ഐക്യു 15ആര്‍ മൊബൈല്‍ ഫോണ്‍ ഇന്ത്യയില്‍ ഉടന്‍ തന്നെ പുറത്തിറക്കും. ഐക്യു 15ആര്‍ ഹാന്‍ഡ്‌സെറ്റിന് പ്രതീക്ഷിക്കുന്ന സവിശേഷതകളും പ്രത്യേകതകളും വിശദമായി അറിയാം.
ദില്ലി: ചൈനീസ് ബ്രാന്‍ഡായ ഐക്യു ഇന്ത്യയില്‍ ഐക്യു 15ആര്‍ സ്‌മാര്‍ട്ട്‌ഫോണ്‍ ഉടന്‍ പുറത്തിറക്കും. ഇതാദ്യമായി ഐക്യു 15ആര്‍ ഹാന്‍ഡ്‌സെറ്റിന്‍റെ ടീസര്‍ ഇന്ത്യയില്‍ കമ്പനി അവതരിപ്പിച്ചു. ചൈനയില്‍ അടുത്തിടെ പുറത്തിറക്കിയ ഐക്യു ഇസഡ്11 ടര്‍ബോയുടെ അതേ പതിപ്പാണ് ഇന്ത്യയിലെത്താനിരിക്കുന്ന ഐക്യു 15ആര്‍ മൊബൈല്‍ ഫോണ്‍. കഴിഞ്ഞ വര്‍ഷം ഐക്യു 15 ഇന്ത്യയില്‍ പുറത്തിറക്കിയ ശേഷം ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ കൊണ്ടുവരുന്ന അടുത്ത ഫോണ്‍ മോഡലാണ് ഐക്യു 15ആര്‍.
ഐക്യു 15ആര്‍: പ്രതീക്ഷിക്കുന്ന സവിശേഷതകള്‍
റിയര്‍ ഡിസൈന്‍ വ്യക്തമാകുന്ന വിധത്തിലുള്ള ടീസര്‍ ഐക്യു 15ആര്‍ ഫോണിന്‍റെതായി കമ്പനി ഇന്ത്യയില്‍ ഇപ്പോള്‍ പ്രകാശനം ചെയ്‌തിരിക്കുന്നത്. ഫോണിന്‍റെ പിന്‍ഭാഗത്ത് ചെക്ക് പാറ്റേണിലുള്ള ഡിസൈന്‍ നല്‍കിയിരിക്കുന്നു. മെറ്റ ഫ്രെയിം ഡുവല്‍-ക്യാമറ സെറ്റപ്പ് എന്നിവയും ഐക്യു 15ആര്‍ സ്‌മാര്‍ട്ട്‌ഫോണിനെ സവിശേഷമാക്കുന്നു. ചൈനയില്‍ ദിവസങ്ങള്‍ മാത്രം മുമ്പ് പുറത്തിറങ്ങിയ ഐക്യു ഇസഡ്11 ടര്‍ബോയുമായി സാമ്യമുള്ള ഫോണായിരിക്കും ഇന്ത്യയിലെ ഐക്യു 15ആര്‍.
ഐക്യു ഇസഡ്11 ടര്‍ബോയുടെ ഫീച്ചറുകള്‍ പരിഗണിച്ചാല്‍ ഇന്ത്യയില്‍ വരാനിരിക്കുന്ന ഐക്യു 15ആര്‍ ഫോണിനും 1.5കെ റെസലൂഷനും 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുമുള്ള 6.59 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെയായിരിക്കും ഉണ്ടാവുക. ക്വാല്‍കോമിന്‍റെ പുത്തന്‍ സ്‌നാപ്‌ഡ്രാഗണ്‍ 8 ജെന്‍ 5 ചിപ്‌സെറ്റ്, 200എംപി പ്രധാന ക്യാമറ, 8എംപി അള്‍ട്രാ-വൈഡ് ക്യാമറ, 32എംപി ഫ്രണ്ട് ക്യാമറ എന്നിവയും ഐക്യു 15ആറിന് പ്രതീക്ഷിക്കാം. ഈ ഫീച്ചറുകള്‍ ഐക്യു 15ആര്‍ പ്രകടനത്തേക്കാള്‍ ഫോട്ടോഗ്രഫിക്ക് പ്രാധാന്യം നല്‍കുന്ന സ്‌മാര്‍ട്ട്‌ഫോണാണ് എന്ന് വ്യക്തമാക്കുന്നതാണ്. 100 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് സഹിതമുള്ള 7,600 എംഎഎച്ച് ബാറ്ററിയും ഐക്യു 15ആറിന് പ്രതീക്ഷിക്കുന്ന കരുത്തുറ്റ സവിശേഷതയാണ്. പ്രീമിയം ഫോണുകളില്‍ കാണുന്ന അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍ ഐക്യു 15ആറിലുണ്ടാകാം. ഐപി68, ഐപി69 റേറ്റിംഗും ഐക്യു 15ആര്‍ ഫോണിനുണ്ടാവും എന്നാണ് സൂചന.
ഐക്യു 15ആര്‍ ലോഞ്ച് തീയതി ഉടനറിയാം
സമാന ചിപ്പിലുള്ള വണ്‍പ്ലസ് 15ആര്‍, മോട്ടോറോള സിഗ്നേച്ചര്‍ എന്നീ സ്‌മാര്‍ട്ട്‌ഫോണുകളുമായാവും ഐക്യു 15ആറിന് മത്സരിക്കേണ്ടിവരിക. എന്നാണ് ഐക്യു 15ആര്‍ ഇന്ത്യയില്‍ എത്തുക എന്ന വിവരം വരും ദിവസങ്ങളില്‍ ഐക്യു15ആറില്‍ നിന്ന് പ്രതീക്ഷിക്കാം.



