കൊവിഡ് കാലത്തും സാംസങ്ങിനു നേട്ടം, എ 51-ന് വന്‍മുന്നേറ്റം; തകര്‍ന്നത് ഷവോമിയുടെ കുതിപ്പ്

By Web TeamFirst Published May 17, 2020, 9:44 AM IST
Highlights

ആഗോള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി മൊത്തം 275 ദശലക്ഷം യൂണിറ്റിലെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പാദത്തില്‍ ലോകമെമ്പാടും കയറ്റി അയച്ച എല്ലാ സ്മാര്‍ട്ട്‌ഫോണുകളുടെയും 86 ശതമാനം ആന്‍ഡ്രോയിഡ് വിഭാഗത്തിലാണ്. 

സോള്‍: ലോകമെമ്പാടുമുള്ള കൊറോണ കാലത്തും സാംസങ്ങിന് നേട്ടം എന്ന് റിപ്പോര്‍ട്ട്. ഗവേഷണ സ്ഥാപനമായ സ്ട്രാറ്റജി അനലിറ്റിക്‌സിന്റെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് കമ്പനിയുടെ ഗാലക്‌സി എ 51 സ്മാര്‍ട്ട്‌ഫോണ്‍ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഫോണായി. റെഡ്മി 8, സാംസങ്ങിന്‍റെ മുന്‍നിര ഫോണുകളായ ഗാലക്‌സി എസ് 20 + എന്നിവയെ കടത്തിവെട്ടുന്ന പ്രകടനമാണ് ഈ ഫോണിലുണ്ടായത്.

എന്നിരുന്നാലും, ഈ രണ്ട് ഫോണുകള്‍ മാത്രമല്ല സാംസങ്ങിനായി മികച്ച നേട്ടം സ്വന്തമാക്കിയത്. 2020 ആദ്യപാദത്തില്‍ വിറ്റ സ്മാര്‍ട്ട്‌ഫോണുകളുടെ ആദ്യ ആറ് പട്ടികയില്‍ നാല് ഫോണുകള്‍ നേടാന്‍ കമ്പനിക്ക് കഴിഞ്ഞു എന്നതാണ് ശ്രദ്ധേയം. സ്ട്രാറ്റജി അനലിറ്റിക്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നീല്‍ മാവ്സ്റ്റണ്‍ കൂട്ടിച്ചേര്‍ത്തു, 'ആന്‍ഡ്രോയിഡ് വിഭാഗത്തില്‍ സാംസങ് ലോകമെമ്പാടുമുള്ള ഫോണുകളുമായുള്ള മത്സരത്തില്‍ മികച്ച 6 സ്ഥാനങ്ങളില്‍ നാലെണ്ണം കരസ്ഥമാക്കിയപ്പോള്‍ ഷവോമി രണ്ടെണ്ണം നേടി. 

ലോകത്തെ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ മോഡലാണ് സാംസങ് ഗാലക്‌സി എ 51 (4 ജി). എല്ലാ പ്രദേശങ്ങളിലും, പ്രത്യേകിച്ച് യൂറോപ്പിലും ഏഷ്യയിലും ഉടനീളം സാംസങ്ങിന്റെ എ51 സ്മാര്‍ട്ട്‌ഫോണ്‍ ജനപ്രിയമാണ്. രണ്ടാം സ്ഥാനത്ത് ഷവോമിയുണ്ട്. 2020 ലെ ആദ്യ പാദത്തില്‍ 1.9 ശതമാനം മാര്‍ക്കറ്റ് ഷെയര്‍ എടുക്കുന്ന ലോകത്തിലെ ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ മോഡലാണ് ഷവോമിയുടെ റെഡ്മി 8. ഷവോമിയുടെ റെഡ്മി സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണി ഇന്ത്യയിലും ചൈനയിലും യൂറോപ്പിലുടനീളം വളരെ നന്നായി വില്‍ക്കുന്നു. 1.7 ശതമാനം ഷെയറുമായി സാംസങ്ങിന്റെ ഗാലക്‌സി എസ് 20 + മൂന്നാം സ്ഥാനത്താണ്. ഞങ്ങളുടെ മികച്ച ആറ് റാങ്കിംഗില്‍ പ്രത്യക്ഷപ്പെടുന്ന ഒരേയൊരു സൂപ്പര്‍ പ്രീമിയം മോഡല്‍ ഇതു മാത്രമാണ്.'

ആഗോള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി മൊത്തം 275 ദശലക്ഷം യൂണിറ്റിലെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പാദത്തില്‍ ലോകമെമ്പാടും കയറ്റി അയച്ച എല്ലാ സ്മാര്‍ട്ട്‌ഫോണുകളുടെയും 86 ശതമാനം ആന്‍ഡ്രോയിഡ് വിഭാഗത്തിലാണ്. വരും കാലങ്ങളില്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് മുന്നോട്ടുള്ള പാതയും സ്ട്രാറ്റജി സ്ഥാപനം പ്രവചിച്ചിട്ടുണ്ട്. 

സ്ട്രാറ്റജി അനലിറ്റിക്‌സിലെ അസോസിയേറ്റ് ഡയറക്ടര്‍ ജുഹ വിന്റര്‍ പറഞ്ഞു: 'മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ അടുത്ത കാലത്തായി സബ്‌സിഡികള്‍ കുറച്ചതിനാലും പല രാജ്യങ്ങളും ഇപ്പോള്‍ വൈറസിന് ശേഷമുള്ള സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴുന്നതിനാലും വില വര്‍ദ്ധിക്കുന്നു. ആഗോളതലത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ അതു കൊണ്ടു തന്നെ പുതിയ ആന്‍ഡ്രോയിഡ് തേടുന്നു. സാംസങ് ഗാലക്‌സി എ 10 എസ്, ഷവോമി റെഡ്മി നോട്ട് 8, സാംസങ് ഗാലക്‌സി എ 20 എന്നിവ ലോകമെമ്പാടുമുള്ള ഏറ്റവും പ്രചാരമുള്ള നാലാമത്തെയും അഞ്ചാമത്തെയും ആറാമത്തെയും ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളാണ്. കൂടാതെ, നിരവധി ഉപയോക്താക്കള്‍ മിതമായ നിരക്കില്‍ മികച്ച സ്‌പെസിഫിക്കേഷനുകള്‍ ഉള്ള ഫോണുകള്‍ ആഗ്രഹിക്കുന്നു. ഇതൊരു അടയാളമാണ്. അതായത്, ആന്‍ഡ്രോയിഡ് ഒരു പോസ്റ്റ്പ്രീമിയം യുഗത്തിലേക്ക് പ്രവേശിക്കുന്നു എന്നതിന്‍റെ സൂചനയാണിത്'.

click me!