കുപ്പികളും, പ്ലാസ്റ്റിക്കുകളും, പഴയ വസ്ത്രങ്ങളും വലിച്ചെറിയും മുമ്പ് ഈ ചിത്രങ്ങൾ കാണുക!

First Published Apr 5, 2021, 11:12 AM IST

വരയ്ക്കാന്‍ പലതരത്തിലുള്ള കാന്‍വാസുകള്‍ ഉപയോഗിക്കുന്ന കലാകാരന്മാരുണ്ട്. എന്നാല്‍, മരിയ റീഡിംഗ് എന്ന ചിത്രകാരി സംസ്ഥാന, ദേശീയ പാര്‍ക്കുകളില്‍ ചെന്ന് ഉപേക്ഷിക്കപ്പെട്ട വസ്‍തുക്കള്‍ കൊണ്ട് അതിമനോഹരങ്ങളായ ചിത്രങ്ങള്‍ തീര്‍ക്കുകയാണ്. അതില്‍, ഉപേക്ഷിക്കപ്പെട്ട ചെരിപ്പുകളും പാത്രങ്ങളും ഹെല്‍മറ്റുകളും എല്ലാം ഉള്‍പ്പെടുന്നു. അത് വച്ച് ആ പ്രദേശത്തിന്‍റെ ഭംഗിയാണ് മരിയ റീഡിംഗ് പകര്‍ത്തുന്നത്. ഏത് തരം പ്രദേശമാണോ അത് അതിന് ചേര്‍ന്ന, അതിന്‍റെ തന്നെ ഭാഗമായ പെയിന്‍റിംഗുകളാണ് അവളുടേത്. ഈ ചിത്രങ്ങൾ കണ്ട് കഴിയുമ്പോൾ മാലിന്യം വലിച്ചെറിയുന്നതിനെ കുറിച്ച് നാം രണ്ടാമതൊന്ന് ചിന്തിക്കും എന്ന് ഉറപ്പാണ്. മരിയ റീഡിംഗിന്‍റെ ചിത്രങ്ങള്‍ കാണാം. 

പെയിന്‍റ് ചെയ്‍ത ശേഷം മരിയ തന്നെ അതിന്റെ ഫോട്ടോ എടുത്തുവയ്ക്കും. വെറുതെ ഫോട്ടോ എടുക്കുകയല്ല. ഏത് പ്രദേശമാണോ തന്നെ വരയ്ക്കാന്‍ പ്രചോദിപ്പിച്ചത് അതിനോട് ചേര്‍ന്നാണ് ഫോട്ടോ എടുക്കുന്നത്. പെയിന്‍റിംഗും ഫോട്ടോയും കൂടി കാണുമ്പോള്‍ എവിടെയാണ് പെയിന്‍റിംഗ് തുടങ്ങുന്നത്, പ്രദേശം അവസാനിക്കുന്നത് എന്നൊന്നും പറയാനാവില്ല. അത്രയേറെ ഇഴുകിച്ചേര്‍ന്നാണ് അവ നില്‍ക്കുന്നത്.
undefined
മരിയയുടെ ഇത്തരത്തിലുള്ള ചിത്രങ്ങളുടെ പിറവിക്ക് പിന്നില്‍ ഒരു കഥയുണ്ട്. ബൗഡോയിന്‍ കോളേജിലാണ് അവള്‍ ആര്‍ട്‍സ് പഠിക്കുന്നത്. ആ സമയത്ത് ഒരു ക്ലാസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പ്രൊജക്ട് നല്‍കുകയുണ്ടായി. അത് കഴിയുമ്പോഴേക്കും വലിയ തരത്തില്‍ മാലിന്യങ്ങളുണ്ടായി. ഒരിക്കലുപയോഗിച്ച് ബ്രഷ് വീണ്ടും ഉപയോഗിക്കാനായില്ല. അങ്ങനെ കുറേയേറെ മാലിന്യങ്ങള്‍.
undefined
'ഞാന്‍ വരയ്ക്കുന്നത് ഭൂമിയെ ആണ്. അതിനായി ഉപയോഗിക്കുന്ന വസ്‍തുക്കള്‍ പിന്നീട് മാലിന്യങ്ങളായി അതേ ഭൂമിയിലേക്ക് പോയാല്‍ അത് തുടരുന്നതില്‍ അര്‍ത്ഥമില്ല എന്ന് എനിക്ക് തോന്നി. അങ്ങനെയാണ് അതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുന്നത്' എന്ന് മരിയ പറയുന്നു. തന്‍റെ പഴയ പെയിന്‍റ് ട്യൂബുകളിലും ബ്രഷുകളിലും എല്ലാം അവള്‍ പെയിന്‍റ് ചെയ്‍തു തുടങ്ങിയത് അതിനുശേഷമാണ്.
undefined
അവളുടെ പല പ്രൊജക്ടുകളും ഇതിനെ പിന്തുടര്‍ന്ന് വന്നു. എന്നാല്‍, കാലം കഴിഞ്ഞപ്പോള്‍ ബ്രെഷ്, പെയിന്‍റ് ട്യൂബ് എന്നിവയില്‍ നിന്നുമൊക്കെ മാറി വലിയ തലത്തിലേക്കായി. ജീന്‍സ്, തൊപ്പി തുടങ്ങി ഉപേക്ഷിക്കപ്പെട്ട പല വസ്‍തുക്കളും അവള്‍ തന്‍റെ കാന്‍വാസാക്കി മാറ്റി.
undefined
നിലവിൽ, മെയ്നിന്റെ അക്കാഡിയ നാഷണൽ പാർക്കിന്റെ വസതിയായ മൗണ്ട് ഡെസേർട്ട് ദ്വീപിലാണ് മരിയ ജോലി ചെയ്യുന്നത്. അവിടെ കഴിഞ്ഞ വേനൽക്കാലത്ത് ഔട്ട്‌ഡോർ അധ്യാപികയായി അവര്‍ സേവനമനുഷ്ഠിച്ചു. 2021 -ൽ ഉടനീളം അവൾ ഈ പദ്ധതിയില്‍ തന്നെ തുടരും. വടക്കന്‍ മിനസോട്ടയുടെ അതിര്‍ത്തിയിലെ വെള്ളത്തില്‍ നിന്നുമാണ് അത് ആരംഭിക്കുക. പിന്നീട്, ഗ്വാഡലൂപ്പ് മൗണ്ടെയ്ൻസ് നാഷണൽ പാർക്കിലും ഒറിഗോണിലെ സിറ്റ്ക സെന്റർ ഫോർ ആർട്ട് ആൻഡ് ഇക്കോളജിയിലും പ്രൊജക്ട് തുടരും.
undefined
ചുറ്റും കിട്ടുന്ന ഉപേക്ഷിക്കപ്പെട്ട വസ്‍തുക്കളില്‍ ചിത്രം വരയ്ക്കുക മാത്രമല്ല അതിനെ ചുറ്റിപ്പറ്റി കഥകള്‍ മെനയാനും മരിയയ്ക്കിഷ്‍ടമാണ്. ഒരിക്കല്‍, ഉപേക്ഷിക്കപ്പെട്ട ഒരു പൈജാമ ഒരു മരത്തിലിട്ടിരിക്കുന്നത് കാണുകയുണ്ടായി. ഉടനെ തന്നെ അത് ആരുടേതായിരിക്കും, അയാള്‍ പൈജാമ ധരിക്കാതെ എങ്ങനെ പോയി, എങ്ങോട്ട് പോയി എന്നതിനെയൊക്കെ ചുറ്റിപ്പറ്റി അവള്‍ കഥകള്‍ മെനഞ്ഞു തുടങ്ങി. ഇത്തരം സങ്കല്‍പങ്ങള്‍ രസമാണ് എന്ന് മരിയ തന്നെ പറയുന്നു.
undefined
താന്‍ കണ്ടതില്‍ വച്ച് ഏറ്റവുമധികം ഉപേക്ഷിക്കപ്പെട്ട വസ്‍തുക്കള്‍ പ്ലാസ്റ്റിക്, കയറുകള്‍, വെള്ളത്തിന്‍റെ കുപ്പികള്‍, ബിയര്‍ ബോട്ടിലുകള്‍, ഗ്ലൗസുകള്‍, മാസ്‍കുകള്‍ എന്നിവയൊക്കെ ആണ് എന്ന് മരിയ പറയുന്നു.
undefined
മറ്റുള്ളവര്‍ വലിച്ചെറിയുന്ന മാലിന്യങ്ങളില്‍ നിന്നും എന്ത് പാഠം പഠിച്ചുവെന്ന് ചോദിച്ചാല്‍ മരിയ പറയുന്നത് ഇങ്ങനെ, ഓരോ തവണ തന്‍റെ വെള്ളത്തിനുള്ള കുപ്പി എടുക്കാന്‍ മറക്കുമ്പോഴും അവള്‍ക്ക് വേറെ പ്ലാസ്റ്റിക് കുപ്പി വാങ്ങേണ്ടി വരുന്നു. ഇങ്ങനെ ഓരോ തവണയും വാങ്ങുമ്പോഴും അത്രയും മാലിന്യമുണ്ടാകുന്നു. മറ്റുള്ളവരുപേക്ഷിക്കുന്ന കുപ്പികള്‍ കാണുമ്പോഴും മരിയയ്ക്ക് ഇത് ഓര്‍മ്മ വരും. ഇത് താന്‍ ഈ ഭൂമിയോട് എന്ത് ചെയ്യരുത് എന്ന ബോധ്യം അവള്‍ക്ക് നല്‍കുന്നു.
undefined
നമ്മള്‍ തന്നെ ഉപേക്ഷിക്കുന്ന വസ്‍തുക്കളില്‍ തന്നെ കല സൃഷ്‍ടിക്കാന്‍ കഴിയുമെന്ന് മറ്റ് കലാകാരന്മാരെ കൂടി പ്രചോദിപ്പിക്കുക എന്ന ലക്ഷ്യം കൂടി മരിയയ്ക്കുണ്ട്. നാം തന്നെ വലിച്ചെറിയുന്ന അനേകം വസ്‍തുക്കളുണ്ട്. അതില്‍ തന്നെ വരയ്ക്കാന്‍ കഴിയുമെന്നും അവള്‍ ഓര്‍മ്മിപ്പിക്കുന്നു.
undefined
ഇതിലൂടെ വിലയേറിയ കാന്‍വാസ് വാങ്ങേണ്ടി വരുന്നില്ല. മാത്രവുമല്ല, അത്രയേറെ മാലിന്യങ്ങളുണ്ടാകുന്നത് തടയാനുമാകും. കല എന്നാല്‍, വരയ്ക്കുന്നവര്‍ക്ക് അവരെ പ്രകടിപ്പിക്കാനാവുന്ന ഒന്നാണ്. അതുപോലെ തന്നെ കാണുന്നവരെ കൂടി എന്തിലെങ്കിലും പ്രചോദിപ്പിക്കാനും കലയ്ക്ക് കഴിയണം എന്നും മരിയ പറയുന്നു.(വിവരങ്ങൾക്ക് കടപ്പാട്: അറ്റ്ലസ് ഒബ്‍സ്‍ക്യൂറ)
undefined
click me!