T20 World Cup ‌| പാകിസ്ഥാനെതിരായ സെമി; വിജയടീമിനെ പൊളിക്കുമോ ആരോണ്‍ ഫിഞ്ച്

First Published Nov 11, 2021, 3:10 PM IST

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) രണ്ടാം ഫൈനലിസ്റ്റുകളെ നിശ്ചയിക്കുന്ന മത്സരദിനമാണിന്ന്. രണ്ടാം സെമിയിലെ പാകിസ്ഥാന്‍-ഓസ്‌ട്രേലിയ(Pak vs AUS) പോരാട്ടത്തില്‍ വിജയിക്കുന്നവരാകും കലാശപ്പോരില്‍ ന്യൂസിലന്‍ഡിനെ(New Zealand Cricket Team) നേരിടുക. ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ചില്‍ നാല് മത്സരങ്ങള്‍ ജയിച്ചെത്തുന്ന ആരോണ്‍ ഫിഞ്ചും(Aaron Finch) സംഘവും വിജയടീമിനെ നിലനിര്‍ത്തുമോ അതോ മാറ്റങ്ങള്‍ക്ക് മുതിരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പാകിസ്ഥാനെതിരായ സെമി പോരാട്ടത്തിനുള്ള ഓസീസ് സാധ്യതാ ഇലവന്‍(Australia Probable XI) നോക്കാം.  

പാകിസ്ഥാനെതിരെ ഓസീസ് പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങള്‍ വരുത്താനുള്ള സാധ്യത വിരളമാണ്. ആഷ്‌ടണ്‍ അഗറിന് പകരം മിച്ചല്‍ മാര്‍ഷിനെ ഉള്‍പ്പെടുത്തിയതാണ് ടൂര്‍ണമെന്‍റില്‍ ഫിഞ്ച് ഇതുവരെ വരുത്തിയ ഏക മാറ്റം. 

സ്‌പിന്നര്‍മാര്‍ക്കെതിരെ പാകിസ്ഥാന്‍ നന്നായി കളിക്കും എന്നതിനാല്‍ മിച്ചല്‍ മാര്‍ഷിനെ ടീം നിലനിര്‍ത്താനാണ് സാധ്യത. വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ അര്‍ധ സെഞ്ചുറി(53*) ടീം തെരഞ്ഞെടുപ്പില്‍ മാര്‍ഷിന് ബോണസാകുന്നു. 

ഡേവിഡ‍് വാര്‍ണര്‍-ആരോണ്‍ ഫിഞ്ച് ഓപ്പണിംഗ് സഖ്യമാണ് ബാറ്റിംഗില്‍ ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ കരുത്ത്. ടൂര്‍ണമെന്‍റിന്‍റെ തുടക്കത്തില്‍ ഫോമിലല്ലായിരുന്ന വാര്‍ണര്‍ കഴിഞ്ഞ മത്സരത്തില്‍ 56 പന്തില്‍ പുറത്താകാതെ നേടിയ 89 റണ്‍സ് അദേഹത്തിന്‍റെ വീര്യം തെളിയിക്കുന്നുണ്ട്. 

മധ്യനിരയില്‍ മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്‌മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരാണ് ഓസീസ് കരുത്ത്. മാത്യൂ വെയ്‌‍ഡ് തന്നെയാവും വിക്കറ്റ് കീപ്പര്‍. 

ബൗളിംഗിലേക്ക് വന്നാല്‍ ഇതിനകം 18 വിക്കറ്റ് വീഴ്‌ത്തിക്കഴിഞ്ഞ പാറ്റ് കമ്മിന്‍സ്- മിച്ചല്‍ സ്റ്റാര്‍ക്ക്- ജോഷ് ഹേസല്‍വുഡ് ത്രയത്തെ മാറ്റുന്ന കാര്യമേ ഫിഞ്ച് ചിന്തിച്ചേക്കില്ല. 

യുഎഇയിലെ വിക്കറ്റുകളില്‍ ഇക്കുറി ഓസീസിന്‍റെ ഏറ്റവും വലിയ ആയുധം സ്‌പിന്നര്‍ ആദം സാംപയാണ്. അഞ്ച് മത്സരങ്ങളില്‍ 11 വിക്കറ്റ് നേടിയ സാംപയും പ്ലേയിംഗ് ഇലവനില്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. 

ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ചില്‍ നാല് മത്സരങ്ങള്‍ ജയിച്ചാണ് ഓസ്‌ട്രേലിയ സെമിക്ക് യോഗ്യത നേടിയത്. ഇംഗ്ലണ്ടിനോട് തോല്‍വി വഴങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് ടീമുകളെ തോല്‍പിച്ചു. 

ടി20 ലോകകപ്പ് ഫൈനലിൽ കിവീസിന്‍റെ എതിരാളികളെ ഇന്നറിയാം. രണ്ടാം സെമിയിൽ പാകിസ്ഥാന്‍-ഓസ്ട്രേലിയ പോരാട്ടം രാത്രി 7.30ന് ദുബായില്‍ ആരംഭിക്കും.   

click me!