
സ്മാർട്ട്ഫോൺ വിപണിയിൽ ദീർഘനേരം ബാറ്ററി ബാക്കപ്പ് ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ട് വിവോ പുതിയ വൈ500 4ജി സ്‍മാർട്ട്ഫോൺ അവതരിപ്പിച്ചു. കഴിഞ്ഞ വർഷം ചൈനയിൽ പുറത്തിറങ്ങിയ വൈ500 5ജിയുടെ 4ജി പതിപ്പായാണ് പുതിയ മോഡൽ ആഗോള വിപണിയിലെത്തിയത്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഒരു ടീസറിന് ശേഷം ഇപ്പോൾ നേപ്പാളിലും പാകിസ്ഥാനിലും വിവോ Y500 4G ഔദ്യോഗികമായി പുറത്തിറക്കി. 8,100 എംഎഎഎച്ച് ശേഷിയുള്ള ബാറ്ററി, 50 മെഗാപിക്സൽ പ്രധാന ക്യാമറ, 120 ഹെർട്‍സ് റിഫ്രഷ് റേറ്റുള്ള അമോലെഡ് ഡിസ്പ്ലേ എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ.
6.83 ഇഞ്ച് വലിപ്പമുള്ള 1.5കെ അമോലെഡ് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, പരമാവധി 5,000 നിറ്റ്സ് ബ്രൈറ്റ്‍നെസ്, 100 ശതമാനം ഡി.സി.ഐ-പി3 കളർ ഗാമറ്റ് എന്നിവയാണ് സ്‌ക്രീനിന്റെ പ്രധാന സവിശേഷതകൾ. പൊടിയും വെള്ളവും പ്രതിരോധിക്കുന്ന ഐ.പി69 നിലവാരത്തിലുള്ള സംരക്ഷണവും ഫോണിന് ലഭിച്ചിട്ടുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ് 6 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്.
6 നാനോമീറ്റർ സാങ്കേതികവിദ്യയിൽ നിർമ്മിച്ച യൂണിസോക്ക് ടി7300 ഒക്ടാകോർ പ്രോസസറാണ് ഫോണിന് കരുത്തേകുന്നത്. 8 ജിബി എൽ.പി.ഡി.ഡി.ആർ4എക്സ് റാമും 128 ജിബി, 256 ജിബി യു.എഫ്.എസ് 2.2 സ്റ്റോറേജ് ഓപ്ഷനുകളും ലഭ്യമാണ്. ചൂട് നിയന്ത്രിക്കാൻ 4,300 ചതുരശ്ര മില്ലിമീറ്റർ വിസ്‍തീർണമുള്ള വേപ്പർ ചേംബർ കൂളിങ് സംവിധാനവും നൽകിയിട്ടുണ്ട്. 8,100 എംഎഎഎച്ച് ബാറ്ററിക്ക് 44 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുണ്ട്. ദീർഘനേരം ചാർജ് നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കായി വലിയ ബാറ്ററിയാണ് വിവോ ഒരുക്കിയിരിക്കുന്നത്.
ഫോണിന്റെ പിൻവശത്ത് 50 മെഗാപിക്സൽ പ്രധാന ക്യാമറയും 2 മെഗാപിക്സൽ മാക്രോ ക്യാമറയും ഉൾപ്പെടുന്ന ഇരട്ട ക്യാമറ സംവിധാനമാണ് നൽകിയിരിക്കുന്നത്. മുൻവശത്ത് 32 മെഗാപിക്സൽ സെൽഫി ക്യാമറയും ഉണ്ട്. 4ജി എൽ.ടി.ഇ, ഇരട്ട ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.4, യു.എസ്.ബി ടൈപ്പ്-സി പോർട്ട്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ തുടങ്ങിയ സംവിധാനങ്ങളും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിവോ വൈ500 4ജിയുടെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന പതിപ്പിന് പാകിസ്താനിൽ 99,999 പാകിസ്താൻ രൂപയാണ് വില. ഇന്ത്യൻ രൂപയിൽ ഏകദേശം 34,000 രൂപ വരും. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള പതിപ്പിന് 1,09,999 പാകിസ്താൻ രൂപ (ഏകദേശം 38,000 ഇന്ത്യൻ രൂപ)യാണ് വില. മിഡ്‌നൈറ്റ് ബ്ലൂ, പേൾ വൈറ്റ് എന്നീ രണ്ട് നിറങ്ങളിൽ ഫോൺ ലഭ്യമാണ്.