ദക്ഷിണാഫ്രിക്കയുടെ 2 താരങ്ങള്‍, ഇന്ത്യയില്‍ നിന്ന് സാധ്യത ഒരാള്‍ക്ക് മാത്രം, ലോകകപ്പിന്‍റെ താരത്തെ പ്രവചിച്ച് ശ്രീകാന്ത്

Published : Feb 28, 2026, 04:22 PM IST

ടി20 ലോകകപ്പിലെ ടൂർണമെന്റിലെ താരമാകാൻ സാധ്യതയുള്ള അഞ്ച് കളിക്കാരെ പ്രവചിച്ച് മുൻ ഇന്ത്യൻ ഓപ്പണർ കൃഷ്ണമാചാരി ശ്രീകാന്ത്. സെമിയിലെയും ഫൈനലിലെയും പ്രകടനങ്ങളാകും ടൂര്‍ണമെന്‍റിലെ താരത്തെ നിര്‍ണയിക്കുന്നതില്‍ നിർണ്ണായകമാകുകയെന്നും ശ്രീകാന്ത്.

PREV
19
പ്രവചനവുമായി ശ്രീകാന്ത്

ടി20 ലോകകപ്പ് 2026 സെമി പോരാട്ടത്തിലേക്ക് അടുക്കവേ, ടൂർണമെന്‍റിലെ മികച്ച താരമാകാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങളെ പ്രവചിച്ച് മുൻ ഇന്ത്യൻ ഓപ്പണർ കെ. ശ്രീകാന്ത്. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം അഞ്ച് പ്രമുഖ താരങ്ങളുടെ പേരുകൾ പുറത്തുവിട്ടത്.

29
ഐഡൻ മാർക്രം (ദക്ഷിണാഫ്രിക്ക)

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ പരാജയമറിയാതെ സെമിയിലെത്തിച്ച നായകൻ ഏയ്ഡന്‍ മാര്‍ക്രത്തിനാണ് ശ്രീകാന്ത് ലോകകപ്പിലെ താരമായി തെരഞ്ഞെടുക്കപ്പെടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കുന്നത്. ആറ് മത്സരങ്ങളില്‍ 66 ശരാശരിയിലും 178.38 സ്ട്രൈക്ക് റേറ്റിലും 264 റൺസെടുത്ത മാര്‍ക്രം റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തുണ്ട്.

39
വില്‍ ജാക്സ്(ഇംഗ്ലണ്ട്)

ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ വില്‍ ജാക്സിനെയാണ് ടൂര്‍ണമെന്‍റിലെ താരമാകാന്‍ സാധ്യതയുള്ള രണ്ടാമത്തെ താരമായി ശ്രീകാന്ത് തെരഞ്ഞെടുത്തത്. ഇംഗ്ലണ്ടിനായി മികച്ച ഓള്‍ റൗണ്ട് പ്രകടനം പുറത്തെടുത്ത ജാക്സ് ശ്രീലങ്കയിലെ സ്പിന്‍ പിച്ചുകളില്‍ നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയും തിളങ്ങിയിരുന്നു. ഏഴ് മത്സരങ്ങളില്‍ 63.66 ശരാശരിയിലും 176.85 പ്രഹരശേഷിയിലും 191 റണ്‍സടിച്ച ജാക്സ് 7 വിക്കറ്റുകളും സ്വന്തമാക്കി. ടൂര്‍ണമെന്‍റില്‍ ഇതുവരെ നാലു തവണ ജാക്സ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.

49
ലുങ്കി എൻഗിഡി (ദക്ഷിണാഫ്രിക്ക)

ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ കുതിപ്പിന് ചുക്കാന്‍ പിടിക്കുന്ന പേസർമാരിൽ ഒരാളാണ് ലുങ്കി എന്‍ഗിഡി. കാഗിസോ റബാഡക്ക് പതിവു ഫോമിലേക്ക് ഉയരാനാകാതിരുന്നപ്പോള്‍ 5 മത്സരങ്ങളില്‍ 11 വിക്കറ്റുകളുമായി ദക്ഷിണാഫ്രിക്കൻ ബൗളിംഗ് നിരയുടെ കുന്തമുനയായത് എൻഗിഡിയായിരുന്നു. വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട് എന്‍ഗിഡി.

59
മിച്ചൽ സാന്‍റ്നർ (ന്യൂസിലൻഡ്)

പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ തിളങ്ങുന്ന കിവി നായകനെയാണ് ശ്രീകാന്ത് പ്ലേയര്‍ ഓഫ് ദ് ടൂര്‍ണമെന്‍റാകാൻ സാധ്യതയുള്ള മറ്റൊരു താരമായി തെരഞ്ഞെടുത്തത്. ബൗളിംഗില്‍ 6.35 എന്ന മികച്ച എക്കണോമി റേറ്റിൽ പന്തെറിയുന്ന സാന്‍റ്നർ ബാറ്റുകൊണ്ടും നിര്‍ണായക ഇന്നിംഗ്സുകള്‍ കളിച്ചു. 38 ശരാശരിയില്‍ 157.14 സ്ട്രൈക്ക് റേറ്റിലാണ് സാന്‍റ്നര്‍ റണ്‍സടിച്ചത്. ന്യൂസിലന്‍ഡ് സെമിയിലോ ഫൈനലിലോ എത്തിയാല്‍ സാന്‍റ്നര്‍ക്ക് സാധ്യതയുണ്ടെന്ന് ശ്രീകാന്ത് പറഞ്ഞു.

69
പട്ടികയിലെ ആ ഏക ഇന്ത്യക്കാരൻ

ഇന്ത്യൻ ടീമില്‍ നിന്ന് സൂപ്പർ താരം സൂര്യകുമാർ യാദവോ അർഷ്ദീപ് സിംഗോ അല്ല ശ്രീകാന്തിന്‍റെ പട്ടികയിൽ ഇടംപിടിച്ചത്. മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയാണ് ശ്രീകാന്ത് ഇന്ത്യൻ ടീമില്‍ നിന്ന് ടൂര്‍ണമെന്‍റിന്‍റെ താരമാകാൻ സാധ്യതയുള്ള താരമായി തെരഞ്ഞെടുത്തത്. 6 മത്സരങ്ങളിൽ നിന്ന് 13.09 ശരാശരിയിൽ 11 വിക്കറ്റുകൾ വരുണ്‍ ഇതുവരെ വീഴ്ത്തിയിട്ടുണ്ട്. സെമിയിലും ഫൈനലിലും മികച്ച പ്രകടനം തുടർന്ന് ഒന്നോ രണ്ടോ തവണ കൂടി കളിയിലെ താരമായാല്‍ വരുണിന് പുരസ്കാരം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ശ്രീകാന്ത് പറഞ്ഞു.

79
സെമിയിലെയും ഫൈനലിലെയും പ്രകടനങ്ങള്‍ നിര്‍ണായകം

സെമി ഫൈനലിലെയും ഫൈനലിലെയും പ്രകടനങ്ങൾ ടൂര്‍ണമെന്‍റിലെ താരത്തെ തെരഞ്ഞെടുക്കുന്നതില്‍ നിർണ്ണായകമാകുമെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഇതിനകം സെമി ഉറപ്പിച്ചതിനാൽ മാർക്രം, വിൽ ജാക്‌സ് എന്നിവർക്ക് കൂടുതൽ അവസരങ്ങളുണ്ടെന്നും ശ്രീകാന്ത് പറഞ്ഞു.

89
വിക്കറ്റ് വേട്ടയില്‍ മുന്നില്‍ അമേരിക്കന്‍ താരം

ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായെങ്കിലും ടൂര്‍ണമെന്‍റിലെ വിക്കറ്റ് വേട്ടയില്‍ ഇപ്പോഴും മുന്നില്‍ നില്‍ക്കുന്നത് അമേരിക്കൻ താരം ഷാഡ്‌ലി വാൻ ഷാൽക്വിക് ആണ്. വെറും നാലു മത്സരങ്ങളില്‍ 13 വിക്കറ്റാണ് ഷാൽക്വിക് എറിഞ്ഞിട്ടത്. സിംബാബ്‌വെയുടെ ബ്ലെസിംഗ് മുസര്‍ബാനി(12) ലുങ്കി എന്‍ഗിഡി(11) എന്നിവരാണ് തൊട്ടു പിന്നില്‍.

99
റണ്‍വേട്ടയില്‍ പാക് താരം

റണ്‍വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്നത് പാകിസ്ഥാന്‍ ഓപ്പണര്‍ സാഹിബ്സാദ ഫര്‍ഹാനാണ്. 5 മത്സരങ്ങളില്‍ 283 റണ്‍സാണ് ഫര്‍ഹാന്‍ നേടിയത്. സിംബാബ്‌വെയുടെ ബ്രയാന്‍ ബെന്നറ്റ് 5 മത്സരങ്ങളില്‍ 277 റണ്‍സുമായി രണ്ടാമതുണ്ട്. 264 റണ്‍സെടുത്ത മാര്‍ക്രം മൂന്നാമതാണ്. ഇന്ത്യൻ താരങ്ങളില്‍ 214 റണ്‍സെടുത്ത ഇഷാന്‍ കിഷന്‍ ഏഴാമതും 213 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ് എട്ടാമതുമാണ്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories