ടോസ് ഭാഗ്യം മുതൽ സഞ്ജുവിന്‍റെ മാസ്റ്റർ ക്ലാസ് വരെ, ഈഡനില്‍ ഇന്ത്യ വിൻഡീസിനെ വീഴ്ത്തിയത് ഇങ്ങനെ

Published : Mar 02, 2026, 09:37 AM IST

ഈഡനില്‍ ടോസ് മുതൽ ബൗളിംഗ് തന്ത്രങ്ങൾ വരെ ഇന്ത്യക്ക് അനുകൂലമായപ്പോൾ, നിർണായക കൂട്ടുകെട്ടുകളുമായി സഞ്ജു ടീമിനെ വിജയത്തിലെത്തിച്ചു. ടി20 ലോകകപ്പ് സെമിയിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.

PREV
110
ടോസില്‍ തുടങ്ങുന്നു ഭാഗ്യം

മത്സരത്തില്‍ ടോസിലെ ഭാഗ്യം ഇന്ത്യക്കൊപ്പം നിന്നത് നിര്‍ണായകമായി. കൂറ്റനടിക്കാരുള്ള വെസ്റ്റ്ഇൻഡീസ് ബാറ്റിംഗ് നിരക്കെതിരെ ഏത് ലക്ഷ്യവും സേഫാണെന്ന് ഉറപ്പിക്കാനാവില്ല. രാത്രിയിലെ മഞ്ഞുവീഴ്ച രണ്ടാമത് ബാറ്റിംഗ് അനായസകരമാക്കുമെന്നതും കനത്ത വെല്ലുവിളിയായിരുന്നു. ഈ സാഹചര്യത്തില്‍ ടോസ് നേടിയതും ഫീല്‍ഡിംഗ് തെരഞ്ഞെടുക്കാനുള്ള തീരുമാനവും മത്സരത്തില്‍ നിര്‍ണായക വഴിത്തിരിവായി.

210
പിടിച്ചുകെട്ടിയ പവര്‍ പ്ലേ

റോസ്റ്റ്ൺ ചേസും ക്യാപ്റ്റൻ ഷായ് ഹോപ്പും ചേര്‍ന്ന് വിന്‍ഡീസിനെ വിക്കറ്റ് നഷ്ടമില്ലാതെ പവര്‍ പ്ലേ കടത്തിയെങ്കിലും ഹോപ്പിനെ തകര്‍ത്തടിക്കാന്‍ അനുവദിക്കാതെ പൂട്ടിയിട്ടത്, നിര്‍ണായകമായി. മറുവശത്ത് ചേസ് തകര്‍ത്തടിക്കുമ്പോഴും ഹോപ്പിന് സ്കോറിംഗ് നിരക്ക് ഉയർത്താനായില്ല. പവര്‍ പ്ലേയില്‍ ആറോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 45 റണ്‍സാണ് വിന്‍ഡീസ് നേടിയത്. റോസ്റ്റണ്‍ ചേസ് 11 പന്തില്‍ 20 റണ്‍സെടുത്തെങ്കിലും 25 പന്ത് നേരിട്ട ഷായ് ഹോപ്പിന് പവര്‍ പ്ലേയില്‍ 25 റണ്‍സ് മാത്രമാണ് നേടാനായത്.

310
ബൗളര്‍മാരെ ഫലപ്രദമായി ഉപയോഗിച്ചത്

പവര്‍ പ്ലേയില്‍ ബുമ്രയെക്കൊണ്ട് ഒരോവര്‍ മാത്രമെറിയിച്ച ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് രണ്ട് വലംകൈയന്‍ ബാറ്റര്‍മാര്‍ ക്രീസിലുള്ളതുകൊണ്ട് അക്ഷര്‍ പട്ടേലിന്‍റെ രണ്ടോവര്‍ പവര്‍ പ്ലേയില്‍ തന്നെ തീര്‍ത്തു. ഷിമ്രോണ്‍ ഹെറ്റ്മെയറിനായി ബുമ്രയെ കരുതിവെച്ചു.

410
ബുമ്രയുടെ മാസ്റ്റര്‍ സ്ട്രോക്ക്

ഷായ് ഹോപ്പ് പുറത്തായശേഷം ക്രീസിലെത്തിയ മിന്നുംഫോമിലുള്ള ഷിമ്രോണ്‍ ഹെറ്റ്മെയര്‍ തകര്‍ത്തടിച്ച് ഇന്ത്യക്ക് ഭീഷണിയാവുന്നതിനിടെ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് തന്‍റെ വജ്രായുധം പുറത്തെടുത്തു. 11 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സിലെത്തി കൂറ്റന്‍ സ്കോര്‍ ലക്ഷ്യമിട്ട വിന്‍ഡീസിനെ പിടിച്ചുകെട്ടാന്‍ പന്ത്രണ്ടാം ഓവറില്‍ സൂര്യകുമാര്‍ ജസ്പ്രീത് ബുമ്രയെ രണ്ടാം ഓവര്‍ എറിയിക്കാനായി വിളിച്ചു. തന്‍റെ രണ്ടാം ഓവറില്‍ മൂന്നാം പന്തില്‍ ഹെറ്റ്മെയറെയും അഞ്ചാം പന്തില്‍ റോസ്റ്റണ്‍ ചേസിനെയും എറിഞ്ഞിട്ട് ബുമ്ര നല്‍കിയ ഇരട്ടപ്രഹരം വിന്‍ഡീസ് കുതിപ്പ് തടഞ്ഞു.

510
വിന്‍ഡീസിനെ 200ല്‍ താഴെ പിടിച്ചുകെട്ടിയത്

അവസാന രണ്ടോവറില്‍ 20 റണ്‍സ് വഴങ്ങിയെങ്കിലും വിന്‍ഡീസിനെ 200ല്‍ താഴെ പിടിച്ചുകെട്ടാനായത് നിര്‍ണായകമായി. അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ ആറ് റണ്‍സ് മാത്രമാണ് വിന്‍ഡീസിന് നേടാനായത്. സ്കോര്‍ 200ല്‍ താഴെ പിടിച്ചുനിര്‍ത്താനായതോടെ അടിച്ചെടുക്കാമെന്ന ആത്മവിശ്വാസം നേടാനും ഇന്ത്യക്കായി.

610
സഞ്ജുവിന്‍റെ മാസ്റ്റര്‍ ക്ലാസ്

അഭിഷേക് ശര്‍മയെയും ഇഷാന്‍ കിഷനെയും സൂര്യകുമാര്‍ യാദവിനെയുമെല്ലാം വിന്‍ഡീസ് ഭയന്നപ്പോള്‍ സഞ്ജുവിനെ അവര്‍ വലിയ ഭീഷണിയായി കണക്കിലെടുത്തില്ല. അതുകൊണ്ട് തന്നെ തുടക്കത്തില്‍ ഷോര്‍ട്ട് ബോളെറിഞ്ഞ് സഞ്ജുവിന്‍റെ ദൗര്‍ബല്യങ്ങളിലേക്ക് ഫോക്കസ് ചെയ്യാനും അവര്‍ മുതിര്‍ന്നില്ല. അഭിഷേകും കിഷനും മടങ്ങിപ്പോഴേക്കും ക്രീസില്‍ സഞ്ജു ആത്മവിശ്വാസം നേടിക്കഴിഞ്ഞിരുന്നു. പേസര്‍ ഷമര്‍ ജോസഫിനെക്കൊണ്ടുവന്നപ്പോഴും ഷോര്‍ട്ട് ബോള്‍ തന്ത്രം സഞ്ജുവിനെതിരെ കാര്യമായി പരീക്ഷിക്കാന്‍ വിന്‍ഡീസ് തയാറായില്ല. ഒടുവില്‍ ആങ്കറായും സ്ട്രൈക്കറായും ഫിനിഷറായും സഞ്ജു തിളങ്ങിയതോടെ ഇന്ത്യ മിന്നും ജയം സ്വന്തമാക്കി.

710
കൂട്ടുകെട്ടുകള്‍

അഭിഷേകിനൊപ്പം 29 റണ്‍സിന്‍റെ ഓപ്പണിംഗ് കൂട്ടുക്കെട്ടുയര്‍ത്തിയ സഞ്ജു അഭിഷേകിനെയും കിഷനെയും നഷ്ടമായശേഷം ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിനൊപ്പം 58 റണ്‍സിന്‍റെയും തിലക് വര്‍മക്കൊപ്പം 42 റണ്‍സിന്‍റെയും ഹാര്‍ദ്ദിക് പാണ്ഡ്യക്കൊപ്പം 38 റണ്‍സിന്‍റെയും നിര്‍ണായക കൂട്ടുകെട്ടുകള്‍ ഉയര്‍ത്തിയത് വിജയത്തില്‍ നിര്‍ണായകമായി.

810
റണ്‍റേറ്റ് ഉയരാതെ കാത്ത സഞ്ജു ബ്രില്യൻസ്

ഓവറില്‍ 10 റണ്‍സിന് അടുത്തായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ട റണ്‍റേറ്റ്. ഇതൊരിക്കല്‍ പോലും 10ന് മുകളിലേക്ക് പോകാതിരിക്കാന്‍ തുടക്കം മുതല്‍ ഇന്ത്യൻ ബാറ്റിംഗ് നിര ശ്രദ്ധിച്ചു. വിക്കറ്റ് വീഴുമ്പോഴും ഡോട്ട് ബോളുകള്‍ സമ്മര്‍ദ്ദമുയര്‍ത്തുമ്പോഴും സഞ്ജു ബൗണ്ടറികള്‍ കണ്ടെത്തി. ഓരോ ബൗണ്ടറിക്കും സിക്സിനും ശേഷം വീണ്ടും കൂറ്റനടിക്ക് ശ്രമിക്കാതെ അടുത്ത പന്തില്‍ സിംഗിളെടുത്ത് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനുള്ള സഞ്ജുവിന്‍റെ തീരുമാനവും നിര്‍ണായകമായി

910
മഞ്ഞുവീഴ്ച

രാത്രിയിലെ മഞ്ഞുവീഴ്ചയില്‍ വിന്‍ഡീസ് സ്പിന്നര്‍മാരായ ഗുടകേഷ് മോടിക്കും റോസ്റ്റൺ ചേസിനും മത്സരത്തില്‍ കാര്യമായൊന്നും ചെയ്യാനായില്ല. രണ്ടോവർ വീതം പന്തെറിഞ്ഞ മോടിയും ചേസും 18 റണ്‍സ് വീതം വിട്ടുകൊടുത്തങ്കിലും വിക്കറ്റൊന്നും വീഴ്ത്താനായില്ല.

1010
സെമി ലൈനപ്പായി

ഇന്ത്യയുടെ ജയത്തോടെ ടി20 ലോകകപ്പിന്‍റെ സെമി ഫൈനൽ ലൈനപ്പ് പൂർണമായി.ബുധനാഴ്ച നടക്കുന്ന ആദ്യ സെമിയിൽ ദക്ഷിണാഫ്രിക്ക ന്യൂസിലൻഡിനെ നേരിടും. രണ്ടാം സെമിയിൽ ഇന്ത്യ വ്യാഴാഴ്ച ഇംഗ്ലണ്ടുമായി ഏറ്റുമുട്ടും. ഞായറാഴ്ച അഹമ്മദാബാദിലാണ് ഫൈനൽ.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories