39ലും തീ! ചോരയൊലിക്കുന്ന കാലുമായി ബൗളിംഗ് തുടര്‍ന്ന് ആന്‍ഡേഴ്‌സണ്‍; പോരാട്ടവീര്യത്തിന് കയ്യടിച്ച് ആരാധകര്‍

First Published Sep 3, 2021, 11:28 AM IST

ഓവല്‍: പ്രായം നാല്‍പതിനോട് അടുത്ത് നില്‍ക്കുകയാണെങ്കിലും ഇംഗ്ലീഷ് പേസര്‍ ജിമ്മി ആന്‍ഡേഴ്‌സണ്‍ മൈതാനത്തിറങ്ങിയാല്‍ യുവതാരമാണ്. ഇന്ത്യക്കെതിരായ പരമ്പരയില്‍ ഇതിനകം ടോപ് ഓര്‍ഡറിനെ തന്‍റെ സ്വിങ് കൊണ്ട് ജിമ്മി പ്രതിരോധത്തിലാക്കിക്കഴിഞ്ഞു. ഇതിനകം 20.79 ശരാശരിയില്‍ 14 വിക്കറ്റുമായി പരമ്പരയിലെ മൂന്നാമത്തെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാണ്. എന്നാല്‍ 39-ാം വയസിലെ കൃത്യതയ്‌ക്കും വിക്കറ്റ് ദാഹത്തിനുമല്ല, പരിക്കേറ്റിട്ടും മത്സരം തുടര്‍ന്ന അദേഹത്തിന്‍റെ പോരാട്ടവീര്യത്തിനാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തിന്‍റെ കയ്യടി. 
 

ഓവലിലെ ആദ്യദിനം ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 40-ാം ഓവറിലാണ് ആന്‍ഡേഴ്‌സണ് പരിക്കേറ്റത്. റണ്ണപ്പിനിടെ വീണ താരത്തിന്‍റെ കാല്‍മുട്ടിന് പരിക്കേല്‍ക്കുകയായിരുന്നു. എന്നാല്‍ മെഡിക്കല്‍ സഹായം തേടുന്നതിനും മറ്റൊരു താരത്തെ പന്തെറിയാന്‍ വിളിക്കുന്നതിനും പകരം ബൗളിംഗ് തുടരുകയായിരുന്നു ആന്‍ഡേഴ്‌സണ്‍. 

ആന്‍ഡേഴ്‌സണിന്‍റെ കാല്‍മുട്ടില്‍ നിന്ന് രക്തം പൊടിയുന്നത് ക്യാമറ ദൃശ്യങ്ങളില്‍ കാണാമായിരുന്നു. കാല് മുറിഞ്ഞിട്ടും ബൗളിംഗ് തുടര്‍ന്ന താരത്തെ ആരാധകര്‍ പ്രശംസ കൊണ്ടുമൂടി. 39-ാം വയസിലാണ് ആന്‍ഡേഴ്‌സണ്‍ ഇത്രയേറെ പോരാട്ടവീര്യം കാട്ടിയത്. ആന്‍ഡേഴ്‌സണെ പ്രശംസിച്ചുള്ള നിരവധി ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടു. 

ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്സ് ലീഡ് ലക്ഷ്യമിട്ട് ഇംഗ്ലണ്ട് ഇന്ന് ബാറ്റിംഗ് പുനരാരംഭിക്കും. ഇന്ത്യയുടെ 191 റൺസ് പിന്തുടരുന്ന ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിന് 53 റൺസ് എന്ന നിലയിലാണ് രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങുക. 26 റൺസുമായി ഡേവിഡ് മലനും ഒരു റൺസുമായി ക്രെയ്ഗ് ഒവേർട്ടനുമാണ് ക്രീസിൽ.

അഞ്ച് റൺസെടുത്ത റോറി ബേൺസിനേയും റൺസെടുക്കും മുൻപ് ഹസീബ് ഹമീദിനെയും ജസ്പ്രീത് ബുമ്ര പുറത്താക്കി. 21 റൺസെടുത്ത നായകൻ ജോ റൂട്ടിനെ ഉമേഷ് യാദവാണ് മടക്കിയത്. ആദ്യ ഇന്നിംഗ്സിൽ ഏഴ് വിക്കറ്റ് ശേഷിക്കേ 138 റൺസ് പുറകിലാണിപ്പോഴും ഇംഗ്ലണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ 100 വിക്കറ്റ് ക്ലബിലെത്താൻ ബുമ്രയ്‌ക്ക് ഒരു വിക്കറ്റ് കൂടി മതി.

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 127 റൺസിനിടെ ഏഴ് വിക്കറ്റ് നഷ്ടമായിരുന്നു. ഷാർദുൽ താക്കൂറിന്റെ പോരാട്ടമാണ് ഇന്ത്യയെ 190 കടത്തിയത്. ഷാർദുൽ 36 പന്തിൽ 57 റൺസെടുത്തു. ഓപ്പണർമാരായ രോഹിത് ശർമ്മ 11ഉം കെ എൽ രാഹുൽ പതിനേഴും റൺസിന് പുറത്തായി. മൂന്നാമനായി ക്രീസിൽ എത്തിയ ചേതേശ്വർ പുജാരയ്ക്ക് നാല് റൺസെടുക്കാനേ കഴിഞ്ഞുള്ളു.

നായകൻ വിരാട് കോലി കരുതലോടെ കളിച്ചെങ്കിലും അർധസെഞ്ച്വറി നേടിയതിന് തൊട്ടുപിന്നാലെ മടങ്ങി. 96 പന്തിൽ എട്ട് ബൗണ്ടറിയോടെയാണ് കോലി 50 റൺസെടുത്തത്. അഞ്ചാമനായി സ്ഥാനക്കയറ്റം കിട്ടിയ രവീന്ദ്ര ജഡേജ പത്തും അജിങ്ക്യ രഹാനെ പതിനാലും വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ഒൻപതും ഉമേഷ് യാദവ് പത്തും ജസ്‌പ്രീത് ബുമ്ര പൂജ്യത്തിനും പുറത്തായി. മുഹമ്മദ് സിറാജ് ഒരു റൺസുമായി പുറത്താവാതെ നിന്നു. 

വിരാട് കോലി അടക്കം നാല് ബാറ്റ്സ്‌മാൻമാരുടെ ക്യാച്ചുകൾ ഇംഗ്ലീഷ് ഫീൽഡർമാർ കൈവിട്ടിട്ടും ഇന്ത്യക്ക് സ്‌കോർ 200 കടത്താനായില്ല. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് 15 ഓവറിൽ 55 റൺസിന് നാലും റോബിൻസൺ മൂന്നും ജയിംസ് ആൻഡേഴ്‌സണും ക്രെയ്ഗ് ഒവേർട്ടനും ഓരോ വിക്കറ്റും വീഴ്‌ത്തി. 

click me!