സ്വപ്നില്‍ അസ്നോദ്‌കര്‍ മുതല്‍ പോള്‍ വാള്‍ത്താറ്റി വരെ, ഐപിഎല്ലിലെ 'ഒറ്റ സീസണ്‍' അത്ഭുതങ്ങള്‍

First Published May 5, 2020, 9:13 PM IST

തിരുവനന്തപുരം: ഐപിഎല്ലിലെ പ്രകടനം കൊണ്ട് രാജ്യാന്തര ക്രിക്കറ്റിലെത്തി താരങ്ങളായ നിരവധി കളിക്കാരുണ്ട്. ഇന്ത്യന്‍ താരങ്ങളായ ജസ്പ്രീത് ബുമ്രയും ഹര്‍ദ്ദിക് പാണ്ഡ്യയും യുസ്‌വേന്ദ്ര ചാഹലുമെല്ലാം അങ്ങനെ രാജ്യാന്തര ക്രിക്കറ്റില്‍ മേല്‍വിലാസമുണ്ടാക്കിയവരാണ്. എന്നാല്‍ ഒറ്റ സീസണിലെ മിന്നും പ്രകടനംകൊണ്ട് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുകയും പിന്നീട് കരിയറില്‍ ഒന്നുമാകാതെ പോവുകയും ചെയ്ത നിരവധി കളിക്കാരുമുണ്ട് ഇക്കൂട്ടത്തില്‍. താരങ്ങളായവരെക്കാള്‍ ഇങ്ങനെ ഒറ്റ സീസണ്‍ അത്ഭുങ്ങളായി അസ്തമിച്ചുപോയവരായിരിക്കും കൂടുതല്‍. അവരില്‍ ചിലരെക്കുറിച്ചാണ് ഇവിടെ.

സ്വപ്നില്‍ അസ്നോദ്‌കര്‍: ഐപിഎല്ലിന്റെ ആദ്യ സീസണില്‍ രാജസ്ഥാനായി മിന്നും പ്രകടനം പുറത്തെടുത്ത താരമാണ് സ്വപ്നില്‍ അസ്നോദ്‌കര്‍. 9 മത്സരങ്ങളില്‍ നിന്ന് 133 സ്ട്രൈക്ക് റേറ്റില്‍ പ്രഹരശേഷിയില്‍ 311 റണ്‍സാണ് അസ്നോ‌ദ്‌കര്‍ അടിച്ചുകൂട്ടിയത്. ഓപ്പണറായി ഇറങ്ങിയപ്പോള്‍ സഹ ഓപ്പണറായിരുന്ന ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്തിനെപ്പോലും നിഷ്പ്രഭനാക്കുന്ന പ്രകടനം പുറത്തെടുത്ത അസ്‌നോ‌ദക്കറുടെ ബാറ്റിംഗ് മികവ് രാജസ്ഥാന് ആദ്യ സീസണില്‍ തന്നെ കിരീടം സമ്മാനിച്ചു. എന്നാല്‍ തുടര്‍ന്നുള്ള സീസണില്‍ പഴയ പ്രകടനത്തിന്റെ നിഴല്‍ മാത്രമായ അസ്‌നോദ്‌ക്കര്‍ പതുക്കെ ഐപിഎല്ലില്‍ നിന്ന് പുറത്തായി.
undefined
മന്‍പ്രീത് ഗോണി: ഒരു പേസ് ബൗളര്‍ക്ക് വേണ്ട എല്ലാ ശാരീരീക ഗുണങ്ങളുമുണ്ടായിട്ടും അത് മുതലാക്കാനാവാതെ പോയ താരങ്ങളിലൊരാളാണ് മന്‍പ്രീത് ഗോണി. ഐപിഎല്ലില്‍ ഏഴ് സീസണില്‍ കളിച്ചെങ്കിലും 2008ലെ ആദ്യ സീസണിലൊഴികെ ഗോണിക്ക് പ്രതിഭക്കൊത്ത പ്രകടനം പുറത്തെടുക്കാനായിട്ടില്ല. 2008ലെ ആദ്യ സീസണില്‍ 16 കളികളില്‍ 17 വിക്കറ്റുമായി തിളങ്ങിയ ഗോണി ഇന്ത്യന്‍ പേസ് ബൗളിംഗിന് മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിച്ചവരേറെ. ഇന്ത്യക്കായി രണ്ട് മത്സരങ്ങള്‍ കളിച്ചെങ്കിലും രണ്ട് വിക്കറ്റ് മാത്രം നേടിയ ഗോണി പിന്നീട് ഐപിഎല്‍ കളത്തില്‍ നിന്ന് പുറത്തായി.
undefined
സൗരഭ് തിവാരി: ധോണിക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാസംഭവമെന്ന് വിശേഷണത്തോടെ എത്തിയ സൗരഭ് തിവാരിക്ക് പക്ഷെ ഒരു സീസണിലൊഴികെ രൂപം കൊണ്ടു മാത്രമെ ധോണിവാനായുള്ളു. 2008 മുതല്‍ ഐപിഎല്ലില്‍ കളിക്കുന്നുണ്ടെങ്കിലും 2010ലെ സീസണില്‍ മാത്രമാണ് 419 റണ്‍സുമായി സൗരഭ് തിവാരിക്ക് തിളങ്ങാനായത്. 2017വരെ വിവിധ ടീമുകള്‍ക്കായി കളിച്ചെങ്കിലും 2010ല്‍ മുംബൈക്കായി നടത്തിയ പ്രകടനം ആവര്‍ത്തിക്കാന്‍ തിവാരിക്കായില്ല.
undefined
കമ്രാന്‍ ഖാന്‍: ഷെയന്‍ വോണ്‍ നായകനായിരുന്ന കാലത്ത് പ്രതിഭകളുടെ അക്ഷയഖനിയായിരുന്നു രാജസ്ഥാന്‍ റോയല്‍സ്. ഷെയ്ന്‍ വോണ്‍ എന്ന നായകന്‍ പ്രതിഭാധനരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ കഴിവുകള്‍ തേച്ചുമിനുക്കിയപ്പോള്‍ ആദ്യ സീസണില്‍ തന്നെ രാജസ്ഥാന്‍ കിരീടത്തില്‍ മുത്തമിട്ടു. ഐപിഎല്‍ രണ്ടാം സീസണില്‍ രാജസ്ഥാന്‍ ടീമിലൂടെ ശ്രദ്ധേയനായ ബൗളറായിരുന്നു കമ്രാന്‍ ഖാനെന്ന ഇടം കൈയന്‍ പേസര്‍. 140 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞിരുന്ന കമ്രാനെ 2009ലെ സീസണില്‍ 12 ലക്ഷം രൂപക്കാണ് രാജസ്ഥാന്‍ ടീമിലെത്തിച്ചത്.ആദ്യ ഫസ്റ്റ് ക്ലാസ് മത്സരം കളിക്കും മുമ്പെ കമ്രാന്‍ ഐപിഎല്‍ മത്സരത്തിനിറങ്ങി. എന്നാല്‍ ആദ്യ പന്ത് മുതല്‍ കമ്രാന് പ്രതിസന്ധികളായിരുന്നു മുന്നില്‍. ആദ്യ പന്തെറിയാന്‍ ഓടിയെത്തുമ്പോള്‍ കാല്‍ക്കുഴ തെറ്റി പരിക്കേറ്റു. പരിക്കിനെത്തുടര്‍ന്ന് 2009ലെ സീസണില്‍ അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് കമ്രാന്‍ ഖാന്‍ കളിച്ചത്. അടുത്ത സീസണില്‍ മൂന്നും 2011ല്‍ ഒരു മത്സരത്തിലും മാത്രമാണ് കമ്രാന് കളിക്കാനായത്. പിന്നീട് കമ്രാന് കാര്യമായ അവസരങ്ങളൊന്നും ലഭിച്ചില്ല.
undefined
മന്‍വീന്ദര്‍ ബിസ്‌ല: ഒറ്റ മത്സരത്തിലെ പ്രകടനം കൊണ്ട് താരമായ കളിക്കാരനാണ് കൊല്‍ക്കത്തയുടെ മന്‍വീന്ദര്‍ ബിസ്‌ല. 2012ലെ ഐപിഎല്‍ ഫൈനലില്‍ ചെന്നൈക്കെതിരെ കൊല്‍ക്കത്തക്ക് കിരീടം സമ്മാനിച്ചത് ബിസ്‌ലയുടെ 89 റണ്‍സിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സായിരുന്നു. അടുത്തവര്‍ഷവും കൊല്‍ക്കത്തക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും 2015ല്‍ ടീമില്‍ നിന്നൊഴിവാക്കി. 2015ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗലൂര്‍ ബിസ്‌ലയെ സ്വന്തമാക്കിയെങ്കിലും പകരക്കാരുടെ ബെഞ്ചിലായിരുന്നു സ്ഥാനം. 2016ലും 2017ലും ബിസ്‌ലയെ ആരും ടീമിലെടുത്തില്ല.
undefined
പോള്‍ വാള്‍ത്താറ്റി: 2011ലെ സീസണിലായിരുന്നു പോള്‍ വാള്‍ത്താറ്റി ഐപിഎല്ലിലെ താരോദയമായത്. സീസണില്‍ ഒരു സെഞ്ചുറി അടക്കം 463 റണ്‍സാണ് വാള്‍ത്താറ്റി അടിച്ചുകൂട്ടിയത്. ചെന്നൈക്കെതിരെ 63 പന്തില്‍ 120 റണ്‍സടിച്ച വാള്‍ത്താറ്റിയുടെ പ്രകടനം ഇപ്പോഴും ആരാധകരുടെ കണ്‍മുന്നിലുണ്ട്.എന്നാല്‍ തൊട്ടടുത്ത സീസണില്‍ ഇതേ ഫോം നിലനിര്‍ത്താനാവാതിരുന്ന വാള്‍ത്താറ്റി ആ സീസണില്‍ ആകെ കളിച്ചത് ആറ് മത്സരങ്ങളില്‍ മാത്രം. അടുത്ത സീസണില്‍ ഒരു മത്സരത്തില്‍ മാത്രം കളിച്ച വാല്‍ത്താറ്റി അങ്ങനെ ഐപിഎല്ലിലെ ഒറ്റ സീസണ്‍ അത്ഭുതത്തിന് മറ്റൊരു ഉദാഹരണമായി.
undefined
click me!