സഞ്ജു സാംസണ്‍ ഫയറില്‍ മറക്കല്ലേ ബുമ്ര ബ്രില്യന്‍സ്, അക്‌സര്‍ ക്യാച്ചിംഗ്, തിലക് കാമിയോ; ഇന്ത്യയെ ഫൈനലിലെത്തിച്ചത് ഈ വഴിത്തിരിവുകള്‍

Published : Mar 06, 2026, 10:25 AM ISTUpdated : Mar 06, 2026, 10:40 AM IST

ട്വന്‍റി 20 ലോകകപ്പ് സെമി ഫൈനലില്‍ സഞ്ജു സാംസണിന്‍റെ (89) വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ ടീം ഇന്ത്യ ഇംഗ്ലണ്ടിനെതിരെ 253/7 എന്ന കൂറ്റന്‍ സ്കോര്‍ നേടിയിരുന്നു. ബുമ്രയുടെ നിര്‍ണായക ഓവറുകളും അക്സര്‍ പട്ടേലിന്‍റെ ക്യാച്ചുകളും ഇന്ത്യയുടെ വിജയമുറപ്പിച്ചു.

PREV
15
ടീം ഇന്ത്യ ഫൈനലില്‍

42 പന്തുകളില്‍ എട്ട് ഫോറുകളുടെയും ഏഴ് സിക്‌സറുകളുടെയും അകമ്പടിയോടെ 89 റണ്‍സ്. ട്വന്‍റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ ഇന്ത്യന്‍ ഓപ്പണറും മലയാളി താരവുമായ സഞ്ജു സാംസണ്‍ ബാറ്റ് കൊണ്ട് ആളിക്കത്തുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് സഞ്ജു സെഞ്ചുറിയോളം പോന്ന ഫിഫ്റ്റി കണ്ടെത്തിയത്. അങ്ങനെ സൂപ്പര്‍ 8-ലെ അവസാന പോരാട്ടത്തിന് പിന്നാലെ സെമിയിലും മലയാളിക്കരുത്ത് ടീം ഇന്ത്യയെ ജയിപ്പിച്ചു. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ടീം ഇന്ത്യ നിശ്ചിത 20 ഓവറില്‍ 253/7 എന്ന ഹിമാലയന്‍ സ്കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ ഇംഗ്ലണ്ടിന്‍റെ മറുപടി 246/7(20) എന്ന സ്കോറിലൊതുങ്ങി. ഇംഗ്ലണ്ടിനായി 48 പന്തുകളില്‍ 105 റണ്‍സ് നേടിയ ജേക്കബ് ബേത്തലിന്‍റെ പേരാട്ടം ആരാധക പ്രശംസ ഏറ്റുവാങ്ങി.

25
സഞ്ജു സൂപ്പര്‍ സാംസണ്‍

കരുത്തരായ ഇംഗ്ലണ്ടിനെതിരായ സെമിക്ക് ശേഷം സഞ്ജു സാംസണെ വാഴ്‌ത്തിപ്പാടുകയാണ് ക്രിക്കറ്റ് ലോകം. ഇംഗ്ലണ്ടിനെതിരെ ഓപ്പണറായി ഇറങ്ങിയ സഞ്ജു ഏറ്റവും മികച്ച ഇംഗ്ലീഷ് പേസറായ ജോഫ്ര ആര്‍ച്ചറെ കണക്കിന് ശിക്ഷിച്ചാണ് കുതിപ്പ് ആരംഭിച്ചത്. ആര്‍ച്ചര്‍ പന്തെടുത്തപ്പോഴൊന്നും സഞ്ജു കരുണ കാണിച്ചില്ല. ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ ആര്‍ച്ചര്‍ എറിഞ്ഞ മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ സഞ്ജു നല്‍കിയ ക്യാച്ച് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് നിലത്തിട്ടത് മാത്രമാണ് ഇതിനൊരു അപവാദം. എന്നാല്‍ തൊട്ടടുത്ത രണ്ടാം പന്തില്‍ തകര്‍പ്പന്‍ സിക്‌സര്‍ പായിച്ചാണ് ആര്‍ച്ചറിന് സഞ്ജു മറുപടി കൊടുത്തത്. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 14-ാം ഓവറിലെ ആദ്യ പന്തില്‍ സ്‌പിന്നര്‍ വില്‍ ജാക്‌സിനെ ബൗണ്ടറിക്ക് മുകളിലൂടെ പായിക്കാനുള്ള ശ്രമത്തിനിടെ സഞ്ജു അപ്രതീക്ഷിതമായി പുറത്താവുമ്പോള്‍ 89 റണ്‍സ് പേരിലാക്കിയിരുന്നു താരം. അതും 211.90 എന്ന അതിശയ സ്‌ട്രൈക്ക് റേറ്റില്‍. മത്സരം ഇന്ത്യ ഏഴ് റണ്‍സിന് ജയിപ്പോള്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സഞ്ജു സാംസണ്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടി.

35
ബും ബും ബുമ്ര

വാംഖഡെയിലെ രാത്രി സഞ്ജു തൂക്കിയെന്ന് മുന്‍ താരങ്ങളുള്‍പ്പടെ വാഴ്‌ത്തുമ്പോഴും മത്സരത്തില്‍ ടീം ഇന്ത്യക്ക് അദൃശ്യനായ മറ്റൊരു വിജയശില്‍പി കൂടിയുണ്ട്. ‘വണ്‍ ഇന്‍ എ ജനറേഷന്‍ പേസര്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജസ്‌പ്രീത് ബുമ്രയാണത്. മത്സര ശേഷം കളിയിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കവേ സഞ്ജു, ബുമ്രയുടെ ഇംപാക്‌റ്റിനെ കുറിച്ച് തുറന്നുപറയുകയും ചെയ്‌തു. ബുമ്ര ഇല്ലായിരുന്നെങ്കില്‍ ടീം ജയിക്കില്ലായിരുന്നെന്നും എനിക്ക് ഈ പുരസ‌്‌കാരവുമായി ഇവിടെ നില്‍ക്കാന്‍ കഴിയില്ലായിരുന്നുവെന്നുമാണ് സ‌ഞ്ജു സാംസണിന്‍റെ വാക്കുകള്‍. സൂപ്പര്‍ ഫോമില്‍ ജേക്കബ് ബേത്തലും സാം കറനും ക്രീസില്‍ നില്‍ക്കേ ഇംഗ്ലണ്ടിന് അവസാന 18 പന്തില്‍ 45 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ കളിയുടെ വിധി നിശ്ചയിച്ച 18-ാം ഓവറില്‍ ബുമ്ര വെറും ആറ് റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഇതില്‍ എണ്ണംപറഞ്ഞ നാല് യോര്‍ക്കറുകള്‍ ഇംഗ്ലീഷ് ബാറ്റര്‍മാര്‍ക്ക് നേരിടേണ്ടിവന്നു. മത്സരത്തിലാകെ നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി ഒരു വിക്കറ്റായിരുന്നു ബുമ്രയുടെ നേട്ടം.

45
അക്‌സറിന്‍റെ ക്യാച്ചുകള്‍

'ക്യാച്ചസ് വിന്‍ മാച്ച്‌സ്' എന്ന് പറയുന്നത് എത്ര സത്യം. അക്‌സര്‍ പട്ടേലിന്‍റെ എണ്ണം പറ‌ഞ്ഞ രണ്ട് ക്യാച്ചുകളും ഒരു ക്യാച്ചിലെ പങ്കാളിത്തവുമാണ് മത്സരം ടീം ഇന്ത്യയുടെ കൈപ്പിടിയിലൊതുങ്ങാന്‍ വഴിവെച്ച മറ്റൊരു കാര്യം. 254 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്‍റെ ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ പുറത്താക്കാന്‍ ഇന്നിംഗ്‌സിലെ രണ്ടാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ആദ്യ പന്തില്‍ അക്‌സര്‍ എടുത്ത ക്യാച്ചായിരുന്നു ഇതില്‍ ആദ്യത്തേത്. പാണ്ഡ്യയുടെ പന്ത് സാള്‍ട്ടിന്‍റെ ബാറ്റില്‍ തട്ടി ഔട്ട്‌സൈഡ് എഡ്‌ജായപ്പോള്‍ കൈപ്പിടിയിലൊതുക്കുകയായിരുന്നു അക്‌സര്‍. ഇന്നിംഗ്‌സിലെ അഞ്ചാം ഓവറില്‍ ബുമ്രയുടെ ആദ്യ പന്തില്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിനെ പുറത്താക്കാന്‍ അക്‌സര്‍ പട്ടേല്‍ പിന്നോട്ടോടി പറന്നെടുത്ത ക്യാച്ചായിരുന്നു രണ്ടാമത്തേത്. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നായി ഇത്. ഒറ്റയ്‌ക്ക് മത്സരം ജയിപ്പിക്കാന്‍ കെല്‍പ്പുള്ള ബ്രൂക്ക് വെറും ഏഴ് റണ്‍സില്‍ മടങ്ങിയത് ഇംഗ്ലണ്ടിന് പ്രഹരമായി. ഈ ലോകകപ്പില്‍ ഇംഗ്ലണ്ടിനായി ഏറ്റവും മികച്ച ഫോമിലുള്ള വില്‍ ജാക്‌സിനെ പുറത്താക്കാന്‍ ശിവം ദുബെയ്‌ക്കൊപ്പം പറക്കും ക്യാച്ചില്‍ അക്‌സര്‍ പങ്കാളിയാവുന്നതും ഇതിന് പുറമെ വാംഖഡെ കണ്ടു. അക്‌സറിന്‍റെ ടൈമിംഗും റിഫ്ലക്‌ഷനും ഒത്തുചേര്‍ന്ന ക്യാച്ചായിരുന്നു ഇത്.

55
തിലക് വര്‍മ്മ കാമിയോ

ഇക്കുറി ബാറ്റിംഗ് ക്രമത്തില്‍ ഏഴാമനായായിരുന്നു ക്രീസിലേക്ക് തിലക് വര്‍മ്മയുടെ വരവ്. അതും 18-ാം ഓവറില്‍. ട്രാക്കിലാവാന്‍ സമയമെടുക്കുന്നു എന്ന പഴി കേള്‍ക്കുന്ന തിലക് വര്‍മ്മയെ അല്ല ആരാധകര്‍ മുംബൈയില്‍ കണ്ടത്. 19-ാം ഓവറില്‍ ജോഫ്ര ആര്‍ച്ചറെ മൂന്ന് സിക്‌സറുകള്‍ക്ക് പായിച്ച് തിലക് വര്‍മ്മ ആളിക്കത്തി. ആര്‍ച്ചറെ തല്ലിത്തുടങ്ങിയത് സഞ്ജുവാണെങ്കില്‍ ആ അടി തീര്‍ത്തത് തിലക് ആയിരുന്നു. ഇതേ ഓവറിലെ അവസാന പന്തില്‍ ആര്‍ച്ചറുടെ 149 കിലോമീറ്റര്‍ വേഗത്തിലുള്ള പന്തില്‍ മടങ്ങിയെങ്കിലും അപ്പോഴേക്കും ഇന്ത്യ സ്വപ്‌ന സമാനമായ സ്കോറിലേക്ക് എത്തിയിരുന്നു. വെറും ഏഴ് പന്തുകള്‍ മാത്രം ക്രീസില്‍ നിന്ന തിലക് വര്‍മ്മ മൂന്ന് സിക്‌സറുകളുടെ അകമ്പടിയോടെ 21 റണ്‍സെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Photos on
click me!

Recommended Stories