മുമ്പ് പുറത്തുവന്നതെല്ലാം വെറും അഭ്യൂഹങ്ങള്‍ മാത്രം, ആപ്പിളിന്‍റെ ഫോള്‍ഡബിള്‍ ഐഫോണിന്‍റെതായി ഇപ്പോള്‍ പുറത്തുവന്ന ഡിസൈനോ യഥാര്‍ഥം? ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാം. 

കാലിഫോര്‍ണിയ: ആപ്പിൾ കമ്പനി ഫോൾഡബിൾ സ്‌മാർട്ട്ഫോൺ വിപണിയിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പുകളിലാണ് എന്ന് കുറേക്കാലമായി കേട്ടുതുടങ്ങിയിട്ട്. എന്നാൽ കമ്പനിയുടെ ആദ്യ ഫോൾഡബിൾ ഐഫോൺ ഔദ്യോഗികമായി അവതരിപ്പിക്കാൻ ഇനി കുറച്ച് മാസങ്ങൾ കൂടി വേണ്ടിവരും. ആപ്പിൾ അവരുടെ ഉൽപ്പന്ന പോർട്ട്ഫോളിയിലുടനീളം “ഹാലോ ഇഫക്റ്റ്” സൃഷ്‌ടിക്കുന്നതിന് ഏറ്റവും പ്രീമിയം ശ്രേണിയിലാണ് ഈ ഫോൾഡബിൾ ഐഫോൺ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നത് എന്നാണ് പുതിയ റിപ്പോർട്ടുകൾ.

Add Asianetnews as a Preferred SourcegooglePreferred

ഫോള്‍ഡബിള്‍ ഐഫോണ്‍

ആപ്പിളിന്‍റെ ആദ്യ ഫോൾഡബിൾ ഐഫോൺ ഒരു ബുക്ക്-സ്റ്റൈൽ ഡിസൈനില്‍ ആയിരിക്കുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. സാംസങ് ഗാലക്‌സി ഇസഡ് ഫോള്‍ഡ് സീരീസിനോട് സാമ്യമുള്ള രീതിയിൽ, ഫോൺ തിരശ്ചീനമായി തുറക്കാവുന്ന ഡിസൈനാണ് ഇതിന് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ പുറത്തുവന്ന പുതിയ റിപ്പോർട്ട് അനുസരിച്ച്, ആപ്പിൾ അതിനേക്കാൾ ചെറുതും കോംപാക്റ്റുമായ ഒരു ക്ലാംഷെൽ ഡിസൈന്‍ ഫോള്‍ഡ‍ബിള്‍ ഐഫോണിന് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.

ബ്ലൂംബർഗിലെ പ്രമുഖ ടെക് ജേർണലിസ്റ്റായ മാർക്ക് ഗുർമാന്‍റെ റിപ്പോർട്ട് പ്രകാരം, ലംബമായി മടക്കാവുന്ന ഒരു ഫോൾഡബിൾ ഐഫോൺ ആപ്പിളിന്‍റെ പരീക്ഷണ ഘട്ടത്തിലുണ്ട്. അനൗപചാരികമായി ‘ഐഫോൺ ഫ്ലിപ്പ്’ എന്ന പേരിൽ അറിയപ്പെടുന്ന ഈ മോഡൽ, സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്, മോട്ടോറോള റേസർ തുടങ്ങിയ ഫോണുകളോട് സാമ്യമുള്ള ഒരു ചതുരാകൃതിയിലുള്ള ഫോം ഫാക്‌ടറിലേക്കാണ് മടങ്ങുക. ആപ്പിൾ ലാബുകളിൽ ഇത്തരം പ്രോട്ടോട്ടൈപ്പുകൾ ഇതിനകം തന്നെ പരീക്ഷിച്ചതായി ഗുർമാൻ വ്യക്തമാക്കുന്നു. എന്നാൽ, ഇത് വിപണിയിലെത്തുന്ന സമയത്തെക്കുറിച്ച് വ്യക്തതയില്ല.

ആപ്പിളിന്‍റെ കണക്കുകൂട്ടല്‍ ഇങ്ങനെ

ഫോൾഡബിൾ ഐഫോൺ വിഭാഗത്തിൽ വന്‍ ഡിമാന്‍ഡ് സൃഷ്‌ടിക്കാൻ ആപ്പിളിന് കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കമ്പനി എന്നാണ് റിപ്പോർട്ടുകൾ. ആദ്യ മോഡൽ വിജയിച്ചാൽ, ഉപഭോക്താക്കൾ വിവിധ വലിപ്പങ്ങളിലും ആകൃതികളിലും ഉള്ള ഫോൾഡബിൾ ഐഫോണുകൾ ആവശ്യപ്പെടുമെന്നാണ് ആപ്പിളിന്‍റെ കണക്കുകൂട്ടൽ. ഇതോടൊപ്പം, ഒരു വലിയ ഫോൾഡബിൾ ഐപാഡും ആപ്പിൾ വികസിപ്പിച്ചുവരികയായിരുന്നു. എന്നാൽ ആ പദ്ധതിക്ക് ചില സാങ്കേതിക തടസങ്ങൾ നേരിട്ടതായാണ് റിപ്പോർട്ടുകൾ. നിലവിൽ, വിവിധ ഫോം ഫാക്‌ടറുകളിലുള്ള ഫോൾഡബിൾ ഐഫോണുകളിലേക്കാണ് ആപ്പിളിന്‍റെ പ്രധാന ശ്രദ്ധ. ഇതുവഴി വ്യത്യസ്‍ത വിഭാഗങ്ങളിൽ ഉള്ള ഉപഭോക്താക്കളെ ആകർഷിക്കുക എന്നതാണ് ലക്ഷ്യം.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്