'നദിയ മൊയ്തുവിന്‍റെ കണ്ണട സത്യമായി': വിവാദ ക്യാമറ ഫീച്ചര്‍ പിന്‍വലിച്ച് വണ്‍പ്ലസ്

By Web TeamFirst Published May 19, 2020, 12:41 PM IST
Highlights

ശരിക്കും സംഭവം ഇങ്ങനെയാണ്, വണ്‍പ്ലസ് 8 പ്രോയുടെ 5 എംപി കളര്‍ ഫില്‍റ്റര്‍ ഇന്‍ഫ്രാറെഡ് ക്യാമറയാണ് പ്രശ്നം. ഈ ക്യാമറയില്‍ ഒരു ഫില്‍റ്റര്‍ ഉണ്ട്, ഫോട്ടോക്രോം എന്നാണ് പേര്. ഈ ഫില്‍റ്റര്‍ ഫോണിന്‍റെ ക്യാമറ ആപ്പിനൊപ്പം ഉപയോഗിക്കുമ്പോള്‍ ചില വസ്ത്രങ്ങളടക്കം പല സാധനങ്ങളിലൂടെ പിന്നിലെന്താണെന്നു കാണാമെന്നാണ് ചില ടെക് ബ്ലോഗര്‍മാര്‍ കണ്ടെത്തിയത്.

ബെയിജിംഗ്: വണ്‍പ്ലസ് ഫോണിന്‍റെ പുതിയ ക്യാമറ ഫീച്ചര്‍ സംബന്ധിച്ച് ഏറെ വിമര്‍ശനവും വാര്‍ത്തയുമാണ് അടുത്തിടെ വന്നത്. അടുത്തിടെയാണ് വണ്‍പ്ലസ് തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ്  ഫോണ്‍ വണ്‍പ്ലസ് 8 പ്രോ പുറത്തിറക്കിയത്. ക്യാമറയില്‍ അടക്കം നൂതനമായ അപ്ഡേറ്റ് വാഗ്ദാനം ചെയ്യുന്ന ഈ ഫോണിന്‍റെ ഒരു ഫീച്ചര്‍ ചര്‍ച്ചയും വിവാദവുമായത് അതിവേഗമാണ്. വസ്ത്രത്തിനും പ്ലാസ്റ്റിക്കിനുമൊക്കെ ഉള്ളിലേക്ക് നോക്കിക്കാണാനുള്ള കഴിവാണ് ഇതിന്‍റെ ഒരു ക്യാമറ ഫീച്ചറിനുള്ളത്. മര്യാദ ലംഘനത്തിന്റെ പേരില്‍ കമ്പനിക്കെതിരെ വലിയ പ്രതിഷേധം ഓണ്‍ലൈനില്‍ ഉടലെടുത്തു. ലോക്ക്ഡൗണ്‍ ആയതിനാല്‍ വലിയതോതില്‍ മാര്‍ക്കറ്റില്‍ എത്താതിനാല്‍ വ്യാപക പരാതി ഉണ്ടായില്ല. 

ശരിക്കും സംഭവം ഇങ്ങനെയാണ്, വണ്‍പ്ലസ് 8 പ്രോയുടെ 5 എംപി കളര്‍ ഫില്‍റ്റര്‍ ഇന്‍ഫ്രാറെഡ് ക്യാമറയാണ് പ്രശ്നം. ഈ ക്യാമറയില്‍ ഒരു ഫില്‍റ്റര്‍ ഉണ്ട്, ഫോട്ടോക്രോം എന്നാണ് പേര്. ഈ ഫില്‍റ്റര്‍ ഫോണിന്‍റെ ക്യാമറ ആപ്പിനൊപ്പം ഉപയോഗിക്കുമ്പോള്‍ ചില വസ്ത്രങ്ങളടക്കം പല സാധനങ്ങളിലൂടെ പിന്നിലെന്താണെന്നു കാണാമെന്നാണ് ചില ടെക് ബ്ലോഗര്‍മാര്‍ കണ്ടെത്തിയത്. ശരിക്കും സിംപിളായി പറഞ്ഞാല്‍ 'നോക്കെത്താ ദൂരത്ത് കണ്ണും നട്ട്' എന്ന പടത്തിലെ രംഗം ഓര്‍മ്മിപ്പിക്കും പക്ഷെ ഇവിടെ സംഭവം സത്യമാണ്.

അതായത് ഒരാളുടെ നഗ്നത ഈ ക്യാമറയിലൂടെ കാണാൻ കഴിയും. ഉദാഹരണത്തിന് പല റിമോട്ട് കണ്ട്രോളുകള്‍ക്കും മുകളില്‍ പിടിച്ചാല്‍ അതിനുളളിലെ ബോര്‍ഡും ബാറ്ററിയും വരെ കാണാം. പല ടെക് ഗാഡ്ജറ്റ് റിവ്യൂ ചെയ്യുന്നവരും ഇത് സംബന്ധിച്ച് വീഡിയോ ചെയ്തു.

ഇത് അത്ഭുതം ഒന്നുമുള്ള സംഗതിയല്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഫില്‍റ്ററിനൊപ്പം ഉപയോഗിച്ചാല്‍ ചിലതരം വസ്ത്രങ്ങൾക്കുള്ളിലേക്കും മറ്റും കാണാവുന്ന ഒരു വിഡിയോ ക്യാമറ (സോണി 1998ല്‍ ഇറക്കിയിരുന്നു. വിവാദമായതിനെ തുടര്‍ന്ന് കമ്പനിക്ക് അത് പിന്‍വലിക്കേണ്ടിവന്നു. എന്നാല്‍, ഇന്‍ഫ്രാറെഡ് സെന്‍സറിനൊപ്പം ഫില്‍റ്റര്‍ കൂടെ പ്രവര്‍ത്തിക്കുമ്പോഴാണ് വസ്തുക്കള്‍ക്കുളളിലേക്ക് കാണാനാകുക. 

എന്തായാലും സംഭവം വിവാദമായതോടെ ഫീച്ചര്‍ പിന്‍വലിച്ചതായി വണ്‍പ്ലസ് അറിയിച്ചിട്ടുണ്ട്. ചൈനീസ് സോഷ്യല്‍ മീഡിയ വെയ്ബോയിലാണ് വണ്‍പ്ലസ് ഇത് സംബന്ധിച്ച പ്രസ്താവന പുറപ്പെടുവിച്ചത്. പുതിയ അപ്ഡേറ്റിലൂടെ ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഫീച്ചര്‍ പിന്‍വലിക്കും എന്നാണ് വണ്‍പ്ലസ് പറയുന്നത്. ചൈനീസ് ഭാഷയിലാണ് പ്രസ്താവന.
 

click me!