ഐഫോണ്‍ 9 വരുന്നു: ആപ്പിളില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത വില, ഗംഭീര 'ഫ്രീ ഗിഫ്റ്റും'?

By Web TeamFirst Published Feb 9, 2020, 11:46 AM IST
Highlights

നേരത്തെ തന്നെ ഫെബ്രുവരിയിലോ, മാര്‍ച്ച് മധ്യത്തിലോ  ആപ്പിള്‍ വിലകുറഞ്ഞ പുതിയ മോഡല്‍ പുറത്തിറക്കും എന്നാണ് വിവിധ ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു

ദില്ലി: ആപ്പിളിന്‍റെ വിലകുറഞ്ഞ ഫോണായ ആപ്പിള്‍ ഐഫോണ്‍ 9ന്‍റെ പ്രീബുക്കിംഗ് ആരംഭിച്ചതായി സൂചന. കൊറിയയിലാണ് ഫോണിന്‍റെ പ്രീബുക്കിംഗ് പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഇതോടെ ആപ്പിളിന്‍റെ വിലകുറഞ്ഞ ഫോണ്‍ ഐഫോണ്‍ എസ്ഇ2 അല്ല ഐഫോണ്‍ 9 തന്നെയാണ് എന്ന് ഉറപ്പായി. മുന്‍പ് ഐഫോണ്‍ 8 സീരിസിന് ശേഷം ആപ്പിള്‍ ഇറക്കിയത് ഐഫോണ്‍ 10 സീരിസാണ്. അതിനാല്‍ തന്നെ 2018ല്‍ ഐഫോണ്‍ ഉപേക്ഷിച്ച ഐഫോണ്‍ 9 സീരിസില്‍ ഇപ്പോള്‍ വിലകുറഞ്ഞ ഫോണുകള്‍ വിപണിയിലേക്ക് എത്താന്‍ പോവുകയാണ്.

നേരത്തെ തന്നെ ഫെബ്രുവരിയിലോ, മാര്‍ച്ച് മധ്യത്തിലോ  ആപ്പിള്‍ വിലകുറഞ്ഞ പുതിയ മോഡല്‍ പുറത്തിറക്കും എന്നാണ് വിവിധ ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന് ഏകദേശ സ്ഥിരീകരണമാണ് പുതിയ വാര്‍ത്ത. ഇന്നേവരെ ഇറങ്ങിയിരിക്കുന്ന ഐഫോണുകളില്‍ ഏറ്റവും കുറഞ്ഞ വില ഐഫോണ്‍ എസ്ഇ മോഡലായിരുന്നു. എന്നാല്‍ ഐഫോണ്‍ 9ല്‍ എത്തുമ്പോള്‍ അതിനേക്കാള്‍ വില കുറവായിരിക്കും എന്നാണ് സൂചന. അതിനൊപ്പം, എയര്‍പോഡ് കൂടെ ഫ്രീ ആയി നല്‍കും എന്ന വാര്‍ത്തയും പരക്കുന്നുണ്ട്. 

ടെക് ലോകത്തെ അഭ്യൂഹങ്ങള്‍ പ്രകാരം രണ്ട് വില കുറഞ്ഞ ഐഫോണ്‍ 9 മോഡലുകള്‍  ആപ്പിള്‍ പുറത്തിറക്കിയേക്കും. അവയില്‍ ഒന്ന് 4.7-ഇഞ്ച് വലുപ്പമുള്ളതും, രണ്ടാമത്തേത് 6.1-ഇഞ്ച് വലുപ്പമുളളതുമായിരിക്കും. 2020ല്‍ മൊത്തം അഞ്ച് ഐഫോണുകള്‍ അവതരിപ്പിക്കുമെന്നാണ് ഐഫോണുകളെക്കുറിച്ച് ഏറ്റവുമധികം വിശ്വസനീയമായ പ്രവചനം നടത്തുന്ന മിങ്-ചി കൂവോ പറഞ്ഞിരിക്കുന്നത്. 

എന്നാല്‍, ഡിജിടൈംസ് പറയുന്നത് ആറ് പുതിയ ഐഫോണുകള്‍ ആപ്പിള്‍ 2020ല്‍ പുറത്തിറക്കുമെന്നാണ്. ഡിജിടൈംസിന്റെ റിപ്പോര്‍ട്ട് ആപ്പിളിനായി ഡിസ്‌പ്ലേ ഡ്രൈവര്‍ ചിപ്പുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന ചിപ്‌ബോണ്‍ഡ് ടെക്‌നോളജിയില്‍ നിന്നു ലഭിച്ച വിവരമനുസരിച്ചാണ്. 

ഇന്ത്യ മുതലായ നിരവധി രാജ്യങ്ങളില്‍ ഐഫോണ്‍ സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ഏറെയാണ്. എന്നാല്‍ കൂടിയ വില പലരെയും പിന്നോട്ട് വലിക്കുന്നു. എന്നാല്‍ പതിവില്‍ നിന്നും അല്‍പ്പം വിലകുറഞ്ഞ ഐഫോണ്‍ XR മോഡല്‍ മോശമല്ലാത്ത വില്‍പ്പന സൃഷ്ടിച്ചതോടെ ആപ്പിള്‍ വില നയം പുന:പരിശോധിക്കാന്‍ തീരുമാനിച്ചു. 25,000-30,00 രൂപ വിലയ്ക്ക് ഐഫോണിറക്കിയാൽ മാര്‍ക്കറ്റില്‍ ചലനം ഉണ്ടാക്കാം എന്നാണ് ആപ്പിളിന്‍റെ വിശ്വാസം. ആന്‍ഡ്രോയ്ഡ് ഫോണുകളെ നേരിട്ട് വെല്ലുവിളിക്കാന്‍ ഇറങ്ങുകയാണ് ആപ്പിള്‍. മറ്റൊരു അര്‍ത്ഥത്തില്‍ നോക്കിയാല്‍ പുതിയ ഐഫോണ്‍ വരുമ്പോള്‍ വിലകുറയുന്ന പഴയ ഐഫോണുകള്‍ക്കുള്ള ഡിമാന്‍റിനെ മുതലെടുക്കാന്‍ കൂടിയാണ് ആപ്പിളിന്‍റെ ശ്രമം.

click me!