ഗാലക്‌സി എം47 5ജി: സാംസങ്ങിന്റെ അടുത്ത നീക്കം

Published : Jul 02, 2026, 09:09 AM IST
Samsung Galaxy M47 5G

Synopsis

സാംസങ് ഗാലക്‌സി എം47 5ജിയുടെ ഔദ്യോഗിക വിലയും സ്റ്റോറേജ് വേരിയന്റുകളും പ്രഖ്യാപിച്ചു. ജൂലൈ 4 മുതൽ ആമസോണിൽ വിൽപ്പനയ്‌ക്കെത്തുന്ന ഈ മിഡ്-റേഞ്ച് ഫോണിൽ സ്‌നാപ്ഡ്രാഗൺ 6 ജെൻ 3 പ്രോസസർ, 50MP ക്യാമറ, 6000mAh ബാറ്ററി തുടങ്ങിയ മികച്ച ഫീച്ചറുകളുണ്ട്. ലോഞ്ച് ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്തെ മിഡ്-റേഞ്ച് സ്‍മാർട്ട്ഫോൺ വിപണിയിൽ മത്സരം ശക്തമാക്കാൻ സാംസങ്. അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ച ഗാലക്‌സി എം47 5ജിയുടെ ഔദ്യോഗിക വിലയും സ്റ്റോറേജ് വേരിയന്റുകളും കമ്പനി പ്രഖ്യാപിച്ചു. ലോഞ്ച് ദിനത്തിൽ ഓഫർ വില മാത്രമാണ് പുറത്തുവിട്ടിരുന്നത്. ഇപ്പോഴാണ് ഓരോ വേരിയന്റിന്റെയും യഥാർഥ വില കമ്പനി സ്ഥിരീകരിച്ചത്. ഫോൺ ജൂലൈ 4 മുതൽ ആമസോൺ പ്രൈം ഡേ സെയിലിലൂടെ വിൽപ്പനയ്‌ക്കെത്തും.

6 ജിബി റാം, 128 ജിബി സ്റ്റോറേജ് മോഡലിന് 25,999 രൂപ, 8 ജിബി റാം, 128 ജിബി സ്റ്റോറേജ് പതിപ്പിന് 28,999 രൂപ, 8 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന് 33,999 രൂപ എന്നിങ്ങനെയാണ് വില. ബ്ലേസ് ബ്ലൂ, റോഗ് റെഡ് എന്നീ രണ്ട് നിറങ്ങളിലാണ് ഫോൺ ലഭ്യമാകുക. ലോഞ്ച് ഓഫറിന്റെ ഭാഗമായി 2,000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൗണ്ടും 1,000 രൂപയുടെ അധിക കൂപ്പൺ ആനുകൂല്യവും ലഭിക്കും. ഇതോടെ ഉപഭോക്താക്കൾക്ക് ഫോൺ കൂടുതൽ കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാം. തിരഞ്ഞെടുക്കപ്പെട്ട ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ആറ് മാസം വരെ നോ-കോസ്റ്റ് ഇഎംഐ സൗകര്യവും സാംസങ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഫീച്ചറുകളുടെ കാര്യത്തിലും ഗാലക്‌സി എം47 5ജി ശ്രദ്ധ നേടുന്നുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയ വൺ യു.ഐ 8.5 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ആറ് പ്രധാന ആൻഡ്രോയിഡ് അപ്ഡേറ്റുകളും ആറ് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും നൽകുമെന്ന വാഗ്ദാനവും സാംസങ് മുന്നോട്ടുവെക്കുന്നു. ഇത് ഈ വിഭാഗത്തിലെ ഫോണുകൾക്കിടയിൽ പ്രധാന ആകർഷണമായേക്കുമെന്നാണ് വിലയിരുത്തൽ.

6.7 ഇഞ്ച് ഫുൾ എച്ച്ഡി+ സൂപ്പർ അമോലെഡ് ഡിസ്പ്ലേ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, ഗൊറില്ല ഗ്ലാസ് വിക്ടസ്+ സംരക്ഷണം എന്നിവയാണ് സ്‌ക്രീൻ സവിശേഷതകൾ. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 6 ജെൻ 3 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. പരമാവധി 8 ജിബി LPDDR5X റാമും 256 ജിബി UFS 3.1 സ്റ്റോറേജും ലഭ്യമാണ്.

ക്യാമറ വിഭാഗത്തിൽ ഒഐഎസോടുകൂടിയ 50 മെഗാപിക്സൽ പ്രധാന ക്യാമറ, 5 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്. 6,000mAh ബാറ്ററി, 45W ഫാസ്റ്റ് ചാർജിങ്, ബൈപാസ് ചാർജിങ് പിന്തുണ എന്നിവയും ഫോണിന്റെ പ്രധാന സവിശേഷതകളാണ്.

PREV
Read more Articles on
click me!

Recommended Stories

സാംസങ്ങ് ഗ്യാലക്സി S25 അൾട്ര സ്വപ്‍നവിലയിൽ; ആമസോൺ പ്രൈം ഡേ സെയിലിൽ വമ്പൻ ഓഫർ
ഒപ്പോ റെനോ 16: എഐ കരുത്തിൽ ഇന്ത്യ കീഴടക്കാൻ ഒരുങ്ങുന്നു