
ദില്ലി: ദക്ഷിണ കൊറിയൻ ടെക് ബ്രാൻഡായ സാംസങ് അടുത്തിടെ സാംസങ് ഗാലക്‌സി എസ് 25 സീരീസ് സ്മാർട്ട്‌ഫോണുകളുടെ വിൽപ്പന ആരംഭിച്ചു. ഇതിന് മികച്ച എഐ സവിശേഷതകളും കമ്പനി നൽകിയിട്ടുണ്ട്. കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് ലൈനപ്പിൽ ഗൂഗിളിന്‍റെ ജെമിനി എഐയെ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് പ്രത്യേകത. ജെമിനി ലൈവിനൊപ്പം ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഹിന്ദി ഭാഷാ പിന്തുണയും നൽകുമെന്ന് കമ്പനി അറിയിച്ചു.
ഗാലക്സി S25 സീരീസിലൂടെ ജെമിനി ലൈവിൽ പിന്തുണയ്‌ക്കുന്ന ആദ്യത്തെ പ്രാദേശിക ഭാഷ ഹിന്ദിയാണെന്ന് കമ്പനി സ്ഥിരീകരിച്ചു. സാംസങ്ങിന് ഇന്ത്യയിൽ വലിയ ഉപഭോക്തൃ അടിത്തറയുണ്ട്. ഈ വിപണിയുടെ പ്രാധാന്യം മനസിലാക്കി കമ്പനി ഹിന്ദി ഭാഷയിൽ ഗാലക്‌സി എസ് 25 സീരീസിന് AI പിന്തുണയും നൽകുന്നു. ഹിന്ദിക്ക് പുറമെ ഇംഗ്ലീഷ്, കൊറിയൻ ഭാഷകളിലും ജെമിനി ലൈവ് ഉപയോഗിക്കാം.
ജെമിനി ലൈവിൽ ഹിന്ദി ഭാഷ സംയോജിപ്പിക്കുന്നതിന്‍റെ നേരിട്ടുള്ള നേട്ടം ഉപയോക്താക്കൾക്ക് ഈ എഐ ടൂളുമായി പൊതുവായ ഭാഷയിൽ സംവദിക്കാനും ചോദ്യങ്ങൾ ചോദിക്കാനും കഴിയും എന്നതാണ്. ഉദാഹരണത്തിന്, നിങ്ങൾക്ക് ഫോണിന്‍റെ ഗാലറിയിൽ ഫോട്ടോ തിരയാനോ അല്ലെങ്കിൽ ക്രമീകരണങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തണമോ ചെയ്യണമെങ്കിൽ സംസാരിച്ചാൽ മാത്രം മാത്രം മതിയാകും. ജോലി ഉടന നടപ്പിലാകും. ഇങ്ങനെ ജെമിനി എഐ പല ജോലികളും എളുപ്പത്തിൽ പൂർത്തിയാക്കും.
കലണ്ടർ, നോട്ട്‌സ്, റിമൈൻഡറുകൾ തുടങ്ങിയ സാംസങ്ങിൻ്റെ സ്വന്തം ആപ്പുകളിൽ എഐ അസിസ്റ്റന്‍റിന്‍റെ പ്രയോജനം ലഭ്യമാകുമെന്ന് മാത്രമല്ല, മൂന്നാം കക്ഷി ആപ്പുകളും പിന്തുണയ്‌ക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇന്ത്യയിൽ ഗാലക്സി S25 സീരീസിന്‍റെ പ്രാരംഭ വില 80,999 രൂപയാണ്. ഇതുകൂടാതെ, ഗാലക്‌സി എസ് 25 അൾട്രായുടെ ഏറ്റവും ശക്തമായ 1 ടിബി വേരിയന്‍റ് 1.65 ലക്ഷം രൂപ വരെയാണ്. ഉപഭോക്താക്കൾക്ക് മുൻകൂട്ടി ഓർഡർ ചെയ്യുമ്പോൾ 21,000 രൂപ വരെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.
ജെമിനി ലൈവ് എഐ ഉപയോഗിച്ച് പുതിയ ഗാലക്‌സി എസ് 25 സീരീസ് ലോഞ്ച് ചെയ്യാനുള്ള കമ്പനിയുടെ നീക്കം ഇന്ത്യയുടെ പ്രാധാന്യത്തിന് അടിവരയിടുന്നുവെന്നും വിപണിയോടുള്ള കമ്പനിയുടെ പ്രതിബദ്ധതയും ഉപഭോക്താക്കൾക്ക് കൂടുതൽ പ്രാദേശികവൽക്കരിച്ച അനുഭവങ്ങൾ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും സാംസങ് ഇലക്‌ട്രോണിക്‌സിന്‍റെ പ്രസിഡന്‍റും എംഎക്‌സ് ബിസിനസ് മേധാവിയുമായ ടിഎം റോഹ് പറഞ്ഞു. ഗൂഗിൾ ജെമിനി ലൈവ് കൊറിയൻ, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ നൽകുമെന്നും തുടർന്ന് മറ്റ് ഭാഷകളിലേക്കും വ്യാപിപ്പിക്കും എന്നും ഇന്ത്യൻ വിപണിയുടെ പ്രാധാന്യമാണിത് കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപയോക്താക്കൾക്ക് ഏറ്റവും സമഗ്രവും ശക്തവുമായ എഐ അനുഭവം നൽകുന്നതിന് ഗൂഗിളിന്‍റെയും മറ്റ് പങ്കാളികളുടെയും സ്വന്തം എഐ സാങ്കേതികവിദ്യകൾ സംയോജിപ്പിച്ച് ഗാലക്‌സി എസ് 25 സീരീസിലെ "ഹൈബ്രിഡ് എഐ" തന്ത്രമാണ് സാംസങ്ങിന്‍റേത്.
Read more: ഇനിയും പരീക്ഷിക്കാന്‍ വൈകരുത്; സാംസങ് ഗ്യാലക്സി ഫോണുകളുടെ അഞ്ച് രഹസ്യ ഫീച്ചറുകൾ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം