ഫ്രിഡ കഹ്‌ലോയുടെ ഏറ്റവും പ്രശസ്തമായ സെൽഫ് പോർട്രെയ്റ്റുകളിൽ ഒന്നാണ് ഇത്. ജീവിതത്തിലെ പ്രക്ഷുബ്ധമായ ഒരു അധ്യായത്തിലൂടെ സഞ്ചരിക്കുമ്പോഴാണ് ഫ്രിഡ ഈ പോർട്രെയ്റ്റ് വരച്ചിരിക്കുന്നത്.

ലോകപ്രശസ്തയായ മെക്സിക്കൻ ചിത്രകാരി ഫ്രിഡ കഹ്‌ലോയുടെ സെൽഫ് പോർട്രെയ്റ്റ് ന്യൂയോർക്കിലെ ലേലത്തിൽ വിറ്റുപോയത് 54.7 മില്യൺ ഡോളറിന് (ഏകദേശം 487 കോടി രൂപ). വ്യാഴാഴ്ചയാണ് സോത്ത്ബീസ് ലേലശാലയിൽ വിൽപ്പന നടന്നത്. ഒരു സ്ത്രീ കലാകാരിയുടെ പെയിന്റിംഗിന് ഇതുവരെ ലഭിച്ചതിൽ വച്ച് ഏറ്റവും ഉയർന്ന തുകയാണ് ഇത്. 1940 -ൽ ഫ്രിഡ കഹ്‌ലോ വരച്ച 'എൽ സുവേനോ'/ 'ദി ഡ്രീം' (ദി ബെഡ്) എന്ന കലാസൃഷ്ടിക്ക് വെറും നാല് മിനിറ്റ് മാത്രം നീണ്ടുനിന്ന ലേലത്തിലാണ് 54.7 മില്യൺ ഡോളർ ലഭിച്ചത്. ഫ്രിഡ കഹ്‌ലോയുടെ ഏറ്റവും പ്രശസ്തമായ സെൽഫ് പോർട്രെയ്റ്റുകളിൽ ഒന്നാണ് ഇത്. ജീവിതത്തിലെ പ്രക്ഷുബ്ധമായ ഒരു അധ്യായത്തിലൂടെ സഞ്ചരിക്കുമ്പോഴാണ് ഫ്രിഡ ഈ പോർട്രെയ്റ്റ് വരച്ചിരിക്കുന്നത്.

ഫ്രിഡയുടെ മുൻ കാമുകൻ കൊല്ലപ്പെട്ട വർഷമായിരുന്നു അത്. ഏകദേശം അതേ സമയത്ത് തന്നെയായിരുന്നു അവളുടെ വിവാഹവും വിവാഹമോചനവും എല്ലാം നടക്കുന്നതും. ഈ സർറിയലിസ്റ്റ് പെയിന്റിംഗിൽ കാണുന്നത് ഫ്രിഡ കഹ്‌ലോ ഒരു ബങ്ക് ബെഡിൽ ഉറങ്ങുന്നതാണ്. ഇലകൾ കൊണ്ടുള്ള ഒരു മേലാപ്പിൽ അവൾ പൊതിഞ്ഞിരിക്കുന്നത് കാണാം. ഓവർഹെഡ് ബങ്കിൽ ഡൈനാമൈറ്റ് കൊണ്ട് പൊതിഞ്ഞ ഒരു അസ്ഥികൂടവും കിടക്കുന്നു. ശാരീരികമായും വൈകാരികമായും ബുദ്ധിമുട്ടുള്ള സമയത്ത് ഫ്രിഡയുടെ പ്രതിരോധശേഷി എത്രമാത്രമുണ്ടായിരുന്നു എന്നത് കാണിക്കുന്നതാണ് ഈ പെയിന്റിം​ഗ്. ഒപ്പം തന്നെ ബന്ധങ്ങളോടും രോഗത്തോടുമുള്ള അവളുടെ പോരാട്ടങ്ങൾ കൂടി ഈ പെയിന്റിം​ഗിൽ നിന്നും വ്യക്തമാണ്.

'വളരെ വ്യക്തിപരമായ ഒരു ചിത്രമാണ് ഇത്. ഇതിൽ കഹ്‌ലോ മെക്സിക്കൻ സംസ്കാരത്തിൽ നിന്നുള്ള ഫോക്ലോർ മാതൃകയെ യൂറോപ്യൻ സർറിയലിസവുമായി ലയിപ്പിക്കുന്നു' എന്നാണ് പെയിന്റിം​ഗിനെ കുറിച്ച് സോത്ത്ബീസിലെ ലാറ്റിൻ അമേരിക്കൻ ആർട്ട് തലവനായ അന്ന ഡി സ്റ്റാസി എഎഫ്‌പിയോട് പറഞ്ഞത്.