫോണ്‍ എയർ ( ഐഫോണ്‍ 17 എയർ) കാഴ്‍ചയില്‍ പുത്തനനുഭവമാണ് സ്മാർട്ട്ഫോണ്‍ പ്രേമികള്‍ക്ക് സമ്മാനിക്കുന്നത്. എന്നാല്‍ ഇന്ത്യക്കാരെ അത്ര സന്തോഷിപ്പിക്കുന്നതായിരിക്കില്ല ഈ ഇത്തിരിക്കുഞ്ഞന്‍ ഐഫോണ്‍ (iPhone Air). അതിനൊരു കാരണമുണ്ട്.

ആപ്പിള്‍ കമ്പനി ഐഫോണ്‍ എയറിനെ ചരിത്രത്തിലെ ഏറ്റവും കട്ടി കുറഞ്ഞ ഐഫോണാക്കി മാറ്റിയത് ഹാർഡ്‍വെയറില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയാണ്. ഇതിന്‍റെ ഭാഗമായി ഐഫോണ്‍ 17 എയറില്‍ നിന്ന് സിം-ട്രേ ഒഴിവാക്കി. ഇതോടെ ഫോണിന്‍റെ കനം കുറയ്ക്കാന്‍ ആപ്പിളിനായി. പൂർണമായും ഇ-സിം സാങ്കേതികവിദ്യയിലുള്ളതാണ് ഐഫോണ്‍ എയർ. എന്നാല്‍ ഇന്ത്യക്കാരാവട്ടെ, ഇപ്പോഴും ഇ-സിം സാങ്കേതികവിദ്യയോട് അത്ര പൊരുത്തപ്പെട്ടിട്ടില്ല. നമുക്ക് ഇപ്പോഴും സിം-ട്രേയും മാനുവലായി സിം ഇട്ട് ഉപയോഗിക്കുന്ന രീതിയുമാണ് കൂടുതല്‍ വശം. അതിനാല്‍തന്നെ ഇന്ത്യന്‍ വിപണിയില്‍ ആപ്പിളിന്‍റെ സിം-ട്രേയില്ലാത്ത ഐഫോണ്‍ എയർ എത്രകണ്ട് ക്ലിക്കാകുമെന്ന് കണ്ടറിയണം. എന്നാല്‍ ഈ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് സൂചിപ്പിക്കുന്നതായിരുന്നു ആപ്പിളിന്‍റെ ലോഞ്ച് ഇവന്‍റിലെ വാക്കുകള്‍. ലോകമെമ്പാടുമുള്ള വിപണികളില്‍ ഇ-സിം അധിഷ്ഠിത നെറ്റ്‍വർക്ക് സേവനം ലഭ്യമാണെന്നും അതിനാല്‍ സിം-ട്രേ ഇല്ലാത്തത് തിരിച്ചടിയാവില്ലെന്നും ആപ്പിള്‍ കണക്കുകൂട്ടുന്നു. എന്നിരുന്നാലും, വളരുന്ന ഏറ്റവും വലിയ ഐഫോണ്‍ വിപണികളിലൊന്നായ ഇന്ത്യയിലെ യൂസർമാർ ഐഫോണ്‍ എയറിനെ എങ്ങനെ സ്വീകരിക്കുമെന്നത് വലിയ ആകാംക്ഷയാവും.

ആപ്പിളിന്‍റെ ഡിസൈന്‍ അത്ഭുതമാണ് ഐഫോണ്‍ എയർ. ചരിത്രത്തിലെ ഏറ്റവും സ്ലിം ആയ ഐഫോണ്‍. വെറും 5.6 എംഎം ആണ് ഐഫോണ്‍ എയറിന്‍റെ കട്ടി. 6.5 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്‍ഡിആർ ഡിസ്പ്ലെ, 120 ഹെർട്‍സ് ഡിസ്‍പ്ലെ, 3000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, ടൈറ്റാനിയം ഫ്രെയിം, നാല് നിറങ്ങള്‍, എ19 പ്രോ ചിപ്, എന്‍1 വൈ-ഫൈ ചിപ് (ആപ്പിളിന്‍റെ ആദ്യ വൈ-ഫൈ ചിപ്), ക്യാമറ കണ്‍ട്രോള്‍, ആക്ഷന്‍ ബട്ടണ്‍, ആപ്പിള്‍ ഇന്‍റലിജന്‍സ് എന്നിവയാണ് പ്രധാന പ്രത്യേകതകള്‍. 48 എം.പിയുടെ ഫ്യൂഷന്‍ സിംഗിള്‍ ക്യാമറയാണ് ഐഫോണ്‍ 17 എയറില്‍ പിന്‍ഭാഗത്തുള്ളത്. സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായുള്ളത് 18 എംപി സെന്‍ട്രല്‍ സ്റ്റേജ് ഫ്രണ്ട് ക്യാമറയും. 4K വീഡിയോ റെക്കോർഡിംഗ് ഐഫോണ്‍ എയറില്‍ സാധ്യമാണ്. എത്ര എംഎഎച്ചാണ് കപ്പാസിറ്റി എന്ന് ആപ്പിള്‍ വ്യക്തമാക്കിയില്ലെങ്കിലും ദിവസം മുഴുവന്‍ ഉപയോഗിക്കാനുള്ള ബാറ്ററി ശേഷി ഐഫോണ്‍ എയറിന് ലഭിക്കുമെന്നാണ് ആപ്പിളിന്‍റെ അവകാശവാദം. 40 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ആപ്പിള്‍ വാഗ്‍ദാനം ചെയ്യുന്നു.

സെപ്റ്റംബർ 12ന് ഇന്ത്യന്‍ സമയം വൈകിട്ട് 5.30 മുതല്‍ ഐഫോണ്‍ എയർ പ്രീ-ഓർഡർ ചെയ്യാ. സെപ്റ്റംബർ 19 മുതല്‍ ഫോണ്‍ വാങ്ങാം. 1,19,900 രൂപയാണ് ഐഫോണ്‍ എയറിന് ഇന്ത്യയിലെ ആരംഭ വില (256 ജിബി സ്റ്റോറേജ്). 256 ജിബിക്ക് പുറമെ 512 ജിബി, 1ടിബി എന്നീ സ്റ്റോറേജുകളില്‍ ഐഫോണ്‍ എയർ ലഭ്യമാകും. ഐഫോണ്‍ എയറിന്‍റെ വില ഇന്ത്യന്‍ വിപണിക്ക് താങ്ങാനാവുമോ എന്നതും സംശയമാണ്. ഐഫോണ്‍ എയറിന്‍റെ 512 ജിബിക്ക് 1,39,900 രൂപയും 1 ടിബി മോഡലിന് 1,59,900 രൂപയുമാണ് ഇന്ത്യയിലെ വില.

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി