ലോക്ക് ഡൗൺ തുണച്ചു; ലോകത്തിലെ ഏറ്റവുമധികം കളക്ഷൻ നേടിയ ഗെയിം ആയി 'പബ്‌ജി മൊബൈൽ'

By Web TeamFirst Published Jun 10, 2020, 1:28 PM IST
Highlights

ലോക്ക് ഡൌൺ ലോകമെമ്പാടും നിർബന്ധിതമായി നടപ്പിലാക്കപ്പെട്ട്, ജനങ്ങളിൽ ബഹുഭൂരിഭാഗവും വീടുകളിൽ തന്നെ തളച്ചിടപ്പെട്ടതാണ് ഈ റെക്കോർഡ് ലാഭത്തിന് കാരണം.

മെയ് 2020 -ലെ ഏറ്റവും കൂടുതൽ തുക ഗ്രോസ് ചെയ്ത ഗെയിമുകളുടെ പട്ടികയിൽ ഒന്നാമതായി ഇടം പിടിച്ച് പബ്ജി മൊബൈൽ. ഗേമിംഗ് കമ്പനിയായ ടെൻസെന്റിന് ഈ ഒരൊറ്റ ഗെയിം കഴിഞ്ഞ മാസത്തിൽ മാത്രം സമ്മാനിച്ചത് 1700 കോടതിയിൽ പരം രൂപയുടെ വരുമാനമാണ്. ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ളേ എന്നിവയിൽ നിന്ന് മെയ് 1 മുതൽ മെയ് 31 വരെ ശേഖരിച്ച വിവരങ്ങൾ വെച്ചാണ്  ഈ വരുമാനം കണക്കാക്കപ്പെട്ടിട്ടുള്ളത്.

ലോക്ക് ഡൌൺ ലോകമെമ്പാടും നിർബന്ധിതമായി നടപ്പിലാക്കപ്പെട്ട്, ജനങ്ങളിൽ ബഹുഭൂരിഭാഗവും വീടുകളിൽ തന്നെ തളച്ചിടപ്പെട്ട മെയ് മാസത്തിൽ ഓൺലൈൻ ഗെയിമിംഗ് കമ്പനികൾ റെക്കോർഡ് ലാഭം രേഖപ്പെടുത്തപ്പെടും എന്നത് ഉറപ്പായിരുന്നു എങ്കിലും പ്രവചനങ്ങളെപ്പോലും തെറ്റിക്കുന്ന ഒരു വൻ ആദായമാണ് മിക്കവാറും എല്ലാ കമ്പനികൾക്കും ഉണ്ടായിട്ടുള്ളത്.

മൊബൈൽ ആപ്പ് സ്റ്റോർ മാർക്കറ്റിങ് ഇന്റലിജൻസ് സ്ഥാപനമായ സെൻസർ ടവർ പ്രസിദ്ധപ്പെടുത്തിയ ഒരു പഠനത്തിലാണ് ഈ പട്ടിക പുറത്തുവിട്ടിട്ടുള്ളത്. മെയ് 2019 -ലെ കണക്കുകളുമായി താരതമ്യപ്പെടുത്തിയാൽ പബ്‌ജി മൊബൈൽ രേഖപ്പെടുത്തിയിട്ടുള്ളത് 41 ശതമാനം വളർച്ചയാണ്. മെയിലെ വരുമാനത്തിന്റെ പകുതിയിൽ അധികം വന്നിരിക്കുന്നത് ചൈനയിൽ നിന്നാണ്. 10 ശതമാനം ഇന്ത്യയിൽ നിന്നും, അഞ്ചു ശതമാനം സൗദിയിൽ നിന്നും വന്നിട്ടുണ്ട്.

 


പബ്‌ജി മൊബൈൽ എന്ന ഗെയിം സാധാരണ ഗതിക്ക് സൗജന്യമായി കളിയ്ക്കാൻ പറ്റുന്നതാണ് എങ്കിലും, ആ ഗെയിമിംഗ് ആപ്ലിക്കേഷനിൽ പണം നൽകി വാങ്ങേണ്ട ഫീച്ചറുകളും പലതുണ്ട്. ഇതാണ് കമ്പനിക്കുള്ള ഒരു വരുമാന മാർഗം. ഇതിനു പുറമെ അവർ ടൂർണ്ണമെന്റുകളും, പരസ്യങ്ങളും വഴി വേറെയും വരുമാനമെത്തുന്നുണ്ട്. പട്ടികയിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നതും ടെൻസെന്റിന്റെ തന്നെ 'ഓണർ ഓഫ് ദ കിങ്‌സ്' എന്ന മറ്റൊരു ഗെയിം ആണ്.

click me!