ലോക്ഡൌണില്‍ സെക്കന്‍റ് ഹാന്‍റ് റോയൽ എൻഫീൽഡിനെ ഇ-ബൈക്കാക്കി മാറ്റിയ ഒമ്പതാം ക്ലാസുകാരന്‍

Published : Sep 18, 2021, 11:54 AM ISTUpdated : Sep 18, 2021, 11:55 AM IST

പാരിസ്ഥിതിക പ്രശ്നങ്ങളെ മുന്‍ നിര്‍ത്തി രാജ്യത്തെ പെട്രോള്‍/ഡീസല്‍ വാഹനങ്ങളുടെ ആയുസ് കേന്ദ്രസര്‍ക്കാര്‍ 15 വര്‍ഷമായി നിജപ്പെടുത്തി. ഭാവിയെ കൂടി മുന്നില്‍ കണ്ട് പെട്രോള്‍/ഡീസല്‍ വാഹനങ്ങളുടെ ഉപഭോഗം കുറയ്ക്കാനും  ഇലക്ട്രോണിക്ക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കാനുമുള്ള പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. അതിനിടെയാണ് ബൈക്ക് പ്രേമികളെ ആവേശഭരിതരാക്കുന്ന ഒരു വാര്‍ത്ത ദില്ലി സുഭാഷ് നഗറില്‍ നിന്നും വരുന്നത്. മാത്രമല്ല, ഇത്രയും നാളെത്ത ലോക്ഡൌണും അടച്ചിടലും ഒരു ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ഉപയോഗപ്പെടുത്തിയതെങ്ങനെയെന്നും അറിയാം. റോയൽ എൻഫീൽഡ് ബൈക്കിന്‍റെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് ഒരു 9 -ാം ക്ലാസ് വിദ്യാർത്ഥി ഇലക്ട്രിക് ബൈക്ക് നിർമ്മിച്ചതാണ് ആ വാര്‍ത്തയിലേക്ക്...   

PREV
17
ലോക്ഡൌണില്‍ സെക്കന്‍റ് ഹാന്‍റ് റോയൽ എൻഫീൽഡിനെ ഇ-ബൈക്കാക്കി മാറ്റിയ ഒമ്പതാം ക്ലാസുകാരന്‍

മിനിയേച്ചർ റോയൽ എൻഫീൽഡിനോട് സാമ്യമുള്ള സ്ക്രാപ്പുകൾ ഉപയോഗിച്ചാണ് ദില്ലി സുഭാഷ് നഗറിലെ സർവോദയ ബാല വിദ്യാലയത്തിലെ  9 -ാം ക്ലാസ് വിദ്യാർത്ഥി, രാജൻ (15) ഇലക്ട്രിക് ബൈക്ക് നിര്‍മ്മിച്ചത്. ഒറ്റ ചാർജിൽ ഈ ഇലക്ട്രോണിക്ക് ബൈക്ക് 100 കിലോമീറ്റർ ഓടുമെന്ന് രാജന്‍ അവകാശപ്പെട്ടുന്നു. 

 

 

27

ഈ ഇലക്ട്രോണിക്ക് ബൈക്ക് നിര്‍മ്മാണത്തിനാവശ്യമായ സെക്കന്‍ഹാന്‍റ് ബൈക്ക് വാങ്ങാന്‍ 45,000 രൂപ ചെലവായതായി രാജന്‍ എഎന്‍ഐയോട് പറഞ്ഞു. നേരത്തെ രാജന്‍ ഒരു ഇലക്ട്രോണിക്ക് സൈക്കിള്‍ നിര്‍മ്മിച്ചു. എന്നാല്‍ അതിന്‍റെ വേഗത നിയന്ത്രിക്കാന്‍ രാജന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ തന്‍റെ ആദ്യ ശ്രമം പരാജയമായിരുന്നെന്നും രാജന്‍ പറയുന്നു.

 

37

വേഗത നിയന്ത്രിക്കാനുള്ള ഉപകരണം സ്ഥാപിക്കാന്‍ കഴിയാതിരുന്നത് കൊണ്ട് ആ സൈക്കളില്‍ പോകവേ തനിക്ക് അപകടം പറ്റിയെന്നും രാജന്‍ പറയുന്നു. അപകടം പറ്റിയതോടെ അച്ഛന്‍ തുടര്‍ന്ന് നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചു. കൊവിഡിനെ തുടര്‍ന്ന് സ്കൂള്‍ അടച്ചതോടെ അടുത്തുള്ള ബൈക്ക് വര്‍ക്ക് ഷാപ്പില്‍ ബൈക്ക് മെക്കാനിസം പഠിക്കാന്‍ ചേര്‍ന്നു. പണിയേതാണ്ട് പഠിച്ചപ്പോള്‍ വീട്ടുകാരോട് ഒരു സെക്കന്‍ ഹാന്‍റ് ബൈക്ക് വാങ്ങിത്തരാന്‍ നിര്‍ബന്ധിച്ചു. 

 

47

ആദ്യം അച്ഛന്‍ സമ്മതിച്ചില്ലെന്നും എന്നാല്‍ നിര്‍ബന്ധം സഹിക്കാതായപ്പോള്‍ അദ്ദേഹം സുഹൃത്തുക്കളുടെ കൈയില്‍ നിന്നും 45,000 രൂപ കടം വാങ്ങിയാണ് സെക്കന്‍ഹാന്‍ഡ് റോയന്‍ എന്‍ഫീല്‍ഡ് വാങ്ങുന്നത്. "എനിക്ക് ഇത് ചെയ്യാൻ കഴിയിയുമോന്ന് അച്ഛന് ആശങ്കയുണ്ടായിരുന്നു, എന്നാല്‍ അമ്മയ്ക്ക് തീര്‍ച്ചയുണ്ടായിരുന്നു. എനിക്കിതിന് കഴിയുമെന്ന്." രാജന്‍ പറയുന്നു. 

 

57

രാജൻ കുട്ടിക്കാലം മുതൽ കൗതുകമുള്ള കുട്ടിയായിരുന്നുവെന്നും ഇലക്ട്രോണിക് സാധനങ്ങൾ ഉപയോഗിച്ച് കളിക്കാൻ അവന് ഇഷ്ടമായിരുന്നുവെന്നും അച്ഛന്‍ ദശരഥ് ശർമ്മ പറഞ്ഞു. " ഈ ബൈക്ക് ഉണ്ടാക്കാന്‍ അവനെന്നോട് കള്ളം പറഞ്ഞു.  ബൈക്ക് റീസൈക്കിൾ ചെയ്യാൻ സ്കൂളിൽ നിന്ന് ഒരു അസൈൻമെന്‍റ് കിട്ടിയെന്നായിരുന്നു അവന്‍ പറഞ്ഞത്." ദശരഥ് ശർമ്മ പറഞ്ഞു.

 

67

" വെൽഡിങ്ങിനിടെ അവന് പലതവണ പരിക്കേറ്റിരുന്നു, പക്ഷേ അവന്‍ പിന്മാറിയില്ല.  എന്‍റെ ജോലി തിരക്ക് കാരണം  അവനെ സഹായിക്കാൻ എനിക്ക് സമയമില്ലായിരുന്നു. മുഴുവൻ സമയവും അവൻ തനിച്ചായിരുന്നു," അദ്ദേഹം തുടര്‍ന്നു. " സർക്കാർ ആവശ്യമായ പിന്തുണ നൽകിയാൽ രാജ്യത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്." ദശരഥ് ശർമ്മ കൂട്ടിച്ചേര്‍ത്തു. 

 

77

ഇ-ബൈക്കിന്‍റെ ഹെഡ് ലൈറ്റ് റോയൽ എൻഫീൽഡിന്‍റെതാണ്. മാത്രമല്ല കാഴ്ചയിലും അത്  റോയൽ എൻഫീൽഡ് തന്നെ.  ആദ്യം എഞ്ചിൻ നീക്കം ചെയ്തു. പിന്നെ ബാറ്ററി അതിന്‍റെ സ്ഥാനത്ത് സ്ഥാപിച്ചു. അതിന്‍റെ കണക്ഷൻ നേരിട്ട് നൽകി. അങ്ങനെ വെറും മൂന്ന് ദിവസം കൊണ്ട് ഇലക്ട്രിക്ക് ബൈക്കിന്‍റെ പണിതീര്‍ക്കാന്‍ കഴിഞ്ഞെന്നും രാജന്‍ അവകാശപ്പെട്ടതായി ഇന്ത്യാ ട്യുഡേ റിപ്പോര്‍ട്ട് ചെയ്തു. ഈ ഇ-ബൈക്കിന്‍റെ വേഗത മണിക്കൂറിൽ 50 കി.മീ ആണെന്നും രാജൻ അവകാശപ്പെട്ടു. ഹൈവേകളിൽ 80 കി.മീ. വേഗതയില്‍ തന്‍റെ ഇ-ബൈക്ക് ഓടിക്കാന്‍ പറ്റുമെന്നും രാജന്‍ പറയുന്നു. 
 

 

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

 

click me!

Recommended Stories