'കറുത്തവന്‍റെ നൃത്തം', ആദ്യ അമേരിക്കന്‍ ബ്ലാക്ക് ഡാന്‍സ് കമ്പനി തുടങ്ങിയ സ്ത്രീ, കാതറീന്‍ ഡനം: ചിത്രങ്ങള്‍

First Published Jun 14, 2020, 3:58 PM IST

അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരെ കൊന്നതിലുള്ള പ്രതിഷേധം പടരുകയാണ്. ഈ അടിച്ചമര്‍ത്തല്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അതിനെതിരെയുള്ള പ്രതിഷേധങ്ങളും... കാലങ്ങളായി കലയിലൂടെയും രാഷ്ട്രീയത്തിലൂടെയും ഈ അടിച്ചമര്‍ത്തലിനെതിരെ പ്രതിഷേധത്തിന്‍റെ ശബ്‍ദം ഉയരുന്നുണ്ട്. അങ്ങനെ തന്‍റേതായ രീതിയില്‍ ശബ്‍ദമുയര്‍ത്തിയ ആളാണ് കാതറീന്‍ ഡനവും. കാതറീന്‍ ഡനം അറിയപ്പെടുന്നൊരു നര്‍ത്തകി ആയിരുന്നു. അവിടെത്തീര്‍ന്നില്ല, പ്രശസ്‍ത കൊറിയോഗ്രാഫറും പ്രൊഡ്യൂസറും, എഴുത്തുകാരിയും, ഗവേഷകയും, ആന്ത്രോപോളജിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായിരുന്നു. 'ബ്ലാക്ക് ഡാന്‍സിന്‍റെ മാതാവ്' എന്നാണ് കാതറീന്‍ അറിയപ്പെടുന്നത് തന്നെ. ഇരുപതാം നൂറ്റാണ്ടില്‍ വെസ്റ്റേണ്‍ ഡാന്‍സ് തിയേറ്ററില്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീയാണവര്‍. സ്വന്തം ഡാന്‍സ് കമ്പനി വര്‍ഷങ്ങളോളം വിജയകരമായി കൊണ്ടുനടന്നു കാതറീന്‍. കറുത്തവന്‍റെ പാരമ്പര്യത്തെ ഡാന്‍സിലൂടെ അരങ്ങിലും ആളുകളിലും എത്തിക്കുന്നതിന് കാതറീന് കഴിഞ്ഞു. 

നൃത്തത്തില്‍ അവരുടേതായ കണ്ടുപിടിത്തങ്ങളില്‍ പ്രധാനമാണ് 'ഡനം ടെക്നിക്ക്'. ആഫ്രിക്കന്‍ ഡയസ്‍പോറയില്‍ നിന്നുള്ള ചലനങ്ങളും മറ്റും ഉള്‍പ്പെടുത്തിയായിരുന്നു കാതറീന്‍ അത് ചെയ്‍തിരുന്നത്. ആഫ്രിക്കൻ, കരീബിയൻ നാടോടിക്കഥകളെ അടിസ്ഥാനമാക്കി ജനപ്രിയവും മിഴിവുറ്റതുമായ ഷോകൾ അവർ സൃഷ്ടിച്ചു. ബ്ലാക്ക് ഡാന്‍സിന്‍റെ ചരിത്രപരമായ വേരുകൾ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തി.
undefined
വംശീയമായ വേര്‍തിരിവുകളും അടിച്ചമര്‍ത്തലുകളും ശക്തമായി നിലനില്‍ക്കുന്ന ആ കാലത്ത് തന്നെ 1930 -ന്‍റെ അവസാനങ്ങളില്‍ കാതറീന്‍ രാജ്യത്തെ ആദ്യ ബ്ലാക്ക് മോഡേണ്‍ ഡാന്‍സ് ട്രൂപ്പിന് രൂപം നല്‍കി. അതുമായി ആറ് ഭൂഖണ്ഡങ്ങളിലായുള്ള അമ്പത് രാജ്യങ്ങള്‍ അവര്‍ സന്ദര്‍ശിച്ചു.
undefined
അക്ഷരാര്‍ത്ഥത്തില്‍ വര്‍ണവിവേചനത്തിരെയുള്ള പോരാട്ടമായിരുന്നു കാതറീനും അവളുടെ തിയേറ്ററും ചേര്‍ന്ന് നടത്തിയിരുന്നത്. 'കറുപ്പ് സൗന്ദര്യമാണ് എന്ന് അടിച്ചേല്‍പ്പിക്കുകയല്ല ഞങ്ങള്‍, മറിച്ച്, കറുപ്പെത്രമാത്രം സുന്ദരമാണ് എന്ന് കാണിച്ചുതരികയാണ്' എന്ന് ഒരിക്കല്‍ കാതറീന്‍ എഴുതി. സൗത്ത് ലാന്‍ഡ് എന്ന് പേരിട്ട കാതറീന്‍റെ വര്‍ക്കില്‍ ലിഞ്ചിംഗിനെക്കുറിച്ചാണ് കാണിക്കുന്നത്.
undefined
1909 ജൂൺ 22 ന്‌, ഗ്ലെൻ‌ എല്ലിനില്‍‌, മഡഗാസ്‍കറിൽ‌ നിന്നും പശ്ചിമാഫ്രിക്കയിൽ‌ നിന്നുമുള്ള അടിമകളുടെ പിൻ‌ഗാമിയായ ആല്‍ബര്‍ട്ട് മില്ലാര്‍ഡ് ഡനം, ഫ്രഞ്ച് കനേഡിയനായ ഫാനി ജൂൺ‌ ടെയ്‌ലർ‌ എന്നിവരുടെ മകളായാണ് കാതറീന്‍ ജനിച്ചത്. അവള്‍ക്ക് മൂന്നുവയസ്സുള്ളപ്പോള്‍ത്തന്നെ അമ്മ മരിച്ചു. അവളുടെ പിതാവ് ഐയവയിൽ നിന്നുള്ള സ്‍കൂൾ അദ്ധ്യാപികയായ ആനെറ്റ് പോയിൻ‌ഡെക്സ്റ്ററിനെ വിവാഹം കഴിച്ചു. അതേത്തുടര്‍ന്ന് അവര്‍ ജോലിയറ്റിലേക്ക് താമസം മാറുകയും അവളുടെ അച്ഛന്‍ അവിടെ ഡ്രൈ ക്ലീനിംഗ് ബിസിനസ് നടത്തുകയും ചെയ്‍തു.
undefined
ജോലിയറ്റ് ജൂനിയര്‍ കോളേജ്, യൂണിവേഴ്‍സിറ്റി ഓഫ് ചിക്കാഗോ എന്നിവിടങ്ങളിലായിരുന്നു കാതറീന്‍റെ പഠനം. അവിടെ വച്ച് അവള്‍ നരവംശശാസ്ത്രത്തില്‍ ബിരുദം നേടി. ചിക്കാഗോയിലാണ് അവള്‍ നൃത്തം അഭ്യസിക്കുന്നത്. കൊറിയോഗ്രാഫറും കവിയുമായ ലുഡ്‍മില്ല സ്പെറന്‍സേവ, മാര്‍ക്ക് ടര്‍ബിഫില്‍ എന്നിവരോടൊത്തായിരുന്നു പഠനം. വളരെ കുറച്ച് മാത്രം ആയുസ്സുണ്ടായിരുന്ന ബല്ലറ്റ് നീഗ്രേയ്ക്ക് 1930 -ല്‍ കാതറീന്‍ ഇവരുമായി ചേര്‍ന്നാണ് രൂപം കൊടുക്കുന്നത് .
undefined
1933 -ല്‍ ചിക്കാഗോയിലെ പ്രശസ്‍ത കൊറിയോഗ്രാഫറായിരുന്ന റൂത്ത് പേജ് അവളെ പ്രശസ്‍തമായ La Guiablesse എന്ന ബല്ലറ്റിലേക്ക് ക്ഷണിച്ചു. മാര്‍ട്ടിനിക്ക് ഫോക്ലോറിനെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട അത് ചിക്കാഗോ സിവിക് ഓപ്പറാ ഹൗസിലാണ് പ്രദര്‍ശിപ്പിക്കപ്പെട്ടത്. 1934 -ല്‍ സ്പെറന്‍സേവയുടെ സഹായത്തോടെ കാതറീന്‍ ചിക്കാഗോ നീഗ്രോ സ്കൂള്‍ ഓഫ് ബല്ലറ്റ്, നീഗ്രോ ഡാന്‍സ് ഗ്രൂപ്പ് എന്നിവ ആരംഭിച്ചു. അതാണ് പിന്നീട് കാതറീന്‍ ഡനം ഡാന്‍സ് കമ്പനിയാവുന്നത്.
undefined
ഈസ്റ്റ് സെന്‍റ് ലൂയിസില്‍ നിന്നുള്ള നിരാലംബരായിരുന്ന യുവാക്കളെ കണ്ടെത്തി അവരെ നൃത്തം പഠിപ്പിക്കുകയും നര്‍ത്തകരാക്കി മാറ്റുകയും ചെയ്‍തു കാതറീന്‍. 'തന്നെയും തന്‍റെ പരിസരത്തെയും കുറിച്ച് ഒരാളില്‍ അറിവുണ്ടാക്കിയെടുക്കുകയും അവരില്‍ ജീവിതത്തോട് പ്രണയമുണ്ടാകുന്നതിനുമായാണ് താന്‍ അത് ചെയ്‍തത്' എന്നാണ് കാതറീന്‍ പറഞ്ഞത്.
undefined
1935 -ല്‍ നരവംശശാസ്ത്രത്തില്‍ ബിരുദവിദ്യാര്‍ത്ഥിയായിരിക്കെ റോസന്‍വാള്‍ഡ് ഫെലോഷിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ജമൈക്കയും ഹെയ്റ്റിയുമടക്കം വിവിധയിടങ്ങളില്‍ പരമ്പരാഗതമായ നൃത്തം പഠിക്കാനുള്ള അവസരം അവരെ തേടിയെത്തി. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഏറെനേരവും ഹെയ്റ്റിയില്‍ ചെലവിട്ടു കാതറീന്‍.
undefined
1937 മുതല്‍ തന്നെ കാതറീനും നീഗ്രോ ഡാന്‍സ് ഗ്രൂപ്പും ന്യൂയോര്‍ക്കില്‍ പരിപാടികളവതരിപ്പിച്ചിരുന്നുവെങ്കിലും 1939 വരെ അത് വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല. 1939 -ലാണ് ഇന്‍റര്‍നാഷണല്‍ ലേഡീസ് ഗാര്‍മെന്‍റ് വര്‍ക്കേഴ്‍സ് യൂണിയന്‍റെ നേതൃത്വത്തില്‍ 'പിന്‍സ് ആന്‍ഡ് നീഡില്‍സ്' എന്ന ഹാസ്യാത്മക പരിപാടി അവര്‍ അവതരിപ്പിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷമാണ് കാതറീനും അവരുടെ ഡാന്‍സ് കമ്പനിയും 30 വര്‍ഷത്തോളം അമ്പത് രാജ്യങ്ങളിലായി യാത്ര ചെയ്യുകയും പരിപാടികളവതരിപ്പിക്കുകയും ചെയ്യുന്നത്.
undefined
പിന്നീട് വ്യാപകമായി പരിപാടികളുണ്ടാവുകയും സിനിമാമേഖലയിലടക്കം പ്രവര്‍ത്തിക്കുകയും ചെയ്‍തു കാതറീന്‍. ചിക്കാഗോയിലെ ഫെഡറല്‍ തിയേറ്ററുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കവെയാണ് ആര്‍ട്ടിസ്റ്റും ഡിസൈനറുമായ ജോണ്‍ പ്രാറ്റിനെ കണ്ടുമുട്ടുന്നതും വിവാഹിതരാവുന്നതും. 1986 -ല്‍ അദ്ദേഹം മരിച്ചു.
undefined
ഒരു ഡാന്‍സര്‍ എന്നതിലുപരി നരവംശശാസ്ത്രവുമായി ബന്ധപ്പെട്ട് നിരവധി ഡാന്‍സ് വര്‍ക്കുകള്‍ കാതറീന്‍ ചെയ്‍തു. സര്‍വകലാശാലയിലും പരിശീലനകേന്ദ്രങ്ങളിലും നൃത്തത്തെ കുറിച്ച് പഠിപ്പിക്കാനായി ചെന്നു. ജേണി ഓഫ് അക്കമ്പോങ്, എ ടച്ച് ഓഫ് ഇന്നസന്‍സ്: മെമ്മയര്‍സ് ഓഫ് ചൈല്‍ഡ്ഹുഡ്, ഡാന്‍സ് ഓഫ് ഹെയ്റ്റി, അയലന്‍ഡ് പൊസസ്സ്ഡ് തുടങ്ങിയ പുസ്‍തകങ്ങളും രചിച്ചു. കലാമേഖലകളില്‍ നിരവധിയായ അംഗീകാരവും അവരെത്തേടിയെത്തിയിട്ടുണ്ട്.
undefined
സ്വന്തം മതത്തിലെ പുരോഹിതയായി മാറി അവസാനകാലത്ത് കാതറീന്‍. 82 -ാമത്തെ വയസ്സില്‍ ആര്‍ത്രൈറ്റിസ് വലയ്ക്കുമ്പോഴും ഹെയ്റ്റിയന്‍ അഭയാര്‍ത്ഥികള്‍ക്കായി 47 ദിവസം നിരാഹാരസമരം നടത്തി അവര്‍. 2006 മെയ് 21 -ന് 96 -മാത്തെ വയസ്സിലാണ് കാതറീന്‍ മരിക്കുന്നത്.
undefined
click me!