2026ൽ സ്‍മാർട്ട്‌‌ഫോണുകൾ വാങ്ങാനിരിക്കുന്നവര്‍ നട്ടംതിരിയും; ഫോണുകള്‍ക്ക് വില കൂടും, മറ്റൊരു പ്രശ്‌നവും

Published : Dec 18, 2025, 04:46 PM IST
Mobile Phone

Synopsis

2026-ഓടെ സ്മാർട്ട്‌ഫോണുകൾക്ക് വില കൂടുകയും റാം ശേഷി കുറയുകയും ചെയ്യുമെന്ന് റിപ്പോർട്ടുകൾ. എഐയുടെ വളർച്ചയെ തുടർന്നുണ്ടായ മെമ്മറി ചിപ്പ് ക്ഷാമമാണ് ഇതിന് പ്രധാന കാരണം. ഇത് സ്മാർട്ട്‌ഫോണുകളെ മാത്രമല്ല, കമ്പ്യൂട്ടറുകളെയും ബാധിക്കുമെന്നും റിപ്പോർട്ട്.

വരും വർഷങ്ങൾ സ്‍മാർട്ട്‌ഫോൺ ഉപഭോക്താക്കൾക്ക് കനത്ത വെല്ലുവിളി നിറഞ്ഞ കാലമായിരിക്കും എന്ന് റിപ്പോർട്ട്. 2026 ൽ സ്‍മാർട്ട്‌ ഫോണുകൾ കൂടുതൽ വിലയേറിയതായിത്തീരുമെന്ന് മാത്രമല്ല, അവയുടെ സവിശേഷതകൾ, പ്രത്യേകിച്ച് റാം ശേഷി കുറയാനും സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. വർദ്ധിച്ചുവരുന്ന മെമ്മറി ചിപ്പിന്റെ വില കമ്പനികളെ പുതിയ വഴികൾ തേടാൻ നിർബന്ധിതരാക്കുന്നതാണ് ഇതിന് കാരണം.

ഇന്ത്യ പോലുള്ള ഒരു വിപണിയിൽ, ഉപഭോക്താക്കൾ വിലയെക്കുറിച്ച് വളരെ സെൻസിറ്റീവ് ആയതിനാൽ, കമ്പനികൾക്ക് നിരന്തരം വില ഉയർത്താൻ കഴിയില്ല. അതിനാൽ, വില കുറയ്ക്കാൻ കമ്പനികൾ ഫോണുകളിലെ റാം കുറച്ചേക്കാം. 2026 ആകുമ്പോഴേക്കും 16 ജിബി റാമുള്ള സ്‍മാർട്ട്‌ഫോണുകൾ ഏതാണ്ട് ഇല്ലാതാകുമെന്ന് ഒരു ടിപ്സ്റ്റർ അവകാശപ്പെടുന്നു. ആഗോളതലത്തിൽ നിലനിൽക്കുന്ന മെമ്മറി ക്ഷാമം കാരണം 2026 ൽ സ്മാർട്ട്‌ഫോൺ കമ്പനികൾ 16 ജിബി റാം മോഡലുകൾ പുറത്തിറക്കുന്നത് നിർത്തുമെന്ന് ദക്ഷിണ കൊറിയൻ ടിപ്‌സ്റ്റർ ലാൻസുക് (yeux 1122) ആണ് അടുത്തിടെ ഒരു പോസ്റ്റിൽ അവകാശപ്പെട്ടത്. തങ്ങളുടെ ലാഭം നിലനി‌ത്തുന്നതിനായി ബ്രാൻഡുകൾ ഹാൻഡ്‌സെറ്റുകളുടെ വില വർദ്ധിപ്പിക്കുകയോ സ്‌പെസിഫിക്കേഷനുകൾ കുറയ്ക്കുകയോ ചെയ്യുമെന്നും ടിപ്‌സ്റ്റർ പ്രവചിക്കുന്നു.

അതേസമയം, 12 ജിബി റാമുള്ള ഫോണുകളുടെ ഉത്പാദനം 40 ശതമാനം കുറയാനിടയുണ്ട് എന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു. ഒരുപക്ഷേ അവ 6 ജിബി അല്ലെങ്കിൽ 8 ജിബി റാമുള്ള മോഡലുകളിലേക്ക് റീപ്ലേസ് ചെയ്യപ്പെടും ഒരുകാലത്ത് ഔട്ട്‍ഡേറ്റഡ് ആയ 4GB റാം ഉള്ള ഫോണുകൾ തിരിച്ചുവരവ് നടത്തും എന്നതാണ് ഏറ്റവും അമ്പരപ്പിക്കുന്ന ഒരു കാര്യം. അതായത് കുറഞ്ഞ സവിശേഷത ഉള്ള ഫോണുകൾക്ക് പോലും നിലവിലെ വിലയേക്കാൾ കൂടുതൽ വില നൽകേണ്ടി വന്നേക്കാം.

2026 ൽ ആഗോള സ്മാർട്ട്‌ഫോൺ കയറ്റുമതി 2.1 ശതമാനം കുറയാൻ സാധ്യതയുണ്ട് എന്നാണ് കൗണ്ടർപോയിന്റ് റിസർച്ചിന്റെ പുതുക്കിയ ഗ്ലോബൽ സ്മാർട്ട്‌ഫോൺ ഷിപ്പ്മെന്റ് ട്രാക്കർ ആൻഡ് ഫോർകാസ്റ്റ് റിപ്പോർട്ട് പറയുന്നത്. വർദ്ധിച്ചു വരുന്ന മെമ്മറി ക്ഷാമവും വിലയും മാർക്കറ്റ് റിസർച്ച് സ്ഥാപനം ചൂണ്ടിക്കാണിക്കുന്നു. 200 ഡോളറിൽ താഴെ (ഏകദേശം 18,000 രൂപ) വിലയുള്ള ബജറ്റ് ഹാൻഡ്‌സെറ്റുകളെയാണ് ഇത് ഏറ്റവും ഗുരുതരമായി ബാധിക്കുക എന്ന് കൗണ്ടർപോയിന്റ് റിസർച്ച് ഡയറക്ടർ എംഎസ് ഹ്വാങ് പറഞ്ഞു.

റാം ക്ഷാമം സ്‍മാർട്ട്‌ഫോണുകളുടെ വില വർദ്ധിപ്പിക്കുക മാത്രമല്ല പേഴ്സണൽ കമ്പ്യൂട്ടറുകളെയും ബാധിക്കും. അതായത് റാം ക്ഷാമം പി സികളുടെയും ലാപ്‌ടോപ്പുകളുടെയും വില വർദ്ധിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഡെൽ, ലെനോവോ തുടങ്ങിയ കമ്പനികൾ അവരുടെ ലാപ്‌ടോപ്പുകളുടെയും കമ്പ്യൂട്ടറുകളുടെയും വില 15 മുതൽ 20 ശതമാനം വരെ വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യയിലെ നിരവധി സ്‍മാർട്ട്‌ഫോൺ ബ്രാൻഡുകൾ നിലവിലുള്ള ഫോണുകളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.

റാം ക്ഷാമത്തിന് കാരണം

ലോകമെമ്പാടും നിലവിലുള്ള റാം ക്ഷാമത്തിന് പിന്നിലെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് എഐയെ ആണ്. ഓപ്പൺ എഐ, ഗൂഗിൾ, എൻവിഡിയ, മൈക്രോസോഫ്റ്റ് തുടങ്ങിയവ ഉൾപ്പെടെ നിരവധി കമ്പനികൾ എഐ മേഖലയിൽ അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്നു. എഐ മോഡലുകൾ പ്രവർത്തിപ്പിക്കുന്നതിനായി വലിയ ഡാറ്റാ സെന്ററുകൾ നിർമ്മിക്കപ്പെടുന്നു. ഇതിന് ധാരാളം പ്രോസസറുകളും റാമും ആവശ്യമാണ്. തൽഫലമായി, ചിപ്പ് നിർമ്മാതാക്കൾ എഐ കമ്പനികൾക്കുള്ള സപ്ലൈകൾ വർദ്ധിപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പല കമ്പനികളും സ്‍മാർട്ട്‌ഫോണുകളിൽ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് ചിപ്പുകളുടെ ഉത്പാദനം കുറച്ചുകൊണ്ട് എഐ ചിപ്പുകളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുകയാണ്. സ്‍മാർട്ട്‌ഫോൺ, കമ്പ്യൂട്ടർ നിർമ്മാതാക്കൾ ഇത് കാരണം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ.

PREV
Read more Articles on
click me!

Recommended Stories

ആർ-സീരീസിലെ ഏറ്റവും ശക്തമായ സ്മാർട്ട്‌ഫോൺ; വൺപ്ലസ് 15 R ഇന്ത്യയിൽ പുറത്തിറങ്ങി
ഹേയ് 'വൺപ്ലസ് ലവേഴ്സ്', രാജ്യത്ത് ലോഞ്ചിന് മുന്നെ വൺപ്ലസ് 15R ന്റെ വിലയും മറ്റ് വിവരങ്ങളും ചോർന്നു