പ്ലേ ഓഫ് സമവാക്യങ്ങൾ മാറിമറിയുന്നു, ആര്‍സിബി ഒന്നാമത് എത്തിയതോടെ ചെന്നൈ ഡെയ്‌ഞ്ചർ സോണിൽ?, സാധ്യതകള്‍ ഇങ്ങനെ

Published : May 11, 2026, 11:08 AM IST

ആര്‍സിബിക്കെതിരാരയ തോൽവിയോടെ മുംബൈ ഇന്ത്യൻസും, ചെന്നൈയോട് തോറ്റ ലക്നൗ സൂപ്പർ ജയന്റ്‌സും പ്ലേ ഓഫ് കാണാതെ ഔദ്യോഗികമായി പുറത്തായി. ഇതോടെ ശേഷിക്കുന്ന സ്ഥാനങ്ങൾക്കായി 8 ടീമുകൾ തമ്മിലുള്ള മത്സരം കൂടുതൽ സങ്കീർണ്ണമായി.

PREV
110
ജയം, ബെംഗളൂരു തലപ്പത്ത്

ഐപിഎല്ലില്‍ ഇന്നലെ നടന്ന നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയതോടെ പ്ലേ ഓഫ് ബര്‍ത്തിനായുള്ള മത്സരം കൂടുതല്‍ സങ്കീര്‍ണമായി. ആവേശം അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിലാണ് ആർസിബി വിജയം പിടിച്ചെടുത്തത്.

210
മുംബൈയും ലക്നൗവും പുറത്ത്

ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ തോൽവിയോടെ ലക്നൗ സൂപ്പര്‍ ജയന്‍റ്സും ആര്‍സിബിക്കെതിരായ തോല്‍വിയോടെ മുംബൈ ഇന്ത്യൻസും ഔദ്യോഗികമായി പ്ലേ ഓഫ് കാണാതെ പുറത്തായി. അവസാന മൂന്ന് കളികള്‍ ജയിച്ചാലും ലക്നൗവിനും മുംബൈക്കും പരമാവധി 12 പോയിന്‍റ് മാത്രമെ നേടാനാവു. നാലു ടീമുകള്‍ക്ക് നിലവില്‍ 13 ഓ അതില്‍ കൂടുതലോ പോയിന്‍റുണ്ട്. ഇതോടെ 8 ടീമുകളാണ് നിലവില്‍ പ്ലേ ഓഫിലെ അവസാന നാല് സ്ഥാനങ്ങൾക്കായി മത്സരിക്കുന്നത്. ഓരോ ടീമുകളുടെയും സാധ്യതകള്‍ നോക്കാം.

310
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു

11 മത്സരങ്ങളില്‍ 14 പോയിന്‍റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന നിലവിലെ ചാമ്പ്യന്മാരായ ആർസിബിക്ക് പ്ലേ ഓഫ് ഏകദേശം ഉറപ്പിക്കാൻ ഒരു ജയം കൂടി മതി. ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തി ക്വാളിഫയർ ഉറപ്പിക്കാനാണ് രജത് പാട്ടിദാറും സംഘവും ഇനി ശ്രമിക്കുക. മികച്ച നെറ്റ് റൺ റേറ്റും(+1.103) ആര്‍സിബിക്ക് മറ്റു ടീമുകളെക്കാള്‍ മുൻതൂക്കം നൽകുന്നു. കൊല്‍ക്കത്ത, പഞ്ചാബ്, ഹൈദരാബാദ് എന്നിവര്‍ക്കെതിരെയാണ് ആര്‍സിബിയുടെ അവസാന 3 കളികള്‍.

410
സൺറൈസേഴ്സ് ഹൈദരാബാദ്

11 മത്സരങ്ങളില്‍ 14 പോയിന്‍റുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദിന് ബാക്കിയുള്ള മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം ജയിച്ചാൽ പ്ലേ ഓഫ് ഉറപ്പിക്കാം. മെയ് 22-ന് ആർസിബിക്കെതിരായ അവസാന ലീഗ് മത്സരം പോയിന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരെ തീരുമാനിക്കുന്നതിൽ നിർണ്ണായകമാകും.ചെന്നൈക്കും ഗുജറാത്തിനുമെതിരെയും ഹൈദരാബാദിന് മത്സരങ്ങളുണ്ട്.

510
പഞ്ചാബ് കിങ്സ്

10 മത്സരങ്ങളില്‍ 13 പോയിന്‍റുള്ള പഞ്ചാബ് കിംഗിസ് പോയിന്‍റ് പട്ടികയിൽ നിലവിൽ നാലാം സ്ഥാനത്താണെങ്കിലും സാങ്കേതികമായി ഏറ്റവും മികച്ച നിലയിലുള്ളത് പഞ്ചാബാണ്. അവസാന മൂന്ന് കളികളില്‍ തോറ്റെങ്കിലും മറ്റു ടീമുകളെക്കാള്‍ ഒരു മത്സരം കുറച്ചു കളിച്ചതിന്‍റെ ആനുകൂല്യം പഞ്ചാബിനുണ്ട്. ബാക്കിയുള്ള 4 കളികളിൽ രണ്ടെണ്ണം ജയിച്ചാൽ 17 പോയിന്‍റോടെ പഞ്ചാബിന് അനായാസം പ്ലേ ഓഫിൽ കടക്കാം. പ്ലേ ഓഫിലെത്തില്ലെന്ന് ഉറപ്പായ ഡല്‍ഹി, മുംബൈ, ലക്നൗ എന്നിവര്‍ക്ക് പുറമെ ആര്‍സിബിയുമാണ് പഞ്ചാബിന്‍റെ ഇനിയുള്ള എതിരാളികള്‍.

610
ഗുജറാത്ത് ടൈറ്റൻസ്

11 മത്സരങ്ങളില്‍ 14 പോയിന്‍റുമായി മൂന്നാം സ്ഥാനത്ത് ഉണ്ടെങ്കിലും മറ്റ് ടീമുകളെ അപേക്ഷിച്ച് കുറഞ്ഞ നെറ്റ് റൺ റേറ്റ്(0.228) ഗുജറാത്തിന് ഭീഷണിയാണ്. പ്ലേ ഓഫ് ഉറപ്പിക്കാൻ ഗുജറാത്തിന് രണ്ട് ജയങ്ങൾ അനിവാര്യമാണ്. ബാക്കിയുള്ള 3 കളികളില്‍ ഒരു മത്സരം പ്ലേ ഓഫ് പ്രതീക്ഷിക്കുന്ന ഹൈദരാബാദിനും ചെന്നൈക്കും പ്ലേ ഓഫിലെത്താന്‍ ഇപ്പോഴും സാധ്യത അവശേഷിപ്പിക്കുന്ന കൊല്‍ക്കത്തക്കുമെതിരെ ആണെന്നതും ഗുജറാത്തിന് വെല്ലുവിളി ആണ്.

710
ചെന്നൈ സൂപ്പർ കിങ്സ്

അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല. ബാക്കിയുള്ള 3 മത്സരങ്ങളിൽ രണ്ടെണ്ണം ജയിച്ചാലും റൺ റേറ്റ് (+0.185) കുറവായതിനാൽ മറ്റ് ടീമുകളുടെ ഫലത്തെ ആശ്രയിക്കേണ്ടി വരും. മൂന്ന് മത്സരങ്ങളും ജയിക്കുക എന്നതാണ് ചെന്നൈക്ക് മുന്നിലുള്ള ഏക വഴി. ഇതില്‍ ഒരു മത്സരം ലക്നൗവിനെതിരെ ആണെങ്കില്‍ മറ്റ് രണ്ട് കളികള്‍ ഗുജറാത്തിനും ഹൈദരാബാദിനുമെതിരെ ആണെന്നത് കടുത്ത വെല്ലുവിളിയാണ്. ലക്നൗവിനും ഗുജറാത്തിനുമെതിരായ മത്സരങ്ങള്‍ എവേ മത്സരങ്ങളുമാണ്. ആര്‍സിബി ഇന്നലെ ജയിച്ചതോടെ ഇനി എല്ലാ കളികളും ജയിക്കുക എന്നത് മാത്രമാണ് ചെന്നൈക്കു മുന്നിലെ ഏക വഴി.

810
രാജസ്ഥാൻ റോയൽസ്

11 മത്സരങ്ങളില്‍ 12 പോയിന്‍റുള്ള രാജസ്ഥാന്‍ റോയല്‍സും ചെന്നൈയുടെ അതേ അവസ്ഥയിലാണ്. അവസാന നാല് മത്സരങ്ങളിൽ മൂന്നിലും പരാജയപ്പെട്ടത് രാജസ്ഥാന് വലിയ തിരിച്ചടിയായി. നാലാം സ്ഥാനത്തെത്താനായി രാജസ്ഥാനും ചെന്നൈയും തമ്മിലായിരിക്കും പ്രധാന പോരാട്ടം. എന്നാല്‍ രാജസ്ഥാന്‍റെ അവസാന മൂന്ന് കളികള്‍ പ്ലേ ഓഫ് കാണാതെ പുറത്തായ ലക്നൗവും മുംബൈയും പ്ലേ ഓഫ് പ്രതീക്ഷ ഏതാണ്ട് അവസാനിച്ച ഡല്‍ഹിയുമാണെന്നത് ചെന്നൈക്കുമേല്‍ രാജസ്ഥാന് മുന്‍തൂക്കം നല്‍കുന്നു.

910
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

10 മത്സരങ്ങളില്‍ 9 പോയിന്‍റുള്ള കൊല്‍ക്കത്ത അവസാന നാലു കളികളും ജയിച്ചെങ്കിലും പ്ലേ ഓഫ് സാധ്യതകൾ താരതമ്യേന കുറവാണ്. കൊല്‍ക്കത്ത പ്ലേ ഓഫിൽ എത്തണമെങ്കിൽ ബാക്കിയുള്ള 4 മത്സരങ്ങളും ജയിച്ച് 17 പോയിന്‍റിൽ എത്തണം. ഒരൊറ്റ തോൽവി പോലും കൊല്‍ക്കത്തക്ക് പുറത്തേക്കുള്ള വഴിയൊരുക്കും. ഗുജറാത്ത്, ആര്‍സിബി, മുംബൈ, ഡല്‍ഹി ടീമുകളെയാണ് കൊല്‍ക്കത്തക്ക് അവസാന നാലു കളികളില്‍ നേരിടേണ്ടത്.

1010
ഡൽഹി ക്യാപിറ്റൽസ്

11 കളികളില്‍ 8 പോയിന്‍റ് മാത്രമുള്ള ഡല്‍ഹിയും പ്ലേ ഓഫ് കാണാതെ പുറത്താകലിന്‍റെ വക്കിലാണ്.കണക്കുകളിൽ മാത്രം സാധ്യത ബാക്കിയുള്ള ഡൽഹിക്ക് അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ പ്ലേ ഓഫിലെത്താൻ സാധിക്കൂ. അവശേഷിക്കുന്ന മൂന്ന് കളിയും ജയിച്ചാലും ഡല്‍ഹിക്ക് പരമാവധി 14 പോയിന്‍റ് മാത്രമെ നേടാനാകു. നിലവില്‍ മൂന്ന് ടീമുകള്‍ 14 പോയിന്‍റും ഒരു ടീം 13 പോയിന്‍റും നേടിയതിനാല്‍ ഈ ടീമുകള്‍ എല്ലാ കളികളും തോല്‍ക്കുകയും ഡല്‍ഹി എല്ലാ കളികളും ജയിക്കുകയും ചെയ്താല്‍ മാത്രമെ പ്ലേ ഓഫിലെത്താന്‍ നേരിയ സാധ്യതയെങ്കിലുമുള്ളു. മോശം റൺ റേറ്റും -1.154 ഡല്‍ഹിക്ക് തിരിച്ചടിയാണ്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories