ടെലിഗ്രാമിൽ ഇനി സ്വന്തം വെബ് വിലാസം?

Published : Aug 30, 2026, 01:18 PM IST
telegram

Synopsis

ടെലിഗ്രാം ഡോട്ട് ഗ്രാം എന്ന ടോപ്പ് ലെവൽ ഡൊമെയ്‌നിനായി ഐകാനിൽ അപേക്ഷ നൽകി. ഇത് അംഗീകരിക്കപ്പെട്ടാൽ ഉപയോക്താക്കൾക്ക് അവരുടെ യൂസർനെയിം അടിസ്ഥാനമാക്കി വെബ് വിലാസങ്ങൾ സ്വന്തമാക്കാനും ടെലിഗ്രാമിൽ വെബ്സൈറ്റുകൾ നിർമിക്കാനും സാധിച്ചേക്കും. ഈ നീക്കം ടെലിഗ്രാമിനെ ഒരു മെസേജിങ് ആപ്പിൽ നിന്ന് വെബ് പ്ലാറ്റ്‌ഫോമിലേക്ക് വ്യാപിപ്പിക്കാൻ സഹായിക്കും.

ടെലിഗ്രാം ഉപയോക്താക്കൾക്ക് സ്വന്തം പേരിലുള്ള വെബ് വിലാസങ്ങൾ ലഭിച്ചേക്കും. വ്യക്തിഗത വെബ് ഡൊമെയ്ൻ സംവിധാനത്തിനായി ഡോട്ട് ഗ്രാം ടോപ്പ് ലെവൽ ഡൊമെയ്ൻ സ്വന്തമാക്കാൻ ടെലിഗ്രാം ഇന്റർനെറ്റ് കോർപ്പറേഷൻ ഫോർ അസൈൻഡ് നെയിംസ് ആൻഡ് നമ്പേഴ്സിന് അപേക്ഷ നൽകിയതായാണ് റിപ്പോർട്ട്. അപേക്ഷയ്ക്ക് അനുമതി ലഭിച്ചാൽ, ഉപയോക്താക്കൾക്ക് അവരുടെ ടെലിഗ്രാം യൂസർനെയിമിനെ അടിസ്ഥാനമാക്കി യുവർനെയിം.ഗ്രാം എന്ന രീതിയിലുള്ള വെബ് വിലാസങ്ങൾ സ്വന്തമാക്കാൻ സാധിച്ചേക്കും. ടെലിഗ്രാമിലൂടെ തന്നെ ഹോസ്റ്റ് ചെയ്യുന്ന ഇന്ററാക്ടീവ് വെബ്‌സൈറ്റുകൾ നിർമിക്കാനും ഇതുവഴി അവസരമുണ്ടാകുമെന്നാണ് സൂചന.

ഒരു പ്രോംപ്റ്റിലൂടെ വെബ്‌സൈറ്റ്?

ടെലിഗ്രാം സ്ഥാപകൻ പാവൽ ദുരോവ് എക്‌സിൽ പങ്കുവെച്ച വിവരങ്ങളിലാണ് ഡോട്ട് ഗ്രാം ഡൊമെയ്‌നിനായി ഐകാനിൽ അപേക്ഷ നൽകിയതായി വ്യക്തമാക്കിയത്. അനുമതി ലഭിച്ചാൽ, ടെലിഗ്രാം യൂസർനെയിമുമായി ബന്ധിപ്പിച്ച വ്യക്തിഗത വെബ് വിലാസങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. ഒരു പ്രോംപ്റ്റ് മാത്രം ഉപയോഗിച്ച് ഇന്ററാക്ടീവ് വെബ്‌സൈറ്റുകൾ സജ്ജീകരിക്കാനുള്ള സംവിധാനവും പരിഗണനയിലുണ്ടെന്നാണ് വിവരം. എന്നാൽ ഈ സംവിധാനം എങ്ങനെയായിരിക്കും പ്രവർത്തിക്കുക, വെബ്‌സൈറ്റുകൾ സൃഷ്ടിക്കുന്നതിനുള്ള കൃത്യമായ നടപടിക്രമം എന്തായിരിക്കും, .ഗ്രാം ഡൊമെയ്‌നുകൾ എപ്പോൾ ലഭ്യമാകും തുടങ്ങിയ കാര്യങ്ങളിൽ ടെലിഗ്രാം ഇതുവരെ വിശദീകരണം നൽകിയിട്ടില്ല.

മെസേജിങ് ആപ്പിൽ നിന്ന് വെബ് പ്ലാറ്റ്‌ഫോമിലേക്ക്

നിലവിൽ സ്വകാര്യ സന്ദേശങ്ങൾക്കൊപ്പം ചാനലുകൾ, ബോട്ടുകൾ തുടങ്ങിയ നിരവധി സംവിധാനങ്ങൾ ടെലിഗ്രാം നൽകുന്നുണ്ട്. ഡോട്ട് ഗ്രാം ഡൊമെയ്ൻ ലഭിച്ചാൽ ഉപയോക്താക്കൾക്ക് ടെലിഗ്രാം അക്കൗണ്ടുമായി നേരിട്ട് ബന്ധിപ്പിച്ച വെബ് അനുഭവങ്ങൾ സൃഷ്ടിക്കാനുള്ള പുതിയ സാധ്യത കൂടി ലഭിക്കും. അതായത് മെസേജിങ്, ചാനലുകൾ, ബോട്ടുകൾ എന്നിവയ്ക്ക് അപ്പുറം വെബ്‌സൈറ്റ് പ്രസിദ്ധീകരണ രംഗത്തേക്കും ടെലിഗ്രാം കൂടുതൽ വ്യാപിക്കാനുള്ള നീക്കമായിരിക്കും ഇത്.

ഐകാന്റെ അനുമതി നിർണായകം

എന്നാൽ .ഗ്രാം ഡൊമെയ്ൻ പ്രഖ്യാപിച്ചുവെന്ന് കരുതി അത് ഉടൻ ലഭ്യമാകില്ല. ടെലിഗ്രാമിന്റെ അപേക്ഷ ഇനി ഇന്റർനെറ്റ് കോർപ്പറേഷൻ ഫോർ അസൈൻഡ് നെയിംസ് ആൻഡ് നമ്പേഴ്സിന്‍റെ വിവിധ പരിശോധനകൾക്കും അവലോകനങ്ങൾക്കും വിധേയമാകണം. പുതിയ ടോപ്പ് ലെവൽ ഡൊമെയ്‌നുകൾക്ക് സാങ്കേതിക, സാമ്പത്തിക പരിശോധനകൾക്ക് പുറമെ എതിർപ്പുകളും മറ്റ് അവലോകന നടപടികളും നേരിടേണ്ടിവരും. അതിനാൽ അപേക്ഷ നൽകിയെന്നത് മാത്രം .ഗ്രാം ഔദ്യോഗികമായി അംഗീകരിക്കപ്പെടുമെന്ന് ഉറപ്പുനൽകുന്നില്ല.

ടെലിഗ്രാമിന് സ്വന്തം ഡൊമെയ്ൻ നിയന്ത്രണം

സ്വന്തം ടോപ്പ് ലെവൽ ഡൊമെയ്ൻ ലഭിക്കുന്നത് ടെലിഗ്രാമിന് വെബ് വിലാസങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിൽ കൂടുതൽ നിയന്ത്രണം നൽകാനും സഹായിക്കും. കഴിഞ്ഞ ജൂലൈയിൽ ടെലിഗ്രാമിന്റെ ടിഎംഇ ലിങ്കുകൾക്ക് തടസം നേരിട്ടിരുന്നു. ഡോട്ട് എംഇ ഡൊമെയ്ൻ കൈകാര്യം ചെയ്യുന്ന രജിസ്ട്രാർ ടെലിഗ്രാമിന്റെ ഡൊമെയ്ൻ ഏതാനും മണിക്കൂറുകളോളം പ്രവർത്തനരഹിതമാക്കിയതിനെ തുടർന്നായിരുന്നു ഇത്. ഡോട്ട് ഗ്രാം അംഗീകരിക്കപ്പെട്ടാൽ, ടെലിഗ്രാമിന്റെ വെബ് ലിങ്കുകൾക്കായി സ്വന്തം ഡൊമെയ്ൻ സംവിധാനം ഉപയോഗിക്കാൻ സാധിക്കും. ഇതോടെ ഉപയോക്താക്കളുടെ വ്യക്തിഗത വെബ് വിലാസങ്ങൾക്കും ടെലിഗ്രാമിന്റെ വെബ് അടിസ്ഥാന സൗകര്യങ്ങൾക്കും കൂടുതൽ നിയന്ത്രണം കമ്പനിക്ക് ലഭിക്കാനുള്ള സാധ്യതയുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഐക്യൂ Z11s: സ്ലിം ഫോണിൽ 10,000mAh ബാറ്ററിയുടെ രഹസ്യം
പുതിയ രൂപത്തിൽ ഗാലക്സി എസ്26 എഫ്ഇ; രഹസ്യങ്ങൾ പുറത്ത്